Asianet News MalayalamAsianet News Malayalam

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം

ആധുനികാനന്തര മലയാള ചെറുകഥയിലെ ഏറ്റവും ശ്രദ്ധയനായ എഴുത്തുകാരന്‍ ഇ സന്തോഷ് കുമാറിന്റെ കഥ ഇന്ന് വാക്കുല്‍സവത്തില്‍

Literature festival Short story by E Santhosh Kumar
Author
Thiruvananthapuram, First Published Sep 25, 2019, 4:57 PM IST

കഥയുടെ വിത്ത് ഉള്ളില്‍ കുടുങ്ങിയൊരാള്‍ താന്‍ ജീവിക്കുന്ന ലോകവുമായി നടത്തുന്ന പലതരം വിനിമയങ്ങളാണ് ഇ സന്തോഷ് കുമാറിന്റെ രചനാലോകം. കഥയാണ് സഹജീവികളോട് സംസാരിക്കാനുള്ള അയാളുടെ ഭാഷ. ലോകം അയാള്‍ക്ക് പല അടരുകളുള്ള കഥകള്‍. മനുഷ്യരില്‍, മൃഗങ്ങളില്‍, പ്രകൃതിയില്‍ എല്ലാം കഥകള്‍  കാണുന്ന മനസ്സ്. ചുറ്റുപാടും ഗൂഢമായി കിടക്കുന്ന കഥകളെ ഒരു ശില്‍പ്പിയുടെ ചാതുരിയോടെ അയാള്‍ കൊത്തിയെടുക്കുന്നു. അനുനിമിഷം മാറുന്ന ലോകത്തെ കഥയുടെ ചൂണ്ടയിട്ടു പിടിക്കുന്നു. അപരജീവിതങ്ങള്‍ സൃഷ്ടിക്കുന്നു. അപര ലോകങ്ങളില്‍ അവ പ്രതിഷ്ഠിക്കുന്നു. അവ സഹജീവികളോട് അത് പങ്കിടുന്നു. 

വെറും കഥ പറച്ചിലല്ല അത്. അപാരമായ പ്രമേയ വൈവിധ്യമാണതിന്റെ വഴി. മൂര്‍ച്ചയേറിയ ഭാഷ. സവിശേഷ ഭാഷാപ്രയോഗങ്ങള്‍. ആഖ്യാനത്തിലെ സൂക്ഷ്മത. മനുഷ്യസ്‌നേഹത്തിന്റെ വിശാലതയില്‍നിന്നുരുവം ചെയ്ത രാഷ്ട്രീയ, ചരിത്ര ബോധ്യങ്ങള്‍. ഒപ്പം മൃഗങ്ങളുടെ പ്രകൃതിയുടെ, ആവാസ വ്യവസ്ഥകളുടെ ഇക്കോളജിക്കലായ കാഴ്ചപ്പാടുകള്‍. ഒരു ചലച്ചിത്രത്തിലെന്ന പോലെ വായനക്കാരെ നടത്തുന്ന ദൃശ്യപരത. ഒറ്റ നോട്ടത്തില്‍, തൃശൂരും പരിസരത്തുമുള്ള മനുഷ്യരുടെ ജീവിതങ്ങള്‍ നമുക്കാ കഥാലോകത്ത് കാണാം. എന്നാല്‍, പ്രാപഞ്ചികമായ ഒരനുഭവത്തിലേക്കാണ് അത് വളരുന്നത്. എഴുത്തിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് ആധുനികാനന്തര മലയാള ചെറുകഥയിലെ ഏറ്റവും ശ്രദ്ധയനായ എഴുത്തുകാരനായി ഇ സന്തോഷ് കുമാറിനെ മാറ്റുന്നത്. 

Literature festival Short story by E Santhosh Kumar


നാല്‍പതുകളുടെ തുടക്കത്തിലെപ്പോഴോ, കുന്ദംകുളത്തെ പുരാതന പ്രസാധകരായിരുന്ന ഇയ്യുണ്ണി അച്ചുകൂടം തങ്ങളുടെ പഴയ മരപ്രസ്സില്‍ അച്ചടിച്ച് കവലകളിലും, ആളുകള്‍ കൂടുന്ന പൂരം, പെരുന്നാള്‍, ജാഥ തുടങ്ങിയ ഉത്സവങ്ങളിലുമെല്ലാം കൊണ്ടുവെച്ചു വിറ്റിരുന്ന 'സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം'  എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള പഴയൊരു പരസ്യം എന്റെ സുഹൃത്തും 'ദൈവവചനം' ദ്വൈമാസികയിലെ സഹപത്രാധിപരുമായിരുന്ന ഫിലിപ്പ് അക്കരയാണ് ആദ്യം കണ്ടത്.  അപ്പോള്‍ത്തന്നെ, ഞാന്‍ കേള്‍ക്കുവാനായി അയാള്‍ അത് ഉറക്കെ വായിച്ചു. കേള്‍ക്കുമ്പോള്‍ സാധാരണമെന്നു കരുതാവുന്ന രണ്ടു വാക്കുകള്‍ യോജിച്ച് വൈദ്യുതി പ്രസരിക്കുന്നതുപോലെയായിരുന്നു.  സങ്കടമോചനമോ, കൈപ്പുസ്തകമോ വേറിട്ടുള്ള നിലനില്പില്‍ എന്നെ ആകര്‍ഷിക്കുമായിരുന്നില്ല.  എന്നാല്‍ ആ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍, കാലം കഥകളിലെ പഴയ 'കുളമ്പടിയൊച്ച'യുമായി ഏറെ പിന്നിലേക്കു സഞ്ചരിക്കുകയാണെന്നു തോന്നിച്ചു. പഴക്കമായിരുന്നു ഞാന്‍ തേടിക്കൊണ്ടിരുന്നതും.  പുതിയ നൂറ്റാണ്ടിലെ സാഹിത്യത്തെ നേരിയാന്‍ ശേഷിയില്ലാതിരുന്നതു കൊണ്ടാവാം, എന്നിലെ വായനക്കാരന്‍ മരിച്ചിരുന്നു.  ക്രമേണ പുതിയതു മാത്രമല്ല, പഴയ സാഹിത്യവും ഞാന്‍ മറന്നു. എങ്കിലും ആദ്യകാലം മുതല്‍ ബൈന്റു ചെയ്തു വച്ചിരുന്ന പുസ്തകങ്ങളുടേയും ആഴ്ചപ്പതിപ്പുകളുടേയും ഒരു ശേഖരം എനിക്കുണ്ടായിരുന്നു. അവയെല്ലാം ഒരന്ധനെപ്പോലെ ഞാന്‍ തൊട്ടു നോക്കും. ഗന്ധം പിടിക്കും. പഴയ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുകയും ശേഖരിക്കുകയും എന്റെ ആഹ്ലാദകരമായ ജോലിയായിത്തീര്‍ന്നു.

ഈയൊരു താല്‍പര്യമായിരുന്നു, സത്യത്തില്‍ എനിക്കും ഫിലിപ്പിനും യോജിക്കാവുന്ന മേഖല. ഫിലിപ്പ്, പക്ഷേ, വേദപുസ്തകങ്ങളുടെ  പഴയ പതിപ്പുകള്‍ മാത്രം ശേഖരിച്ചു.  അങ്ങനെയിരിക്കെ, ഏതോ കാലനിര്‍ണയത്തിനായി എന്റെ വശമുള്ള ആഴ്ചപ്പതിപ്പുകള്‍ പരതുമ്പോഴാണ് ഫിലിപ്പ് ആ പരസ്യം കണ്ടത്. കവി ശ്രേഷ്ഠന്‍ സി. കെ ഇയ്യുണ്ണി രചിച്ച 'സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം' വായിക്കുക എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. പരസ്യത്തിലേറെ അതൊരു ആഹ്വാനമാണെന്നു തോന്നും. 'അനുകരണങ്ങളില്‍ വഞ്ചിതരാകാതിരിക്കുക' എന്നൊരു മുന്നറിയിപ്പും. പ്രസാധകര്‍ ഇയ്യുണ്ണി അച്ചുകൂടം തന്നെയാണ്. വില കാണിച്ചിരുന്നില്ല.

പാതിരിമലയാളത്തില്‍  എഴുതപ്പെട്ടിരിക്കാവുന്ന ഈ ഗ്രന്ഥത്തില്‍ ഫിലിപ്പിനു താല്‍പര്യമുണ്ട്.  പ്രായം കൊണ്ട് മഞ്ഞ ബാധിച്ചിരിക്കാന്‍ സാധ്യതയുള്ള ആ താളുകള്‍ തൊട്ടു നോക്കണമെന്ന ഒരാഗ്രഹം വൃദ്ധകാമം പോലെ എന്നെയും ചലിപ്പിച്ചു. കുന്ദംകുളത്തോ, തൃശ്ശൂരോ ഇയ്യുണ്ണി അച്ചുകൂടം തേടിയുള്ള ഞങ്ങളുടെ അന്വേഷണം വിഫലമായിരുന്നു. അല്ലെങ്കില്‍ത്തന്നെ ഏതൊരു പ്രസാധകനാണ് ഇക്കാലത്ത് ഈയൊരു പേരില്‍ പ്രവര്‍ത്തിക്കുക ? ഒന്നുകില്‍ ആ പ്രസാധകശാലയും, അതിന്റെ സാഹിത്യവും നാടുനീങ്ങിക്കാണണം. അല്ലെങ്കില്‍ പുതിയൊരു പേരില്‍, പുതിയ രീതിയില്‍ അതിപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടാവണം.

ആ ഊഹം ശരിയായിരുന്നു. എറണാകുളത്തുള്ള 'മോഡേണ്‍ പബ്ലിഷേഴ്‌സിന്റെ' വേരുകള്‍ പഴയ ഇയ്യുണ്ണി അച്ചുകൂടത്തിലാണെന്ന് ഞങ്ങള്‍ കണ്ടെത്തി. പുസ്തകത്തിന്റെ ഒരു പ്രതി കിട്ടിയാല്‍ പഴയ പല പുസ്തകങ്ങളും ചേര്‍ത്ത് ഒരു പ്രദര്‍ശനം സംഘടിപ്പിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു.  മോഡേണ്‍ പ്രസ്സിന്റെ ഇപ്പോഴത്തെ ഉടമ നഗരത്തിലെ ഒരു വ്യവസായ പ്രമുഖനാണ്.  മാതൃകാവ്യവസായി എന്ന നിലയില്‍ പല തവണ അയാള്‍ വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കേട്ടു.

ആ നിലയ്ക്കുള്ള അന്വേഷണവും പക്ഷേ, ഫലപ്രദമായില്ല. മോഡേണ്‍ ബുക്‌സിന്റെ ശീതീകരിച്ച മുറിയിലിരിക്കുമ്പോള്‍ അത്തരത്തിലൊരു പഴയ പുസ്തകത്തേക്കുറിച്ചു തിരക്കുക എന്നതു തന്നെ ഞങ്ങളില്‍ അപകര്‍ഷതാ ബോധമുണ്ടാക്കി. ചരിത്രത്തില്‍ തനിക്കു താല്പര്യമൊന്നുമില്ലെന്ന് ഉടമ സൂചിപ്പിച്ചു. അതുകൊണ്ടു തന്നെ ഇയ്യുണ്ണി അച്ചുകൂടം പ്രസിദ്ധം ചെയ്ത കൃതികള്‍ സൂക്ഷിക്കാനൊന്നും മിനക്കെട്ടില്ല. അതൊക്കെ പഴയ പുസ്തകങ്ങള്‍ തൂക്കി വില്ക്കുന്ന ആരുടെയെങ്കിലും കൈവശം കണ്ടേക്കുമെന്നും അയാള്‍ ലാഘവത്തോടെ പറഞ്ഞു.  മോഡേണ്‍ പ്രസ്സിനേയും അതിന്റെ ഉടമയേയും കുറിച്ച് ഫിലിപ്പ് അക്കര ചിലതെല്ലാം എഴുതിയെടുത്തു.  'ദൈവവചനം' ദ്വൈമാസികയുടെ അടുത്ത ലക്കത്തില്‍ 'വിശ്വാസവും വ്യവസായവും' എന്ന വിഷയത്തോടു ചേര്‍ത്താണ് ഫിലിപ്പ് ലേഖനമെഴുതുന്നത്. മോഡേണ്‍ ബുക്‌സിന്റെ പുത്തന്‍ സാഹിത്യം അതിന്റെ ഗന്ധം കൊണ്ട് കുറച്ചു നേരത്തേക്ക് ഞങ്ങളെ അലോസരപ്പെടുത്തി എന്നു മാത്രം.

ഒന്നുരണ്ടു മാസങ്ങള്‍  കഴിഞ്ഞു. തെരുവില്‍ നിരത്തിവച്ചിരിക്കുന്ന പുസ്തകങ്ങളുടെ വ്യാജപ്പതിപ്പുകള്‍ക്കിടയില്‍ ഈ കൈപ്പുസ്തകം ഒരു തെറ്റു പോലെയെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ടോയെന്നു തിരക്കിക്കൊണ്ട് ഞാന്‍ സായാഹ്നങ്ങളില്‍ നഗരം ചുറ്റും. നഗരത്തിന്റെ വായനശാലയില്‍, ആക്രമിക്കപ്പെട്ടതെന്ന് തോന്നുന്ന തരത്തില്‍ പുസ്തകങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടപ്പായിരുന്നു.  പല തവണ ശ്രമിച്ചിട്ടും അത്തരമൊരു ഗ്രന്ഥം ആ അരാജകകേന്ദ്രത്തില്‍ നിന്നും കണ്ടെത്താനായില്ല. അതിനിടയില്‍ ഫിലിപ്പിന്റെ ലേഖനം വന്നു. 'അക്ഷരലോകത്തെ കര്‍മ്മയോഗി' എന്നു മോഡേണ്‍ ബുക്‌സിന്റെ ഉടമ വിശേഷിക്കപ്പെട്ടു. വിവരണങ്ങള്‍ക്കിടയില്‍ ഇയ്യുണ്ണി അച്ചുകൂടത്തേയും അവരുടെ ആദ്യകൃതിയായ 'സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകത്തേയും' കുറിച്ചുള്ള സൂചനകള്‍, ഇയ്യുണ്ണി എന്ന കവിയെപ്പറ്റിയുള്ള ചെറിയ വിവരണം.

'അങ്ങനെ ഒന്നുണ്ടായിരുന്നു', ലൈബ്രേറിയന്‍ ഓര്‍മ്മിച്ചു. 'പണ്ടാണ്. കണ്ട ഓര്‍മ്മയേ എനിക്കുള്ളൂ. ' അതൊരു പ്രണയ കാവ്യമാണെന്നുകൂടി അയാള്‍ ഓര്‍ക്കുന്നുണ്ട്.

(അങ്ങനെയാണെങ്കില്‍ എന്തൊരു പേര് !)

'നിങ്ങള്‍ മോഡേണ്‍ ബുക്‌സില്‍ ചോദിച്ചോ? ' അയാള്‍ തിരക്കി.

'അവരുടെയടുത്തില്ല'

'ഞാന്‍ അതു വായിച്ചിട്ടില്ല.' എന്തോ മറിച്ചു നോക്കിക്കൊണ്ട് ലൈബ്രേറിയന്‍ പറഞ്ഞു. ' ഇതാ ഒരു വിലാസം. പാപ്പു എന്നാണ് പേര്. റീഡര്‍ പാപ്പു എന്നു പറയും. ഇയ്യുണ്ണി അച്ചുകൂടത്തിന്റെ പഴയ പ്രൂഫ് റീഡറായിരുന്നു. ജീവിച്ചിരിപ്പുണ്ട്. ' അയാള്‍ വിലാസം പറഞ്ഞു തന്നു. 'അയാളുടെയടുത്തു കാണുമോ എന്നുറപ്പില്ല. ഉണ്ടാവാന്‍ സാധ്യത കുറവാണ്.'  ലൈബ്രേറിയന്‍ തുടര്‍ന്നു: 'കുറേക്കാലമായി അത് പുറത്തിറങ്ങുന്നുമില്ല.'

പ്രൂഫ് റീഡര്‍മാര്‍ നല്ല വായനക്കാരാവണമെന്നില്ല. അവര്‍ ഒരക്ഷരം, ഒരു വാക്ക്, ഏറിയാല്‍ ഒരു വാക്യം - ഈ അതിര്‍ത്തികള്‍ വിട്ടുപോകാറില്ല. ഒത്തുചേരുന്ന ആശയങ്ങളുടേയും കഥകളുടേയുമെല്ലാം വനഭംഗി കാണാതെ ഒറ്റമരങ്ങളില്‍ അവയുടെ ദര്‍ശനം നിലയ്ക്കുന്നു. അവയുടെ വൈകല്യങ്ങള്‍, തിരുത്തുകള്‍ അത്ര മാത്രം -അവരുടെ ലോകം തീര്‍ന്നു.

കൈപ്പുസ്തകം ഒരു പ്രണയകാവ്യമാണെന്നുള്ള അറിവ് വൈദിക സാഹിത്യതല്‍പരനായിരുന്ന ഫിലിപ്പ് അക്കരയില്‍ നടുക്കമുണ്ടാക്കിയിരിക്കണം. പ്രണയത്തേപ്പോലെ പ്രണയസാഹിത്യവും അനാവശ്യമാണെന്ന് ഫിലിപ്പ് അക്കര ആത്മാര്‍ത്ഥമായി വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഫ്രൂഫ് റീഡറെ അന്വേഷിച്ചുള്ള യാത്രയ്ക്ക് അയാള്‍ ഒരുക്കമായിരുന്നില്ല.

അന്നു രാത്രി കൈപ്പുസ്തകത്തെക്കുറിച്ചുള്ള പരസ്യം ഞാന്‍ വീണ്ടും വായിച്ചു. അക്കാലങ്ങളില്‍ അതു പല ആഴ്ചകളായി തുടര്‍ന്നു പോരുന്നുണ്ടായിരുന്നു. എത്രനാള്‍ വരെ അതിന്റെ പ്രചാരണം ഉണ്ടായിരുന്നുവെന്ന് നോക്കിക്കൊണ്ട് എന്റെ ആ പരിശോധന നീണ്ടു. നിര്‍ഭാഗ്യവശാല്‍, ഇടയ്ക്കു വച്ച്  പല ആഴ്ചപ്പതിപ്പുകളും നഷ്ടപ്പെട്ടിരുന്നു. പിന്നീടുവന്ന പതിപ്പുകളിലാവട്ടെ, അതിനേക്കുറിച്ചുള്ള സൂചനയൊന്നും കണ്ടതുമില്ല.

 

..............................................................................

പഴക്കമായിരുന്നു ഞാന്‍ തേടിക്കൊണ്ടിരുന്നതും.  പുതിയ നൂറ്റാണ്ടിലെ സാഹിത്യത്തെ നേരിയാന്‍ ശേഷിയില്ലാതിരുന്നതു കൊണ്ടാവാം, എന്നിലെ വായനക്കാരന്‍ മരിച്ചിരുന്നു.

Literature festival Short story by E Santhosh Kumar

 

പിറ്റേന്ന് പ്രൂഫ് റീഡറെ കണ്ടുപിടിക്കാനായി ഞാന്‍ അയാളുടെ താമസസ്ഥലത്തേക്കു തിരിച്ചു. ലൈബ്രേറിയന്‍ തന്ന വിലാസം ഏറെക്കുറെ വ്യക്തമാണ്. നഗരത്തില്‍ നിന്നും അത്ര അകലെയല്ലാത്ത, എന്നാല്‍ തിരക്കു കുറഞ്ഞ പ്രദേശത്തെ ഒരു വീടിന്റെ മുകള്‍ഭാഗത്താണ്  അയാള്‍ താമസിച്ചിരുന്നത്.

ഒരു പക്ഷേ, അയാളെ അന്വേഷിച്ചു വരുന്ന ആദ്യത്തെ അപരിചിതന്‍ ഞാനായിരിക്കുമോ? 'എന്നെത്തന്നെയാണോ?' എന്ന് അയാള്‍ പലതവണ സംശയം തീര്‍ക്കുകയുണ്ടായി. പ്രായം വളരെയേറെ തോന്നിച്ചിരുന്ന ആ മനുഷ്യന്‍ എന്റെ ചോദ്യവും പ്രതീക്ഷിച്ച് ചാരുകസേരയില്‍ കിടന്നു. ഞാന്‍ ആലോചിച്ചു. പരിചയപ്പെടുത്താന്‍ ഒന്നുമില്ല. എന്താണ് ഒരു തുടക്കത്തിനായി ഞങ്ങള്‍ക്കിടയിലുള്ളത്? ഞാന്‍ 'സങ്കടമോചനത്തിനുള്ള കൈപ്പുസ്തകത്തേ'ക്കുറിച്ചു തന്നെ ചോദിച്ചു.

അയാള്‍ ചിരിച്ചു. 'അത്ഭുതമായിരിക്കുന്നു. ഇക്കാലത്തും അതിനേപ്പറ്റി ചോദിക്കുക. നിങ്ങള്‍ക്കറിയാമോ, ഈയിടെ 'ദൈവവചനം'  എന്ന മാസികയിലും ഞാനതു കണ്ടു. പ്രാര്‍ത്ഥനയ്ക്കുള്ള മാസികയിലാണ് പ്രേമകവിതയുടെ പരാമര്‍ശം.'

'ആ ലേഖനം എന്റെ സുഹൃത്ത് എഴുതിയതാണ്'

'ഉവ്വോ? ' അയാള്‍ ഒന്നുകൂടി ചിരിച്ചുകൊണ്ട് തുടര്‍ന്നു. 'എങ്കില്‍ അതില്‍ ഒന്നു രണ്ടു തെറ്റുകളുണ്ടെന്ന് സുഹൃത്തിനോടു പറയണം.'

ഞാന്‍ വൃദ്ധനെ നോക്കിയിരുന്നു.

'ഒന്നാമത്, ഇയ്യുണ്ണി അച്ചുകൂടം ഇറക്കിയ ആദ്യത്തെ  പുസ്തകമാണെന്ന ധാരണ. അതിനു മുമ്പ് എത്രയോ പുസ്തകങ്ങളിറങ്ങിയിരുന്നു.'

'അതൊരു അച്ചടിപ്പിശകാവാം.' ഞാന്‍ വെറുതെ പറഞ്ഞു.

'അച്ചടിപ്പിശകുകള്‍!' അയാള്‍ കുറച്ചിട ആലോചിച്ചു.  'എന്തോ, ആ പുസ്തകത്തിനും അച്ചടിപ്പിശകുകളുടെ ചരിത്രമാണ്.'

ഈ മനുഷ്യന് അതിനെക്കുറിച്ച് അറിവുണ്ടെന്നു തോന്നുന്നു.

'പിന്നെ,'  അയാള്‍ എന്നെ നോക്കി, ' ലേഖനത്തില്‍ സങ്കടമോചനത്തിനുള്ള കൈപ്പുസ്തകം ഇയ്യുണ്ണി രചിച്ചതാണ് എന്നല്ലേ?'

'അതേ, പരസ്യത്തിലും അങ്ങനെയാണല്ലോ'.

'പരസ്യങ്ങള്‍,' പാപ്പു ആലോചിച്ചു. 'പരസ്യങ്ങളില്‍ മാത്രമല്ല, പല പതിപ്പുകളിലും ഇയ്യുണ്ണിയുടെ പേരാണ്. പക്ഷേ, ഇയ്യുണ്ണിയല്ല അതെഴുതിയത്.'

പിന്നെ ആരാണ് അതിന്റെ കര്‍ത്താവ് ? ഒരു പ്രേമകഥ മറ്റൊരാളുടെ പേരില്‍ പുറത്തിറങ്ങിയെന്നുള്ളത് വിശ്വസിക്കാനാവുന്നില്ലെന്ന് ഞാന്‍ പാപ്പുവിനോടു പറഞ്ഞു.

'വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.' പാപ്പു എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പതുക്കെപ്പറഞ്ഞു.' എന്നാല്‍ അതാണു സത്യം. ഇയ്യുണ്ണി ഒരു നിരക്ഷരനായിരുന്നു. '

കാര്യങ്ങള്‍ കുറേക്കൂടി അവ്യക്തമാവുകയാണ്.  കൈപ്പുസ്തകത്തിനുമേല്‍ ആരോ നിഗൂഢതയുടെ ഞൊറിവുകള്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്.

***

'വലിയ അമ്പലങ്ങള്‍, പള്ളികള്‍, ഗോപുരങ്ങള്‍, പാലം, കെട്ടിടം, പ്രസ്ഥാനങ്ങള്‍,' അല്പനേരം ആലോചിച്ചുകൊണ്ട് പാപ്പു പറഞ്ഞു.  ' എന്നു വേണ്ട, ഏതിന്റേയും ഉറപ്പിനു പിന്നില്‍ ഒരു നരബലിയുടെ ചരിത്രം കാണും.'

അയാള്‍ ഒരു കഥ പറയാന്‍ പോകുന്നതു പോലുണ്ടായിരുന്നു.

'മോഡേണ്‍ ബുക്‌സിനു പിന്നിലും അതുണ്ട്.' അയാള്‍ ഒന്നിളകിയിരുന്നു.

'ചമരു', പാപ്പു ആ പേര് ദൈവനാമമെന്നതു പോലെ ഉച്ചരിച്ചു. 'തേലക്കര ചമരു, അതായിരുന്നു അയാളുടെ പേര്. മുട്ടിറങ്ങാത്ത മുണ്ടും മുഷിഞ്ഞ കുപ്പായവും ധരിച്ച കുറ്റിത്താടിയുള്ള ഒരു കറുത്ത, കുറിയ മനുഷ്യന്‍. തല നരച്ചിരുന്നു. കണ്ടാല്‍ വലിയ പ്രായം തോന്നും, പക്ഷേ, ചെറുപ്പമായിരുന്നു. 'കുറേ നേരം പാപ്പു നിശ്ശബ്ദനായിരുന്നു. വീട്ടിനുള്ളില്‍ ഞങ്ങളെക്കൂടാതെ മറ്റാരുമില്ലെന്നു തോന്നുന്നു. പാപ്പുവിന്റെ ചെറിയ സ്വരത്തിനു പോലും വലിയ മുഴക്കം. ജനാലകളില്‍ പിടിപ്പിച്ചിരുന്ന മുഷിഞ്ഞ കര്‍ട്ടനുകള്‍ നേര്‍ത്ത കാറ്റില്‍ ഇളകിയാടി.

'ഓരോ വാക്കു പറയുമ്പോഴും ചമരു ചുമയ്ക്കും. ക്ഷയമായിരുന്നു. അക്കാലത്ത് അതൊരു മാറാരോഗമാണ്.  ഏതോ ചില കള്ളക്കേസുകളില്‍ കുടുങ്ങി ജയിലില്‍ ഇടികൊണ്ടു കിടന്നതിന്റെ  ഫലമായിരുന്നു ഈ ക്ഷയം.'

'അന്നൊരു ദിവസം ഉച്ച സമയത്ത് ഒരു കെട്ടു കടലാസ്സുമായി ഈ ചമരു ഇയ്യുണ്ണി അച്ചുകൂടത്തില്‍ കയറി വന്നു. ഞാനന്ന് തീരെ ചെറുപ്പമാണ്. പ്രസ്സില്‍ അധികം കാലമായിട്ടില്ല.  പഠിപ്പു കുറവാണെങ്കിലും അക്ഷരങ്ങളറിയാം. ശകലം വായനയും. വീട്ടില്‍ ബുദ്ധിമുട്ടുണ്ട്. ഇയ്യുണ്ണി മാപ്ല എന്തങ്കിലും തരും. അതിനു മാത്രം മെച്ചത്തിലല്ല പ്രസ്സും. ചില പുരാണഗ്രന്ഥങ്ങളൊക്കെ വിറ്റു പോകും എന്നു മാത്രം.'

'ചമരു ഒരു കവിത എഴുതിക്കൊണ്ടുവന്നിരിക്കുകയാണ്. സാധനം അച്ചടിക്കാന്‍ പറ്റുമോ എന്നറിയാന്‍. ചോദിക്കാനും ധൈര്യം കുറവ്.  ആജാനുബാഹുവായ ഇയ്യുണ്ണി ചമരുവിനെ ഒന്നു നോക്കി 'പിന്നെ വാ' എന്നു പറഞ്ഞു. സത്യത്തില്‍ കവിത എന്നു കേട്ടാല്‍ അയാള്‍ക്കു കലി വരും. പക്ഷെ, ആയിടയ്ക്ക് രമണന്‍ നന്നായി വിറ്റു പോകുന്നുണ്ടെന്ന്  അയാള്‍ കേട്ടിരുന്നു. ഒരല്പം അശ്ലീലവും മേമ്പൊടിയുമൊക്കെയുള്ള സാഹിത്യത്തോടാണ് ഇയ്യുണ്ണിയുടെ ചായ്‌വ്.  അതും വായിക്കാനൊന്നുമല്ല. വിറ്റു പോകും എന്ന തോന്നല്‍. കവിത എന്നെയാണ് ഏല്‍പിച്ചത്.  രാത്രിയില്‍ പ്രൂഫ് വായിക്കുന്നതു പോലെത്തന്നെ വരി വിടാതെ ഞാനതു സൂക്ഷിച്ചു വായിച്ചു. വാസ്തവം പറഞ്ഞാല്‍ എന്റെ കണ്ണു നിറഞ്ഞു. അത്രസങ്കടകരമായിരുന്നു അതിലെ ഇതിവൃത്തം. ഇത്രയും സുന്ദരമായൊരു കാവ്യം ഈ വിരൂപനായ മനുഷ്യനെക്കൊണ്ടെഴുതിച്ചതില്‍ എനിക്കു ദൈവത്തോടുള്ള മതിപ്പു വര്‍ദ്ധിച്ചു. ആപുസ്തകം ദു:ഖങ്ങള്‍ക്കുള്ള നിവാരണമാര്‍ഗം പോലുമായിരുന്നു. സങ്കടങ്ങള്‍ കൊണ്ടു തന്നെയുള്ള ഒരു സ്‌നാനം.'

പിറ്റേന്ന് ഞാന്‍ ഇയ്യുണ്ണിയോടു പറഞ്ഞു. 'ഇയ്യുണ്ണ്യാപ്ലേ, ഇതച്ചടിക്കണം. രമണനേക്കാളും നന്നായി വില്ക്കും.'

ഇയ്യുണ്ണി  ഒന്നു രണ്ടു ജീവനക്കാരേക്കൂടി കാണിച്ചു. സംഗതി ചെലവാകുമെന്നു തോന്നിയപ്പോള്‍ കയ്യെഴുത്തു പ്രതിയെടുത്ത് കവിതയുടെ ഭാരം അളക്കുന്നതുപോലെ പറഞ്ഞു. 'ഒരമ്പതു പേജു വരും. '

മറ്റൊരുച്ച. ചമരു വീണ്ടും വന്നു. 'ചമര്വോ, നിന്റെ കവിത തരക്കേടില്ല. അച്ചടിക്കാന്‍ നോക്കാം. വല്യ കാശൊന്നും പ്രതീക്ഷിക്കണ്ട. തയ്യാറാണെങ്കില് ഒരു കരാറെഴുതാം. ഒരു മന'സമാധാനത്തിന്. ചെറിയൊരു കാശ് ഞാന്‍ തരും. ആലോചിച്ചു തീരുമാനിക്ക്.'

ചമരുവിന് ആലോചിക്കാനൊന്നുമില്ല. അയാള്‍ക്ക് സന്തോഷം കൊണ്ട് കരച്ചില്‍ വരുമോയെന്നു ഞാന്‍ സംശയിച്ചു. കരാര്‍ പിറ്റേന്നു തന്നെ ഒപ്പിട്ടു.  ഒന്നുമെഴുതാത്ത ഒരു മുദ്രപത്രം. താഴെ ചമരുവിന്റെ ഒപ്പ്. ഒപ്പുകളില്‍ വലിയ വിശ്വാസം തോന്നാത്തതു കൊണ്ടാവാം, ഇയ്യുണ്ണി ചമരുവിന്റെ വിരലടയാളവും വെയ്പിച്ചു.

 

..............................................................................

നോവലുകള്‍ അങ്ങനെയാണ്: 'എല്ലാം കാലേക്കൂട്ടി പ്രവചിക്കും. ജീവിതം അവയുടെ ഛായ മാത്രമാണെന്നു തോന്നാറുണ്ട്.'

Literature festival Short story by E Santhosh Kumar

 

ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ പുസ്തകം തയ്യാറായി. നല്ല അച്ചടിയോ കടലാസ്സോ ഒന്നുമല്ല. ഒരു പുസ്തകം എന്നു പറയാമെന്നു മാത്രം.  പുസ്തകം ആയോ എന്നറിയാന്‍ ചമരു പല തവണ വന്നിരുന്നു. തയ്യാറായ പുസ്തകത്തിന്റെ താളുകള്‍ മറിച്ചുകൊണ്ട് അയാള്‍ അഭിമാനത്തോടെ നില്ക്കുന്ന രംഗം ഞാനോര്‍ക്കുന്നുണ്ട്.

-പിന്നെപ്പിന്നെ ആമുഖത്തെ സന്തോഷം ഇല്ലാതായി.

'എന്താ ചമര്വോ? എങ്ങനീണ്ട്?' ഇയ്യുണ്ണി ചോദിച്ചു.
'ഒരു കാര്യം വിട്ടു പോയി.' ചമരു പറഞ്ഞു.
'എന്താദ്? '
'എന്റെ പോരില്ല്യ.'

ഇയ്യുണ്ണി പുസ്തകം വാങ്ങി തിരിച്ചും മറിച്ചും ചിത്ര പാഠം പോലെ പരിശോധിച്ചു. അവിശ്വാസത്തോടെ എന്റെ നേരെ നോക്കി.

'പേരു വിട്ടു പോയി. ഞാന്‍ കുറ്റ ബോധത്തോടെ പറഞ്ഞു. ഇയ്യുണ്ണി എന്നെ പിരിച്ചുവിടുമെന്ന് ഞാന്‍ പേടിച്ചു.

'ആട്ടെ.' കുറച്ചു നേരത്തിനു ശേഷം ഇയ്യുണ്ണി ചമരുവിനോടു സമാധാനം പറഞ്ഞു: 'ഇമ്മക്ക് അതെഴുതിച്ചേര്‍ക്കാം. അല്ലെങ്കില് വില്‍ക്കുമ്പോ ഞങ്ങള് പറഞ്ഞോളാം.  ചമരു ഇപ്പ പൊയേ്ക്കാ.'

കിട്ടിയ ചെറിയ തുകയുമായി ചമരു മടങ്ങി. ആ ചുമകള്‍ മാത്രം അച്ചുകൂടത്തിന്റെ ശബ്ദങ്ങള്‍ക്കിടയ്ക്ക് തങ്ങി നില്ക്കുന്നതു പോലെ.  വില്‍പനയുടെ സമയത്തും ചമരുവിന്റെ പേര് ഉപേക്ഷിക്കപ്പെട്ടു. വില്‍പന നന്നായി നടന്നു. ഒരു പതിപ്പു കൂടി വന്നു. അവിടെ നിന്നാണ് കാര്യങ്ങള്‍ തുടങ്ങുന്നത്. അതില്‍ ചമരുവിന്റെ പേരു വേണ്ടെന്നു തന്നെ  ഇയ്യുണ്ണി ചട്ടം കെട്ടി.

'ഇപ്പ വിറ്റു പോണ്ട്. ഇനി ആ പേരും വച്ചോണ്ട്  വഴി മൊടക്കണ്ട.' 

ഗ്രന്ഥകര്‍ത്താവിന്റെ പേരിലും മറ്റും ഇയ്യുണ്ണി വിശ്വസിച്ചു തുടങ്ങിയിരുന്നില്ല.  ചമരു ഒരപശകുനമായേക്കുമെന്ന് അയാള്‍ പേടിച്ചിരിക്കണം.  അന്നൊക്കെ ശകുനങ്ങളില്‍ വിശ്വസിക്കാത്ത ആരുമില്ല. തന്നെയുമല്ല, ഇയ്യുണ്ണി അച്ചുകൂടത്തിലെ പതിവുകാരായിരുന്ന ചില മലയാളം മുന്‍ഷിമാരും കാവ്യ നിരൂപകരും  ഈ കൃതിയെ പ്രശംസിച്ചു. ഇയ്യുണ്ണി കേള്‍ക്കെത്തന്നെയായിരുന്നു സ്തുതി. ഇതിന്റെ പിന്നില്‍ ഇയ്യുണ്ണി തന്നെയല്ലേയെന്ന് കാവ്യ നിരൂപകര്‍ സംശയം പ്രകടിപ്പിക്കുകയും. ഇയ്യുണ്ണി അതില്‍ വീണു. ഒരു പുഞ്ചിരിയോടെ, മറുപടി പറയാതെ എല്ലാം കേട്ടിരുന്നു.  അതാണ് അയാളുടെ തന്ത്രം. ഒന്നും അറിയില്ലെന്ന് ആരോടും സമ്മതിക്കില്ല. ഒരു പുഞ്ചിരിയില്‍ ഒരു ലോകം തന്നെ ഒളിപ്പിക്കും എന്നു പറയാറില്ലേ?

മൂന്നാമത്തെ പതിപ്പില്‍ ഗ്രന്ഥകര്‍ത്താവ് മറ നീക്കി വന്നു. കവിശ്രേഷ്ഠന്‍ സി.കെ. ഇയ്യുണ്ണി.

ചമരു ഓടിപ്പിടഞ്ഞ് പ്രസ്സില്‍ കയറി വന്നു. നിര്‍ത്താതെ ചുമച്ചു.

'കൊരയ്ക്കാണ്ട് കാര്യം പറയ് നീയ്യ്.' ഇയ്യുണ്ണി ആവശ്യപ്പെട്ടു.

'കൊലച്ചത്യായി ഇയ്യുണ്ണ്യാപ്ലേ.' ചമരു വീണ്ടും ചുമച്ചു.

'നെനക്കെന്തെങ്കിലും തരാം ചമര്വോ, ഇങ്ങനെ പോട്ടേ.' അതിലത്ര തെറ്റൊന്നും  ഒരു ശുദ്ധ കച്ചവടക്കാരനായ ഇയ്യുണ്ണി കണ്ടില്ല.  കുറച്ചു തുക കൊടുത്താല്‍ പ്രശ്‌നം തീരുമെന്ന് അയാള്‍ കരുതി.

'കുട്ട്യോളെ കാശിന് ചോദിക്കണ പോല്യാണ്. '  ചമരു വിങ്ങിപ്പൊട്ടി. ' നിങ്ങക്കെതിരെ ഞാന്‍ കേസു പൂവ്വും.'

ഭീഷണി കേട്ടപ്പോള്‍ ഇയ്യുണ്ണി ജ്വലിച്ചു.  'കേസു കൊടു ക്ക്വേ!  കരാറ് എന്റടുത്താണ്.  അതില് എനിക്ക് തോന്നീതെഴുതീണ്ടാക്കും ഞാന്‍. നീ ജേലീന്നു വന്നതല്ലേ ചമര്വോ. നിന്നെ അവടയ്ക്കയക്കാനും എനിക്ക് വഴീണ്ട്. '

ജയിലെന്നു കേട്ടതും ചമരുവിന്റെ ധൈര്യമെല്ലാം മാഞ്ഞു. അയാളുടെ കവിതയിലെയും പ്രതിസ്ഥാനത്ത്  ജയിലും ഭരണകൂടവുമൊക്കെയായിരുന്നു. 

പടിയിറങ്ങുമ്പോള്‍ ചമരു ആത്മവിശ്വാസം വീണ്ടെടുത്തതു പോലെ തോന്നി.  'ഒരു കവിത്യല്ലേ നിങ്ങളു കട്ടുള്ളൂ. ' ചമരു ചുമച്ചുകൊണ്ടു പറഞ്ഞു. ' ഞാനൊരു കവ്യാണ്. മനസ്സു കക്കാന്‍ നിങ്ങക്കാവ്വോ? ഇതിലും നല്ലത് ഞാന്‍ ഇനീം എഴുതും.'

ശാപം നിറഞ്ഞ ആ വാക്കുകള്‍ കേട്ടപ്പോള്‍ ഇയ്യുണ്ണി ഭയന്നു. ഈ പറയുന്നതു സംഭവിക്കുമോ? ഇനിയും എഴുതി ചമരു തന്നെ തോല്പിച്ചാല്‍?  കൈപ്പുസ്തകത്തിന്റെ വില്പന ഏറിവരികയാണ്. അതെല്ലാം കണ്ടു കൊണ്ടാണ് ഇയ്യുണ്ണി പുതിയ അച്ചടിയന്ത്രങ്ങള്‍ ഏല്പിച്ചിരിക്കുന്നത്.  തൃശ്ശൂരിലും എറണാകുളത്തും വില്പനശാലകള്‍ തുറന്നത്.  എല്ലാ ശാഖകളും സാഹിത്യ സംവാദങ്ങളുടെ കളരിയാണിപ്പോള്‍.

'ചമരു പിന്നെ എഴുതിയോ? ' ഞാന്‍ ചോദിച്ചു.

'കൈപ്പുസ്തകത്തേക്കാള്‍ കൂടുതല്‍ ദുഃഖകരമായ കവിതകള്‍ക്ക് ചമരു ശ്രമിച്ചു. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല.  വരികളില്‍ ചമരു മുടന്തി. വാക്കുകളെ വിക്കു ബാധിച്ചു. നല്ലൊരു വരിയോ കെല്‍പുള്ള കഥയോ കിട്ടാതെ ചമരു പനി ബാധിച്ചവനേപ്പോലെ വിറച്ചു. അയാള്‍ സ്വയം അനുകരിച്ചു. പല വരികളും കൈപ്പുസ്തകത്തിലേതായിരുന്നു.'

'പിന്നെ എഴുതി. ഒന്നല്ല, രണ്ടു കവിതാ പുസ്തകങ്ങള്‍. 'കണ്ണീരിന്റെ കരിങ്കടല്‍', 'ആലംബഹീനര്‍ക്ക് ഒരത്താണി',  എന്നിങ്ങനെ.  സകലതും വിറ്റ് അയാള്‍ അത് തൃശ്ശൂരില്‍ ഒരു പ്രസ്സില്‍ അച്ചടിപ്പിച്ചു. ഇയ്യുണ്ണി ആ ഗ്രന്ഥങ്ങള്‍ വരുത്തി വായിച്ചു കേട്ടു. പഴയതു പോലെ, ഈ രചനകളും അയാള്‍ക്കു മനസ്സിലായില്ല.

മുഖസ്തുതിക്കാരായ മുന്‍ഷിമാര്‍ വിലയിരുത്തി:-ഇതനുകരണമാണ്.

-ന്ന്വച്ചാല്‍? ഇയ്യുണ്ണി പരുങ്ങി.

-പകര്‍പ്പ് ! നമ്മുടെ കവിത കോപ്പ്യടിച്ചു വച്ചിരിക്ക്യല്ലേ കള്ളന്‍?  ഒന്നാമത്തെ  മുന്‍ഷി ഒരു വരി വായിച്ചു. കൂടെയിരുന്ന കാവ്യ നിരൂപകര്‍ അതിനു സദൃശമായ ഒരു വരി കൈപ്പുസ്തകത്തില്‍ നിന്നും വായിച്ച് ഉറക്കെ ചിരിച്ചു.

-ശരിക്കു പിടിച്ചാ ചമരു ജേല്യേപ്പോവും. അവര്‍ പറഞ്ഞു.

-അതു വരട്ടെ, വേറെന്താ വഴി? ഇയ്യുണ്ണി ചോദിച്ചു.

മുന്‍ഷിമാര്‍ ആലോചിച്ചു.

-പരസ്യം കൊടുക്കണം. പറ്റിക്കപ്പെടരുത്. അനുകരണങ്ങളില്‍ കുടുങ്ങരുത്. യഥാര്‍ത്ഥമായ 'സങ്കടമോചനത്തിനുള്ള കൈപ്പുസ്തകം' വാങ്ങി വായിക്കുക...

പരസ്യം വന്നു. ആഴ്ചപ്പതിപ്പുകളിലും, വില്‍പനശാലകളുടെ മുന്നിലും എല്ലാം. പ്രചരണം മൂലം  ഇയ്യുണ്ണിയുടെ ഗ്രന്ഥം വ്യാപകമായി വില്ക്കപ്പെട്ടു.  ഒരു സ്വീകരണം നടത്തണം എന്നായി സ്തുതി പാഠകര്‍. സ്വീകരണത്തിന്  മുണ്ടശ്ശേരിയെ കൊണ്ടു വരും. ടെക്‌സ്റ്റ് ബുക്കാക്കണം എന്ന് കാവ്യ നിരൂപകര്‍ ആവശ്യപ്പെട്ടു. അവരുടേയും ചില പുസ്തകങ്ങള്‍ ഇയ്യുണ്ണി അച്ചുകൂടം പ്രസാധനം ചെയ്തു.

ചമരുവിന്റെ ശരീരത്തെ ക്ഷയവും മനസ്സിനെ സ്വന്തം സാഹിത്യവും പീഡിപ്പിച്ചുകൊണ്ടിരുന്നു.  പല നിരൂപകരേയും അയാള്‍ കണ്ടു സങ്കടം പറഞ്ഞു. 'ഒര് തെളിവൂല്ല്യ. അതില്ല്യാണ്ട് ഞങ്ങളെന്തു പറയും? പിന്നെ തന്റെ  ഈ രണ്ടു കവിതകളും കണ്ടാ അതാരാ സമ്മതിക്ക്യാ? വൃത്തം ശരിയായിട്ടില്ല്യ. പ്രാസഭംഗീണ്ടോ? അതൂല്ല്യ. ചമര്വോ, അസൂയപ്പെട്ടട്ട കാര്യല്ല്യ, ഇയ്യുണ്ണി ഒരു പ്രതിഭാസാണ്.'

-ചമരു തോറ്റു. അയാള്‍ക്ക് സ്വന്തമായി പിന്നെ ഒന്നും അവശേഷിച്ചിരുന്നില്ല. അറ്റ കൈക്ക്  അയാളൊരു പ്രയോഗം നടത്തി...

ഒരു  ദിവസം അച്ചുകൂടെ തുറക്കാന്‍ ചെല്ലുമ്പോള്‍ മുന്നിലെ ഉത്തരത്തിന്മേല്‍ തുറന്നു വച്ച കണ്ണുകളുമായി ചമരു കിടന്നാടുന്നു. ചെറ്യൊരു കാറ്റടിച്ചാ മതി, അപ്പൂപ്പന്‍ താടി പോലെ ഇളകും. കഴുത്തില്‍ വലിയൊരു  എഴുത്ത്: 'ഇത് അനുകരണമല്ല. തേലക്കര ചമരു.' ആ കണ്ണ്യേ നോക്ക്യാ അറിയാം. ചമരൂന് ഇനി ഒന്നും പറയാനില്ല്യ.

മനസ്സിലാവാത്ത അക്ഷരങ്ങള്‍ നോക്കി ഇയ്യുണ്ണി കിതച്ചു. മലയാള ലിപികള്‍ക്ക് ക്ഷുദ്ര ശക്തിയുണ്ടെന്ന് അയാള്‍ക്കു തോന്നി.

ഇയ്യുണ്ണിയുടെ പണം കേസൊതുക്കിയതു കൊണ്ട് എല്ലാം രഹസ്യമായി അവസാനിച്ചു.  എങ്കിലും തുറന്ന കണ്ണുകളുമായി ചമരു തന്നെ പിന്തുടരുന്നുണ്ടെന്ന് അയാള്‍ക്കു തോന്നി. രാത്രികളില്‍ ചമരുവിന്റെ ചുമകള്‍ അയാളുടെ ഉറക്കത്തെ പിഴുതെറിഞ്ഞു. അയാള്‍ക്ക് പേടിയായി. സങ്കടമോചനത്തിനുള്ള കൈപ്പുസ്തകം പിന്നെ അച്ചടിക്കാതായി. ഉള്ളവ തന്നെ പിന്‍വലിക്കപ്പെട്ടു.

കാലക്രമേണ അത്തരം പ്രണയ കാവ്യങ്ങള്‍ ഇല്ലാതായി. ഭാഷ മറ്റൊരു വഴി കണ്ടെത്തി അതിന്റെ യാത്ര തുടര്‍ന്നു.

അച്ചുകൂടത്തിന്റെ ചുമതല ഇയ്യുണ്ണി മക്കളെ ഏല്പിച്ചു. അയാള്‍ രോഗബാധിതനായിക്കഴിഞ്ഞിരുന്നു. ഒടുവില്‍, സാഹിത്യ അക്കാദമിയിലെ ഒരു ഛായാചിത്രമായി അയാള്‍ അവസാനിച്ചു.  സാഹിത്യ നിരൂപകരും മലയാളം മുന്‍ഷിമാരും പിന്നെ അയാളെ ഓര്‍മ്മിച്ചതേയില്ല.

പാപ്പു പറഞ്ഞു  നിര്‍ത്തി. 'ഇയ്യുണ്ണീടെ പേര്ള്ള ഒരു പുസ്തകം ഇവിടെ കാണും. അതോര്‍ക്കുമ്പോഴെല്ലാം എനിക്കു കുറ്റബോധാണ്. എന്റെ ഒരു പിഴവാണ് എല്ലാത്തിനും കാരണമെന്നു തോന്നും.  അടുത്ത ദിവസം വരൂ, ഞാനതു തെരഞ്ഞു വയ്ക്കാം.'

പക്ഷേ, പിന്നെ ഞാന്‍ അവിടെ പോയതേയില്ല. ഇയ്യുണ്ണീടെ പേരച്ചടിച്ച ആ വ്യാജഗ്രന്ഥം കാണണമെന്ന ആഗ്രഹം എനിക്കില്ലായിരുന്നു.

പിന്നീട്, ആഴ്ചപ്പതിപ്പുകളിലൂടെ നീങ്ങുമ്പോഴെല്ലാം ഒരു കാര്യം ഞാനോര്‍മ്മിച്ചു. ചില എഴുത്തുകാര്‍, പുസ്തകങ്ങള്‍, സാഹിത്യ ശാഖകള്‍ പോലും ഭാഷയില്‍ നിന്നും തിരോധാനം ചെയ്യുന്നുണ്ട്. ഒരു വ്യക്തി മരിക്കുമ്പോള്‍, പ്രായശ്ചിത്തമെന്നോണം തങ്ങളുടെ പരിമിതമായ ഭാഷയില്‍ നിന്നും ഒരു വാക്കു വീതം ഉപേക്ഷിക്കുന്ന ഒരാദിമ ഗോത്രത്തെക്കുറിച്ച് പണ്ടൊരിക്കല്‍ ഞാന്‍ ഒരു നോവലില്‍ വായിച്ചിരുന്നു. നോവലുകള്‍ അങ്ങനെയാണ്: 'എല്ലാം കാലേക്കൂട്ടി പ്രവചിക്കും. ജീവിതം അവയുടെ ഛായ മാത്രമാണെന്നു തോന്നാറുണ്ട്.'

-എന്റെ ഭാഷയില്‍, തേലക്കര ചമരുവിനു വേണ്ടി ഉപേക്ഷിക്കപ്പെടേണ്ട വാക്ക് ഏതാണ്?  

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

Follow Us:
Download App:
  • android
  • ios