Asianet News MalayalamAsianet News Malayalam

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

വാക്കുല്‍സവത്തില്‍ ഇന്ന് പ്രമുഖ കഥാകൃത്ത് മനോജ് ജാതവേദര്‍ എഴുതിയ കഥ. ഘര്‍വാപസി 

Literature festival gharvapasi short story by manoj jathavedaru
Author
Thiruvananthapuram, First Published Oct 8, 2019, 7:34 PM IST

ഫിക്ഷനേക്കാള്‍ സങ്കീര്‍ണ്ണമായ ശില്‍പ്പഘടനയുള്ള സമുച്ചയം പോലാണ് മനുഷ്യ ബന്ധങ്ങളും. അതിന്റെ കൂടിച്ചേരലുകള്‍. വിട്ടുമാറലുകള്‍. യാദൃശ്ചികതകള്‍. പൊള്ളിപ്പിടയലുകള്‍. തകര്‍ച്ചകള്‍. വിള്ളലുകള്‍. കെട്ടിടങ്ങളുടെ ഭാഷയില്‍ അതിനെ സമീപിക്കുമ്പോള്‍ നാമെത്തിപ്പെടുന്നത് ജീവിതങ്ങള്‍ തീര്‍ക്കുന്ന ദുരൂഹമായ ഇടനാഴികളിലേക്കും നിശ്ശബ്ദത പാര്‍ക്കുന്ന മുറികളിലേക്കും ജീവിതവും മരണവും നിരന്തരം നടന്നുകേറുന്ന കോണിപ്പടികളിലേക്കുമൊക്കെയാണ്. മനുഷ്യ ബന്ധങ്ങളുടെ ഈ സങ്കീര്‍ണ്ണ സമുച്ചയങ്ങളിലാണ് മനോജ് ജാതവേദര് എന്ന കഥപറച്ചിലുകാരന്‍ കാലങ്ങളായി താമസിക്കുന്നത്. അവിടെയിരുന്നാണ് അയാള്‍ മുന്നിലുള്ളതും അല്ലാത്തതുമായ കാലത്തോട് നിരന്തരം സംസാരിക്കുന്നത്. താനറിയുന്ന ജീവിതങ്ങളെ കഥകളായി പകര്‍ത്തുന്നത്. ജീവിതത്തിന്റെ ഖനികളില്‍നിന്ന് കണ്ടെടുക്കുന്ന ആ കഥകള്‍ക്ക് മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണ്ണമായ ശില്‍പ്പത്തികവ് ഇല്ലാതെ വയ്യ. പുളയ്ക്കുന്ന ജീവിതസന്ദര്‍ഭങ്ങള്‍ അവയില്‍ നുരയ്ക്കാതെ വയ്യ. 

മനുഷ്യരുടെ ഉള്ളിലേക്ക് തിരിച്ചുവെച്ച ക്യാമറയാണ് മനോജിന്റെ കഥകള്‍. അവ മനുഷ്യ ബന്ധങ്ങളുടെ ജ്യാമിതിയിലെ അസാധാരണമായ പാറ്റേണുകള്‍ സൂക്ഷ്മമായി പകര്‍ത്തുന്നു. സാമൂഹ്യാവസ്ഥകള്‍ മനുഷ്യ ജീവിതങ്ങളിലുണ്ടാക്കുന്ന കടലിളക്കങ്ങളുടെ പ്രതിഫലനങ്ങള്‍ ഒപ്പിയെടുക്കുന്നു. പല തരം ജീവിതാവസ്ഥകളില്‍ മനുഷ്യര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ ഗുഹകളിലേക്ക് സൂം ചെയ്യുന്നു. അതിജീവനത്തിന്റെ അടക്കാനാവാത്ത ത്വരകള്‍ക്കു പിറകെ കണ്ണയക്കുന്നു. ആ ക്യാമറ കണ്ടെടുക്കുന്ന ദൃശ്യഖണ്ഡങ്ങള്‍, വായനക്കാരെ ഒരേ സമയം ആനന്ദിപ്പിക്കുകയും പൊള്ളിക്കുകയും ചെയ്യുന്നു. നില്‍ക്കുന്ന ഇടമേതെന്ന് തിരിച്ചറിയാനാവാത്ത സന്ദേഹങ്ങളിലേക്ക് വലിച്ചെറിയുന്നു.  തനിച്ചാക്കുന്നു. ജീവിതത്തെ പിന്നെയും പിന്നെയും അന്തംവിട്ടു നോക്കുന്ന കുട്ടികളാക്കുന്നു.

Literature festival gharvapasi short story by manoj jathavedaru

 

റഫീഖ് അഹമ്മദിന്റെ 'മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിലിത്തിരി നേരമിരിക്കണേ' എന്ന കവിത കുട്ടി കേട്ടിട്ടുണ്ടോ?

അയാള്‍ ഹെഡ്‌സെറ്റ് ചെവിയില്‍നിന്നൂരി ബാഗിലേക്ക് തിരുകി വെച്ചിട്ട് തന്റെ സഹയാത്രികയോട് ചോദിച്ചു. കഷ്ടിച്ച് ഇരുപത്തിയഞ്ചിനും മുപ്പതിനും മധ്യെ പ്രായമുള്ള ഒരു സാധാരണ പെണ്‍കുട്ടി. ട്രെയിനിന്റെ ജാലകത്തിനു വെളിയില്‍ ഇരമ്പിയാര്‍ത്തുകടന്നുപോകുന്ന രാത്രിയെ, രാത്രിയുടെ വെളിച്ചങ്ങളെ , ഉറ്റുനോക്കിയിരിക്കുകയായിരുന്നു അവള്‍.

എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട ഒരു പാട്ടാണത്. പുറത്തെ രാത്രിയില്‍ നിന്ന് അകത്തേക്ക് നോട്ടം പിന്‍വലിച്ചു കൊണ്ട് അവള്‍ പറഞ്ഞു. ശരിക്കും, ആരും, പ്രണയിച്ചുപോകുന്ന ഒരു കവിത.

ഈ രാത്രിയില്‍, ഈ യാത്രയില്‍, മരണമെന്നെ പിടിച്ചെടുത്താല്‍ എന്റെ കണ്ണുകളില്‍ മുങ്ങിക്കിടക്കുക കുട്ടിയുടെ മുഖമായിരിക്കുമല്ലോയെന്നോര്‍ത്താണ് ഞാന്‍ ചോദിച്ചത്. അയാള്‍ കുറ്റബോധത്തോടെ പറഞ്ഞു.

അയാളുടെ സഹയാത്രിക പരിഭ്രമിച്ചു. അവള്‍ ഭയപ്പാടോടെ ചുറ്റും നോക്കി. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അവരിരുന്ന ഇരിപ്പിടത്തിനു ചുറ്റും മറ്റ് ആരുമുണ്ടായിരുന്നില്ല. ബോഗിയില്‍, ദൂരെ അപ്പുറത്ത് എവിടെയോ ഭ്രമണം നശിച്ച ആത്മാക്കളെപ്പോലെ ഒന്നുരണ്ടുപേര്‍ ഉറങ്ങിക്കിടന്നിരുന്നു. അവര്‍ ഇപ്പോഴും അവിടെയുണ്ടായിരുന്നോ എന്നും സംശയം.

വേണ്ടാത്തതു പറയാതിരിക്കൂ, പിറുപിറുക്കുന്നതുപോലെ അവള്‍ പറഞ്ഞു. എനിക്കു നിങ്ങളെ അറിയുകകൂടിയില്ല.

എന്റെ മരണത്തെ തടഞ്ഞു നിര്‍ത്താന്‍ അതൊരു കാരണമൊന്നുമല്ല. അയാള്‍ പറഞ്ഞു.

വഴി ഉഴറിപ്പോയതുപോലെ ഒറ്റപ്പെട്ട ഏതോ സ്‌റ്റേഷനില്‍ വണ്ടി അന്നേരം ഒരു നിമിഷം നിന്നു കാണണം. ഉറക്കത്തിലായിരുന്ന സ്‌റ്റേഷന്‍ മാസ്റ്ററും അറ്റന്‍ഡര്‍മാരും പരിഭ്രമിച്ചുണര്‍ന്നു കാണണം. സിഗ്‌നലുകളില്‍നിന്ന് എരിയുന്ന ചുവപ്പുനിറങ്ങള്‍ പിന്‍ വലിക്കപ്പെടുകയും പ്രത്യാശയുടെ പച്ചനിറം വീണ്ടുവിചാരപ്പെടുകയും ചെയ്തുകാണണം. വണ്ടി വീണ്ടും മുന്നോട്ടോടാന്‍ തുടങ്ങി.

ആ സ്റ്റേഷന്റെ പേരെന്തായിരുന്നു? അയാള്‍ ചോദിച്ചു.

അറിയില്ല. അവള്‍ പറഞ്ഞു. ഞാന്‍ ശ്രദ്ധിച്ചില്ല.

ഞാന്‍ നോക്കി. അയാള്‍ പറഞ്ഞു. പേരു കണ്ടില്ല. വെറുതെ മഞ്ഞച്ചായം മാത്രമടിച്ച ബോര്‍ഡ്. പേരില്ലാത്തതാണോ, ബോര്‍ഡ് പെയിന്റടിക്കാന്‍ വെച്ചതാണോ എന്തോ. എന്തായാലും സ്റ്റോപ്പുള്ള ഒരു സ്റ്റേഷനല്ല അത്. 

നിങ്ങള്‍ എവിടെയാണ് ഇറങ്ങുക? അവള്‍ ചോദിച്ചു.

ലാസ്റ്റ് സ്റ്റേഷന്‍. അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. കുട്ടിയോ?

അയാളുടെ സഹയാത്രിക മറുപടി പറയാതെ അയാളെ തുറിച്ചു നോക്കി. അയാള്‍ നാല്‍പ്പത്തിയഞ്ചിനും അമ്പതിനും മധ്യേ ജീവിതം വലിച്ചിഴച്ചുകൊണ്ടുപോയ ഒരാളാണെന്നു കണ്ടു. തെറ്റുകാരനാണെന്നു കണ്ടു. നരച്ച മുടിയിഴകളില്‍ നിന്ന് പ്രായം ഒളിപ്പിച്ചു വെയ്ക്കാനുള്ള വഞ്ചന അയാള്‍ കാണിച്ചില്ലെന്നു കണ്ടു. നല്ലത്. അവള്‍ സ്വയം പറഞ്ഞു. കണ്ണുകളില്‍ നിരാശ കലങ്ങിക്കിടപ്പുണ്ടായിരുന്നു. അത് ഈ പ്രായത്തിലുള്ള ഏതൊരു പുരുഷന്റെയും കൂടപ്പിറപ്പാണെന്നു കണ്ടു. ശരി; പക്ഷേ ഈ യാത്രയെ അസ്വസ്ഥമാക്കുവാന്‍ റഫീഖ് അഹമ്മദിന്റെ കവിതയെ കൂട്ടുപിടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇയാള്‍ക്ക്. കവിതയുടെ വരികളെക്കുറിച്ചോര്‍ത്ത് ഭയം കിനിഞ്ഞപ്പോള്‍ അവള്‍ വെമ്പലോടെ വിന്‍ഡോഗ്ലാസ് താഴ്ത്തിയിട്ടു. ഒരുനിമിഷം ശ്വാസം പിടിച്ചിരുന്ന് ഭയത്തിന്റെ ഒഴുക്കു കുറഞ്ഞോ എന്നു നോക്കി. ഇല്ല എന്നു കണ്ടു. ഒരു സുരക്ഷിതത്വത്തിനെന്നോണ്ണം സീറ്റില്‍ അലക്ഷ്യമായി വെച്ചിരുന്ന ബാഗുകള്‍ ഒന്നുകൂടി തന്നോടു ചേര്‍ത്തു വെച്ചു.

സ്റ്റുഡന്റ്? അയാള്‍ ചോദിച്ചു.

അവള്‍ തലയാട്ടി.

ഘര്‍ വാപസി? അയാള്‍ വീണ്ടും ചോദിച്ചു.

ചിരി പുറത്തുകാട്ടാതിരിക്കാന്‍ അവള്‍ വിജയിച്ചു. തലയാട്ടലില്‍ മാത്രം ഉത്തരം ഒതുക്കി. 

ഞാന്‍ ഒരിക്കല്‍ വീടു വിട്ടുപോയിട്ട് മടങ്ങി വന്നവനാണ്. അയാള്‍ പറഞ്ഞു. ഞാന്‍ പറഞ്ഞതൊന്നും കുട്ടി കാര്യമാക്കേണ്ട. മരിക്കുമ്പോള്‍ പ്രിയപ്പെട്ടൊരാള്‍ അടുത്തുണ്ടാവണമെന്നത് അതിരു കടന്ന ആര്‍ഭാടമോ ശാഠ്യമോ ഒക്കെയാണ്, ആര്‍ക്കും. കവിത റഫീഖ് അഹമ്മദിനു പറ്റിയ ഒരു തെറ്റാണെന്നാണെനിക്കു തോന്നുന്നത്. കുഴപ്പം എന്താണെന്നു വെച്ചാല്‍ ഇവരോരോരുത്തരും എന്തെങ്കിലുമൊക്കെ എഴുതി വെയ്ക്കും. അതില്‍ അവിടെയുമിവിടെയും എന്തെല്ലാമോ നമ്മുടെ മനസ്സില്‍ കൊണ്ടെന്നു വരും. കുറച്ചൊക്കെ ശരിയും കൂടുതല്‍ തെറ്റുകളുമായിരിക്കും. എന്നെങ്കിലും ഇവരെ നേരിട്ടു കണ്ടാല്‍ ഒക്കെയും ചോദിക്കണമെന്നു വിചാരിക്കും. നമ്മളിവരെ നേരിട്ടു കാണാനും ചോദിക്കാനും  ഒന്നും നടന്നെന്നു വരികയില്ല. ചോദിക്കപ്പെടേണ്ടത് ചോദിക്കാതെ നമ്മുടെയും കേള്‍ക്കപ്പെടേണ്ടത് കേള്‍ക്കാതെ എഴുത്തുകാരന്റെയും ജീവിതം കടന്നു പോകും.

 

.................................................................

കുഴപ്പം എന്താണെന്നു വെച്ചാല്‍ ഇവരോരോരുത്തരും എന്തെങ്കിലുമൊക്കെ എഴുതി വെയ്ക്കും. അതില്‍ അവിടെയുമിവിടെയും എന്തെല്ലാമോ നമ്മുടെ മനസ്സില്‍ കൊണ്ടെന്നു വരും.

.................................................................

 

പിറ്റേന്നു കാലത്ത് പല്ലുതേപ്പു കഴിഞ്ഞ് ചായ മൊത്തിക്കുടിച്ചുകൊണ്ട് പത്രം വായിച്ചുകൊണ്ടിരിക്കവെ അകത്തെ പേജില്‍ ''ചരിത്രാധ്യാപകന്‍ ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍'' എന്ന വാര്‍ത്തയില്‍ അവളുടെ സഹയാത്രികന്റെ ഫോട്ടോ കണ്ട് ഞെട്ടിയപ്പോള്‍ അവള്‍ ഓര്‍ത്ത അയാളുടെ അവസാനത്തെ സംഭാഷണങ്ങള്‍ ഇതൊക്കെയായിരുന്നു.

