സൗത്ത് വെയില്‍സിലെ സ്വാന്‍സീ എന്ന പട്ടണത്തിലെ ചെറിയൊരു കെബാബ് ഷോപ്പ്. കടയില്‍ അത്ര തിരക്കുള്ള സമയമായിരുന്നില്ല. പെട്ടെന്ന് ഗ്ലാസ് ഡോര്‍ തുറന്ന് സാമാന്യം വണ്ണമുള്ള ഒരു യുവാവ് കടയിലേക്ക് ഇടിച്ചുകയറി. അയാളുടെ കൈവശം നീണ്ട ഒരു കത്തിയും. 

കടയിലേക്ക് കയറിയ പാടെ യുവാവ്, ജീവനക്കാരനോട് ഉച്ചത്തില്‍ ബഹളം വച്ച് സംസാരിക്കാന്‍ തുടങ്ങി. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് അപ്പോള്‍ തന്നെ ജീവനക്കരന് മനസിലായി. തനിക്ക് ഒരു ബാഗ് ചിപ്‌സ് വേണമെന്നായിരുന്നു യുവാവ് ആവശ്യപ്പെട്ടത്. 

ചിപ്‌സിന്റെ കാശ് പറഞ്ഞപ്പോള്‍ അത് നല്‍കാനാകില്ലെന്നും, തനിക്ക് വേണ്ടത് 'ഫ്രീ ചിപ്‌സ്' ആണെന്നും പറഞ്ഞ യുവാവ്, പെട്ടെന്ന് തന്നെ കത്തി മേശയിലിടിച്ചും, ഉയര്‍ത്തിക്കാട്ടിയുമെല്ലാം ജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. 

ചിപ്‌സ് 'ഫ്രീ' ആയി തന്നില്ലെങ്കില്‍ തന്നെ വെട്ടിക്കളയുമെന്ന് ജീവനക്കാരനോട് ആക്രോശിച്ചു. എന്നാല്‍ ചിപ്‌സ് നല്‍കാന്‍ ജീവനക്കാരന്‍ കൂട്ടാക്കിയില്ല. അല്‍പസമയം കൂടി ബഹളം വച്ച ശേഷം താന്‍ തൊട്ടടുത്ത കടയില്‍ പോയിട്ട് വരാം, അപ്പോഴേക്ക് ചിപ്‌സ് 'റെഡി'യാക്കി വയ്ക്കണമെന്നും പറഞ്ഞ് യുവാവ് ഇറങ്ങിപ്പോയി.

ആ സമയം കൊണ്ട് ജീവനക്കാരന്‍ പൊലീസിന് ഫോണ്‍ ചെയ്തു. വൈകാതെ തന്നെ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. സ്വാന്‍സീ സ്വദേശി തന്നെയായിരുന്നു മാത്യൂ ഹോക്കിന്‍സ് എന്ന ആ പത്തൊമ്പതുകാരന്‍. മദ്യപിച്ചിരുന്നതായും പരിശോധനയില്‍ വ്യക്തമായി. ഇത് കൂടാതെ കടയിലെ സിസിടിവിയില്‍ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങളും സംഭവത്തെ സമര്‍ത്ഥിക്കുന്നതായിരുന്നു.

ഏതായാലും മദ്യപിച്ച്, അല്‍പനേരത്തെ രസത്തിനോ, ആവേശത്തിനോ വേണ്ട ചെയ്ത കുറ്റത്തിന് മാത്യൂവിനെ മൂന്ന് വര്‍ഷമാണ് കോടതി തടവിന് ശിക്ഷിച്ചിരിക്കുന്നത്. മുതിര്‍ന്നവരെ പാര്‍പ്പിക്കുന്ന ജയിലിന് പകരം, കൗമാരക്കാരെ ചട്ടം പഠിപ്പിക്കുന്ന 'ദുര്‍ഗുണ പരിഹാര പാഠശാല' പോലുള്ള കേന്ദ്രത്തിലാണ് തടവനുഭവിക്കേണ്ടത്. 

മാത്യൂ ചെയ്ത തെറ്റ് നിസാരമല്ലെന്നും, ഇത്തരം കുറ്റങ്ങളെ കണ്ടില്ലെന്ന് നടിച്ചാല്‍ ഭാവിയില്‍ ധാരാളം യുവാക്കള്‍ സമാനമായ കുറ്റങ്ങളിലേര്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. മാത്യൂവിന് നല്‍കിയ ശിക്ഷ മാതൃകാപരമാണെന്ന് കച്ചവടക്കാരും അഭിപ്രായപ്പെട്ടു. ചെറിയ ലാഭം മാത്രം ലക്ഷ്യമിട്ട് കച്ചവടം നടത്തുന്ന തങ്ങളെപ്പോലുള്ളവര്‍ക്ക് തെരുവില്‍ കാര്യമായ സുരക്ഷയൊന്നുമില്ലെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഉപജീവനം നടത്താനുള്ള വഴി പോലും മുന്നിലില്ലാതാകുമെന്നും അവരും പറയുന്നു.

Also Read:- 'ഹൈപ്പോതൈറോയിഡിസം'; ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാം...