Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ബാധിച്ച് അബോധാവസ്ഥയിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കി; ഒടുവില്‍ ജീവിതത്തിലേക്ക് 'റീ എന്‍ട്രി'

ചുരുങ്ങിയ സമയം കൊണ്ടാണ് മേഘന്റെ ആരോഗ്യനില വഷളായത്. ശ്വാസകോശത്തില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതിനിടെ കുഞ്ഞിനെ സിസേറിയന്‍ വഴി പുറത്തെടുക്കാമെന്നും മെഡിക്കല്‍ സംഘം തീരുമാനിച്ചു. എന്നാല്‍ ജീവനോടെ കുഞ്ഞിനെ ലഭിക്കുമെന്ന് ഒരുറപ്പുമുണ്ടായിരുന്നില്ല. ജീവനോടെ കിട്ടിയാല്‍പ്പോലും പിഞ്ചുകുഞ്ഞിന് രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അത് വീണ്ടും ജീവന് നേരെ ഭീഷണിയായി ഉയരുമെന്നും അവര്‍ ഭയന്നു

woman who gave birth to her child while on a ventilator has beaten covid 19
Author
Ohio, First Published Apr 27, 2020, 10:36 PM IST

ലോകരാജ്യങ്ങളെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് എന്ന മഹാമാരി പടര്‍ന്നുപിടിക്കുമ്പോഴും പ്രത്യാശ പകരാന്‍ ചില വാര്‍ത്തകളെങ്കിലും നമ്മെ തേടിയെത്തുന്നുണ്ട്. അത്തരമൊരു വാര്‍ത്തയാണ് യുഎസിലെ ഒഹിയോയില്‍ നിന്നും ഇന്നെത്തിയിരിക്കുന്നത്. 

കൊവിഡ് 19 ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ച രാജ്യമാണ് യു.എസ്. 55,000ത്തിലധികം പേര്‍ക്കാണ് യുഎസില്‍ കൊവിഡ് 19നെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ലക്ഷക്കണക്കിന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആശുപത്രികള്‍ രോഗികളെക്കൊണ്ടും മൃതദേഹങ്ങളെക്കൊണ്ടും നിറഞ്ഞുകവിഞ്ഞു. പൊലിഞ്ഞുപോയ ഓരോ ജീവന് പിന്നിലും എത്ര പേരുടെ കണ്ണീരും പ്രതീക്ഷാഭംഗയും നിരാശയുമുണ്ട്. അതിനിടെ ഒരാളെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നാല്‍ അത് വലിയ ആശ്വാസം തന്നെയാണ് നല്‍കുന്നത്. 

അങ്ങനെ രണ്ട് ജീവനുകളുടെ തിരിച്ചുവരവാണ് ഒഹിയോ ഇപ്പോള്‍ ആഘോഷമാക്കുന്നത്. തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഏഴ് മാസം ഗര്‍ഭം ധരിച്ചിരിക്കെയാണ് മേഘന്‍ സൈറ്റ്‌സ് എന്ന ഇരുപത്തിയേഴുകാരിക്ക് കൊവിഡ് 19 പിടിപെടുന്നത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് മേഘനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ തന്നെ കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 

ചുരുങ്ങിയ സമയം കൊണ്ടാണ് മേഘന്റെ ആരോഗ്യനില വഷളായത്. ശ്വാസകോശത്തില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതിനിടെ കുഞ്ഞിനെ സിസേറിയന്‍ വഴി പുറത്തെടുക്കാമെന്നും മെഡിക്കല്‍ സംഘം തീരുമാനിച്ചു. എന്നാല്‍ ജീവനോടെ കുഞ്ഞിനെ ലഭിക്കുമെന്ന് ഒരുറപ്പുമുണ്ടായിരുന്നില്ല. ജീവനോടെ കിട്ടിയാല്‍പ്പോലും പിഞ്ചുകുഞ്ഞിന് രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അത് വീണ്ടും ജീവന് നേരെ ഭീഷണിയായി ഉയരുമെന്നും അവര്‍ ഭയന്നു.

Also Read:- 'സഹപ്രവർത്തക ചോദിച്ചിട്ട് പോലും വെള്ളം കൊടുക്കാനായില്ല, നിസഹായത തോന്നി'; മലയാളി നഴ്സ് പറയുന്നു...

ഏതായാലും അബോധാവസ്ഥയിലിരിക്കെ തന്നെ മേഘന്റെ സിസേറിയന്‍ അവര്‍ നടത്തി. പ്രതീക്ഷിച്ചത് പോലെ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് 19 ടെസ്റ്റ് ഫലം വന്നപ്പോള്‍ നെഗറ്റീവ്. പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് പുറത്തെടുത്തതിന്റെ പ്രശ്‌നങ്ങളെ അതിജീവിച്ചാല്‍ കുഞ്ഞ് സുരക്ഷിതനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപ്പോഴും മേഘന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഒന്നും പറഞ്ഞില്ല. 

എന്നാല്‍ ഡോക്ടര്‍മാരെയും ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങള്‍ക്കകം മേഘന്‍ ജീവിതത്തിലേക്ക് തിരിച്ചുകയറി. 'മെഡിക്കല്‍ മിറാക്കിള്‍' എന്നാണ് മേഘന്റെ കേസിനെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. രോഗം പൂര്‍ണ്ണമായി ഭേദമായ മേഘനെ ആശുപത്രിയില്‍ നിന്ന് ആഘോഷമായാണ് ഇവര്‍ പറഞ്ഞുവിട്ടത്. കുഞ്ഞിനെ നാലാഴ്ചയ്ക്കകം എന്‍ഐസിയുവില്‍ നിന്ന് മാറ്റും. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും കുഞ്ഞിനുമില്ല. 

സിസേറിയന്‍ നടന്നതും കുഞ്ഞ് പിറന്നതുമെല്ലാം ബോധം തിരികെ കിട്ടിയ ശേഷമാണ് മേഘന്‍ അറിഞ്ഞത്. എല്ലാ നന്ദിയും ഡോക്ടര്‍മാര്‍ക്കും തന്നെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും മേഘന്‍ നേര്‍ന്നു. ക്ഷമയോടെയും സഹനത്തോടെയും തനിക്കും കുഞ്ഞിനും വേണ്ടി ആശുപത്രി മുറിക്ക് മുന്നില്‍ ആദ്യകുഞ്ഞിനൊപ്പം ദിവസങ്ങളോളം കാത്തുനിന്ന ഭര്‍ത്താവ് ഡോണിക്കും മേഘന്‍ നന്ദി പറയുന്നു.

Also Read:- കൊറോണ ബാധിതയായി കോമയിലായി; വെന്‍റിലേറ്ററില്‍ വച്ച് ജന്മം നല്‍കിയ കുഞ്ഞിനെ ആദ്യമായി കണ്ട് അമ്മ...

Follow Us:
Download App:
  • android
  • ios