തുടര്‍ന്ന് ചായ കുടിക്കാനോ ശ്വാസം ഇറക്കാനോ കഴിയാത്തവിധം മരവിപ്പ് അവളെ ബാധിച്ചിരുന്നു. നീ ചായ കുടിച്ചില്ലേ? എന്തോ ആവശ്യത്തിന് അടുക്കളയില്‍നിന്ന് ഡൈനിംഗ് റൂമിലേക്കുവന്ന അവളുടെ അമ്മചോദിച്ചു. ഇനി അതു തണുത്തുകഴിഞ്ഞ് ഇതു തണുത്തു അമ്മാ ചൂടുചായ താ എന്നു പറഞ്ഞ് ബഹളം കൂട്ടും....പിന്നെയും എന്തോ പിറുപിറുത്തുകൊണ്ട് അവര്‍ അടുക്കളയിലേക്കുപോയി.

പത്രത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രശസ്ത ചരിത്രകാരനും കോളേജ് അധ്യാപകനുമായ ഗോപീചന്ദന്‍ (48) ഇന്നലെ രാത്രി ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍ ട്രാക്കില്‍ കണ്ടെത്തി. തലസ്ഥാനത്തു നടന്ന ചരിത്രകോണ്‍ഗ്രസില്‍ പങ്കെടുത്തു മടങ്ങുന്ന വഴിയായിരുന്നു അപകടം. ബാങ്ക് ഉദ്യോഗസ്ഥയായ രശ്മിയുമായി വിവാഹിതനായിരുന്നുവെങ്കിലും കുറെനാളായി വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇത്രമാത്രം.

നീയെന്താ ഓര്‍ത്തിരിക്കുന്നത്?

എപ്പോഴൊ അമ്മ വന്ന് കുലുക്കി വിളിക്കുമ്പോള്‍ പെ്ണ്‍കുട്ടി ഉറക്കവും ഉണര്‍ച്ചയുമല്ലാത്ത ഏതോ പ്രജ്ഞയിലായിരുന്നു. അമ്മാ, മരണമെത്തുന്ന നേരത്ത് നമ്മള്‍ ഓര്‍ക്കുന്നതെന്താവും? അവളുടെ ചോദ്യം അവരെ ഞെട്ടിച്ചുകാണും. വേണ്ടാത്തതെന്തൊക്കെയോ ഓര്‍മ്മിപ്പിച്ചുകാണും. നിനക്ക് മറ്റൊന്നും ഓര്‍ക്കാനും പറയാനുമില്ലേ?
ഒരു നിമിഷം നടുങ്ങി നിന്നിട്ട് അവര്‍ ചോദിച്ചു. ഒരുജോലി നഷടപ്പെട്ടെന്നുകരുതി ഇത്ര വിഷമിക്കാനെന്താ?

ഒരു ദിവസം മുന്‍പ്, ഒഴിവാക്കപ്പെട്ട ഉച്ചഭക്ഷണത്തിന്റെ ചൂടും വെയിലും കടന്നുപോകുന്ന വര്‍ക്കിംഗ് വിമന്‍സ് ്‌ഹോസ്റ്റലിന്റെ മുറിയില്‍, ബാഗില്‍ സാധനങ്ങള്‍ അടുക്കിപ്പെറുക്കി വെയ്ക്കുന്നതിനിടയില്‍, പെട്ടെന്നു മടുത്തു നിര്‍ത്തി കട്ടിലില്‍ പോയിക്കിടന്ന അവളുടെ പ്രകൃതത്തില്‍ അമ്പരന്നുപോയ സുഹൃത്ത് കൃഷ്ണ പറഞ്ഞതും അതുതന്നെയായിരുന്നു. നോക്ക്, അപ്‌സെറ്റ് ആകേണ്ട കാര്യമൊന്നുമില്ല. ഒരുജോലി പോയാല്‍ വേറൊന്ന്. ഒന്നും ലോകത്തിന്റെ അവസാനവാക്കല്ല.
ജോലി പോകുന്നതില്‍ എനിക്കു വിഷമമൊന്നുമില്ല കൃഷ്‌ണേ. അവള്‍ പറഞ്ഞു. ഒന്നിനോടും പൊരുത്തപ്പെടാത്ത എന്റെ സ്വഭാവത്തിന്റെ സന്തതിയാണല്ലോ ആവര്‍ത്തിക്കപ്പെടുന്ന ഈ പ്രക്രിയ. തെരഞ്ഞെടുക്കപ്പെടലും ഒഴിവാക്കപ്പെടലും. ഓരോ ജോലിയും കിട്ടുന്നതിലും കൂടുതല്‍ ഞാന്‍ എന്നെ തിരിച്ചറിയുന്നത് അത് എന്നെ പുറം തള്ളുമ്പോഴാണ്.

ഊണുമേശപ്പുറത്ത് ,കാലം ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷട ഓര്‍മ്മപ്പെടുത്തലുകളില്‍ വന്നിരുന്ന ഈച്ചയെ നോക്കി കൈകളില്‍ തല ചെരിച്ചുവെച്ച് കിടക്കുമ്പോള്‍ അവള്‍ ഓര്‍ത്തു. സത്യം പറയാമായിരുന്നു അയാളോട്. മരണമെത്തുന്ന നേരത്ത് അവളെ വന്നു പരിചയപ്പെട്ട അയാളോട് നുണ പറയാതിരിക്കാമായിരുന്നു. സ്റ്റുഡന്റ്? എന്ന ചോദ്യത്തിന്  നോ അയാം എ ഡ്രോപ് ഔട്ട് എന്ന് മറുപടി പറയാമായിരുന്നു.

എങ്കില്‍ ഒരുപക്ഷെ അയാള്‍ ചോദിച്ചേനേ. ഫ്രം വെയര്‍?

അവള്‍ പറഞ്ഞേനേ. ഫ്രം മൈ ജോബ്‌സ്.

അയാള്‍ തുടര്‍ന്നു ചോദിച്ചേനേ. ടെല്‍ മീ ദി ട്രൂത്ത്. വാട്ട് ഹാപ്പന്റ്?

ഇല്ല ഒട്ടും കരയുകയുണ്ടാവില്ല. മന്ദഹസിക്കുമോ? ഇല്ലെങ്കില്‍ക്കൂടി പതറാതെ പ്രസന്നതയോടെ അവള്‍ക്ക് എല്ലാം വിസ്തരിച്ചു പറയാന്‍ കഴിയും. കിട്ടിയ ജോലികളുടേയും നഷ്ടപ്പെട്ട ജോലികളുടേയും ചരിത്രം. ധിക്കാരം, കൂസലില്ലായ്മ, പൊരുത്തപ്പെടായ്ക. ഇപ്പോഴും ശമിക്കാത്ത റിബലിസം. വേണ്ട, ഈ രാത്രിയില്‍ യാത്രയില്‍, അപരിചിതരുടെ, മരണത്തെ നിര്‍വ്വചിക്കുന്ന ഈ സംഭാഷണവാഹകനോട് അവള്‍ക്ക് ഒന്നും പറയാനില്ല.അതു കൊണ്ട് സ്റ്റുഡന്റ് ആണോ എന്ന അയാളുടെ ചോദ്യത്തിനു മീതെ അവള്‍ നുണയുടെ ഒരു പുതപ്പെടുത്തുമൂടുന്നു, യേസ് എന്ന മറുപടിയില്‍.

ഘര്‍ വാപസി? അയാള്‍ ചൊദിക്കുന്നു.

അവള്‍ മന്ദഹസിക്കാന്‍ ശ്രമിക്കുന്നു. സീറ്റില്‍ വെച്ചിരിക്കുകയായിരുന്ന ബാഗ് കുറച്ചുകൂടി തന്നോട് അടുത്തുവെച്ചിട്ട് ഉവ്വെന്നു തലയാട്ടുന്നു. പിന്നെയുമയാള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. വീട്ടിലേക്കുള്ള യാത്രകളെപ്പറ്റി. വീട്ടിലേക്കുള്ള യാത്രകളുടെ അനുഭവങ്ങളെപ്പറ്റി. വെന്‍ ഐ വാസ് എ സ്റ്റുഡന്റ്... 

കുട്ടിയേപ്പോലെ ഒരിക്കല്‍ ഞാന്‍ നാട്ടിലേക്കു പോകവേ, ബസ്സില്‍ എന്റെ രണ്ടുമൂന്നു സീറ്റു പിന്നിലായി എന്റെ നാടിന്റെ കവി കടമ്മനിട്ട ഇരിപ്പുണ്ടായിരുന്നു. കുറേദൂരം പിന്നിട്ട് ഇടയ്‌ക്കെപ്പൊഴോ തിരിഞ്ഞുനോക്കുമ്പോഴാണ് ഞാന്‍ കവിയെ കണ്ടത്. കവിയുടെ വെളിച്ചപ്പെട്ട മുടിയിഴകള്‍ കാറ്റില്‍ പറക്കുന്നുണ്ടായിരുന്നു. അവിശ്വസനീയതയും ആകാംക്ഷയും നിറഞ്ഞ എന്റെ നോട്ടം കണ്ട് ഇടകലര്‍ന്ന തിരിഞ്ഞുനോട്ടം കവി എന്നെ നോക്കി മന്ദഹസിച്ചു. അതൊരു തിരിച്ചറിയലായിരുന്നു. പിന്നീട് പലപ്പോഴായി ഞങ്ങള്‍ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്ത്ിട്ടുണ്ടെങ്കിലും അന്ന് ആ ബസ്സില്‍ വെച്ച് , വീട്ടിലേക്കുള്ള തീര്‍ഥ യാത്രയില്‍ , കവി എന്നെ നോക്കി ചിരിച്ചതുപോലെ, ഞാന്‍ തീക്ഷ്ണമായ ആരാധനയോടെ കവിയെ ഉറ്റുനോക്കിയതുപോലെ, ആത്മാര്‍ത്ഥമായ ഒരു തിരിച്ചറിയല്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്.

അമ്മാ, ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ? മരിക്കാന്‍ പോകുമ്പോള്‍ മനുഷ്യര്‍ അര്‍ത്ഥമില്ലാതെ കൂടുതല്‍ സംസാരിക്കുമോ?

ഇക്കുറി അവളുടെ അമ്മ കൂടുതല്‍ പേടിച്ചു. നിനക്കെന്താ പറ്റിയത്? നിന്റെ ധൈര്യവും ആത്മവിശ്വാസവും എവിടെപ്പോയി? മുമ്പൊന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ഈ ജോലി പോയപ്പോള്‍ ഇത്ര പ്രയാസപ്പെടാനെന്താ?

അവള്‍ അമ്മയോട് ചേര്‍ന്നിരുന്നു. മടക്കി വെച്ച പത്രത്തിലെ വാര്‍ത്ത അവരെ കാണിക്കണമെന്നോര്‍ത്തെങ്കിലും പിന്നെ വേണ്ടെന്നു വെച്ചു. ഒരുപക്ഷെ , അസാധാരണമായ ഒരു അനുഭവവിശേഷം കൊണ്ട് അയാളുടെ ഉള്ളിലേക്ക്, ആളുകളൊഴിഞ്ഞുപോയി അനാഥമാക്കപ്പെട്ട ഒരു നഗരിയിലെന്നതുപോലെ. ഇപ്പോഴവള്‍ ക്കു കടന്നു ചെല്ലാന്‍ സാധിച്ചാല്‍ അവിടെ അവള്‍ കാണുക നഗരത്തിന്റെ ചുവരുകളിലെങ്ങും നിറഞ്ഞു നില്ക്കുന്ന തന്റെ തന്നെ ചിത്രങ്ങളും കേള്‍ക്കുക മുഴങ്ങുന്ന തന്റെ തന്നെ വാക്കുകളുമായിരിക്കുമെന്ന് തോന്നി. 'അമ്മാ', അവള്‍ പറഞ്ഞു: എനിക്ക് മരണം ഇഷ്ടമല്ല. ആരും മരിക്കേണ്ടതില്ല അമ്മാ...

അവള്‍ക്ക് പേടി കിട്ടിയെന്നു തോന്നുന്നു. രാത്രി ഉറക്കം വരാതെ കിടക്കവേ അവര്‍ ഭര്‍ത്താവിനോടു പറഞ്ഞു. ഒന്നു പ്രശ്‌നം വെച്ചു നോക്കിയാലോ?
വെറുതെ മൂളിയതല്ലാതെ അയാള്‍ മറുപടി പറഞ്ഞില്ല.  അവള്‍, അയാളുടെ മകള്‍ , അതിനൊന്നും തയ്യാറാവുകയില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.

എന്നിട്ടും അപരിചിതമായ ആ പട്ടണത്തിന്റെ പേരു ചോദിച്ച് അവിടേക്കു പോകാനുള്ള വഴി അവള്‍ ആരാഞ്ഞപ്പോള്‍ അയാളും പകച്ചു. എന്തിന്നാണ് മോളേ അവിടെ പ്പോകുന്നത്? അയാള്‍ ചോദിച്ചു. നോക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരുതരം മരവിപ്പ് , തണുപ്പ്, അടിഞ്ഞുകൂടിയിരിക്കുന്നതായി അയാള്‍ക്കു തോന്നി. തീര്‍ച്ചയാണ്, അയാള്‍ സ്വയം പറഞ്ഞു. ഇത് അവളല്ല. ഇന്നലെ വരെ അയാള്‍ക്ക് പരിചിതയായിരുന്ന അയാളുടെ മകളല്ല. അവളുടെ ആത്മവിശ്വാസവും അഹംബോധം നിറഞ്ഞ ചലനങ്ങളും നടപ്പും എടുപ്പും പോലുമല്ല. അവള്‍ പെട്ടെന്ന് മറ്റാരോ ആയി മാറിപ്പോയതുപോലെ തോന്നുന്നു.

 

.................................................................

മരണത്തിനോടൊപ്പം യാത്ര ചെയ്തു പോയ ആ രാത്രിയില്‍ അയാള്‍ അവസാനം അവളോട് എന്തെങ്കിലും സംസാരിച്ചിരുന്നുവോ എന്നും സംസാരിച്ചിരുന്നെങ്കില്‍ അതെന്തായിരുന്നു എന്നും രശ്മിക്ക് അവളോട് ചോദിക്കണമായിരുന്നു.

.................................................................

 

എനിക്കൊരാളെ കാണണം. അവള്‍ തണുത്ത സ്വരത്തില്‍ പറഞ്ഞു.

ആരെ എന്നു ചോദിക്കാന്‍ വന്നെങ്കിലും അയാള്‍ ഒന്നു സംശയിച്ചു. ഇതുവരെ അയാള്‍ തന്റെ മകളോട് അങ്ങനെ ചോദ്യം ചെയ്യുന്ന രീതിയില്‍ സംസാരിച്ചിട്ടില്ല. അയാളെക്കാളേറെ അയാള്‍ വിശ്വസിച്ചതും മനസ്സിലാക്കിയതും അവളെയായിരുന്നു. അതുപക്ഷെ ഈ പെണ്‍ കുട്ടിയായിരുന്നില്ലെന്നു തോന്നി.

എന്നാല്‍ അവള്‍ കരുതിയതുപോലെ മരണത്തിന്റെ ചലനങ്ങള്‍ നിലച്ചിട്ടില്ലാത്ത ഫ്‌ളാറ്റില്‍ ആള്‍ത്തിരക്ക് ഉണ്ടായിരുന്നില്ല. രശ്മിയെക്കൂടാതെ അവരുടെ ഒരു സുഹൃത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു പെണ്‍കുട്ടി അവിടെച്ചെല്ലുമ്പോള്‍. മരണം യാത്രപറഞ്ഞുപോയ മൂന്നാംദിവസം.

എങ്ങനെ കണ്ടുപിടിച്ചു ഈ ഫ്‌ളാറ്റ്? രശ്മിയുടെ സുഹൃത്ത് പെണ്‍കുട്ടിയോടു ചോദിച്ചു.

ഞാനാദ്യം പുള്ളി പഠിപ്പിച്ചിരുന്ന കോളേജില്‍ പോയി. അവിടെനിന്ന് വിലാസം കിട്ടി.

ഉള്ളിലെവിടെയോ ആയിരുന്ന രശ്മി കടന്നു വന്നപ്പോള്‍ വീണ്ടും സംഭാഷണം മുറിഞ്ഞു. പെണ്‍കുട്ടിയെ നോക്കി നിശ്ശബ്ദം മന്ദഹസിക്കാന്‍ ശ്രമിച്ചെങ്കിലും ധൈര്യം നഷ്ടപ്പെട്ടപോലെ രശ്മി വീണ്ടും അനക്കമറ്റിരുന്നു. നിശ്ശബ്ദത പെരുകി വീര്‍ത്ത സമയത്തെപ്പോഴൊ രശ്മിയുടെ സുഹൃത്ത് എഴുന്നേറ്റു. രശ്മീ. ഞാന്‍ പോയിട്ട് നാളെ വരാം. എന്തെകിലുമുണ്ടെങ്കില്‍ നീ വിളിച്ചാല്‍ മതി. ശക്തി നഷ്ടപ്പെട്ട് തലയാട്ടിയതല്ലാതെ രശ്മി ഒന്നും പറഞ്ഞില്ല. അവര്‍ പോയിക്കഴിഞ്ഞ് രശ്മി വാതിലടയ്ക്കാതെ അതേ ഇരുപ്പിരുന്നു.

ഞാന്‍ കുറച്ചുകഴിഞ്ഞ് ഇറങ്ങിക്കൊള്ളാം. അവരുടെ മനസ്സ് വായിച്ചിട്ടെന്നതുപോലെ പെ്ണ്‍കുട്ടി പറഞ്ഞു. ബുദ്ധിമുട്ടില്ലെങ്കില്‍ എനിക്ക് ഒന്നു രണ്ടു കാര്യങ്ങള്‍ സംസാരിക്കണമെന്നുണ്ട്.

പക്ഷെ ആ രാത്രി അവള്‍ മടങ്ങുകയുണ്ടായില്ല. രശ്മിയോ അവളോ പരസ്പരം അധികം സംസാരിക്കുകയുമുണ്ടായില്ല. അവര്‍ക്കിടയില്‍ ഉച്ചരിക്കപ്പെടാത്ത ഒരു പേരായി അയാള്‍ നിറഞ്ഞു നിന്നു. എന്താണ് അയാള്‍ അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് പതിച്ചുപോയത് എന്ന് അവള്‍ക്ക് രശ്മിയോട് ചോദിക്കണമായിരുന്നു. രശ്മിയുടെ വാക്കുകളില്‍ നിന്ന് അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് കിട്ടിയില്ല. മരണത്തിനോടൊപ്പം യാത്ര ചെയ്തു പോയ ആ രാത്രിയില്‍ അയാള്‍ അവസാനം അവളോട് എന്തെങ്കിലും സംസാരിച്ചിരുന്നുവോ എന്നും സംസാരിച്ചിരുന്നെങ്കില്‍ അതെന്തായിരുന്നു എന്നും രശ്മിക്ക് അവളോട് ചോദിക്കണമായിരുന്നു. പക്ഷേ അതെത്രമാത്രം തനിക്ക് താങ്ങാനാവുന്നതായിരിക്കുമെന്ന് ഓര്‍ത്ത് പേടിച്ചപ്പോള്‍ രശ്മിക്ക് അത് അവളോട് ചോദിക്കാന്‍ ധൈര്യം വന്നില്ല.

എന്നെ സംശയിക്കരുത്. കഴിഞ്ഞ ദിവസം ഗോപീചന്ദന്‍ സാറ് സഞ്ചരിച്ച ട്രെയിനില്‍ ഞാനുമുണ്ടായിരുന്നു. എന്നുമാത്രമല്ല, യാത്ര തീരുന്നതിനു കുറച്ചുമുമ്പു വരെ ഞാനും സാറും മാത്രമായിരുന്നു ആ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. അടുത്ത ദിവസത്തെ പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ വല്ലാത്ത ഒരു വിങ്ങല്‍ തോന്നി. അതാണന്വേഷിച്ചു വന്നത്. പെണ്‍കുട്ടി ഫ്‌ളാറ്റിന്റെ വാതില്‍ തുറന്ന രശ്മിയുടെ സുഹൃത്തിനോട് അങ്ങനെയാണ് സ്വയം പരിചയപ്പെടുത്തിയത്. ആദ്യം ഒന്നു പകച്ചെങ്കിലും പൊടുന്നനെ മന:സ്സാന്നിദ്ധ്യം വീണ്ടെടുത്ത് രശ്മിയുടെ സുഹൃത്ത് അവളെ അകത്തേയ്ക്ക് ക്ഷണിക്കുകയായിരുന്നു. 

രശ്മീ, ഈ കുട്ടി കഴിഞ്ഞ ദിവസം ചന്ദന്റെയൊപ്പം ട്രെയിനിലുണ്ടായിരുന്നത്രേ. പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ നിന്നെയൊന്ന് കാണാന്‍ വേണ്ടി വന്നതാണ്.
ചന്ദന്‍ നിങ്ങളെ പരിചയപ്പെടുകയുണ്ടായോ? രശ്മി അവളോട് ചോദിച്ചു.

ഇരുട്ടു വീഴാന്‍ തുടങ്ങിയിരുന്നു. രശ്മിയുടെ സുഹൃത്തു പോയിക്കഴിഞ്ഞും നേരം ഒരുപാട് പിന്നിട്ടിരുന്നു. ഇതിനിടെ പലരും, ചന്ദന്റെയും രശ്മിയുടേയും സുഹൃത്തുക്കളടക്കം, വന്നും പോയുമിരുന്നു. പരിചയമില്ലാത്ത ആളുകളുടെയിടയില്‍ പെടുമ്പോഴെല്ലാം പെണ്‍കുട്ടി പതിവില്ലാതെ പരിഭ്രാന്തയായി. എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന ഉത്ക്കണ്ഠ അവളെ ഇടയ്ക്കിടെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ഇടയ്‌ക്കെപ്പോഴോ അറിയാനും ചോദിക്കാനും വന്നതെല്ലാം ഒറ്റയടിക്കു വിഴുങ്ങി അവിടെ നിന്ന് ഇറങ്ങിയോടിയാലോയെന്ന് അവള്‍ക്കു തോന്നി. പക്ഷെ തിരിച്ചറിയപ്പെടാത്ത എന്തോ ഒന്ന് ചങ്ങല പോലെ തന്നെ അവിടെ ബന്ധിച്ചിടുന്നതുപോലെയായിരുന്നു. അതൊരുപക്ഷേ മരിച്ചു പോയ മനുഷ്യന്റെ വിനിമയം ചെയ്യപ്പെടാതെ പോയ വാക്കുകളാവാം.

ഇല്ല. അവള്‍ പറഞ്ഞു. ഞങ്ങള്‍ പരിചയപ്പെട്ടതേയില്ല.

ചന്ദന്‍ ആ യാത്രയില്‍ എന്തു ചെയ്യുകയായിരുന്നു അവസാനം? ഒന്നും സംസാരിച്ചില്ലേ?

ആദ്യമൊന്നും ഇല്ല ഒട്ടും. അവള്‍ പറഞ്ഞു. ഹെഡ് സെറ്റ് വെച്ച് പാട്ടുകേട്ടു കൊണ്ടിരിക്കുകയായിരുന്നു. പതിവില്ലാത്ത ഏതോ സ്റ്റേഷനില്‍ സിഗ്‌നല്‍ കിട്ടാതെ ട്രയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ പെട്ടെന്ന് ഹെഡ്‌സെറ്റ് മാറ്റിവെച്ചിട്ട് സംസാരിക്കാന്‍ തുടങ്ങി. സംസാരം മുഴുവന്‍ നാട്ടിലേക്കുള്ള യാത്രയെപ്പറ്റിയും കടമ്മനിട്ടയെ ഒരിക്കല്‍ ബസ്സില്‍ വെച്ച് കണ്ടതിനെക്കുറിച്ചും സംസാരിക്കപ്പെടാതെപോകുന്ന സംസാരങ്ങളുടെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ചും മറ്റുമായിരുന്നു. വേദാന്തം തലക്കുപിടിച്ചതുപോലെ. ആ രാത്രിയില്‍, പുറത്തെ ഇരുട്ട് അപരിചിതമായി വളര്‍ന്നു മുറ്റുമ്പോള്‍ അതൊന്നും ആസ്വദിക്കാന്‍ എനിക്കു പറ്റുന്നില്ലായിരുന്നെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അമ്പരപ്പു തോന്നുന്നു. നിങ്ങളുടെ ഭര്‍ത്താവിന് നന്നായി സംസാരിക്കാന്‍ അറിയാമായിരുന്നു. 

 

.................................................................

ഞാന്‍ ഒന്നിനേയും പ്രണയിച്ചതുപോലെ ഈ ലോകത്ത് ആര്‍ക്കും ഒന്നിനേയും പ്രണയിക്കാനാവില്ല. കാരണം പ്രണയമെന്തെന്ന് എന്നേപ്പോലെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ.

.................................................................

 

ദുര്‍ബലമായി ഒന്നു മൂളിയതല്ലാതെ രശ്മി ഒന്നും പറഞ്ഞില്ല. ശരിയായിരിക്കാം. അവളോര്‍ത്തു. ചന്ദനെ പരിചയപ്പെടുന്ന കാലത്തും അയാള്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ചന്ദന്റെ സംസാരങ്ങളില്‍ എപ്പോഴും ഒരു അനിശ്ചിതത്വം ഇരമ്പിക്കൊണ്ടിരുന്നു. ഏതു സമയത്താണ് അയാള്‍ സംസാരിക്കാന്‍ ആരംഭിക്കുക എന്ന് ആര്‍ക്കും പറയാന്‍ പറ്റുമായിരുന്നില്ല. കാലങ്ങളോളം പറയാനുള്ളതെല്ലാം അടക്കിപ്പിടിച്ചിട്ട് ഓര്‍ക്കാപ്പുറത്ത് എല്ലാം കൂടി ഒരുനിമിഷം കോരിച്ചൊരിയുന്നതുപോലെയായിരുന്നു അയാളുടെ സംസാരം. തുള വീണ മണ്ണിലേക്ക് പെയ്ത്തുജലം വീഴുന്നതുപോലെ അതൊഴുകി ഓടിപ്പോകും . ഒന്നും അവശേഷിക്കുകയുണ്ടാവില്ല. മഴ വന്നു പോയ ഓര്‍മ്മ പോലെ മണ്ണിലവിടെയുമിവിടെയും ചില സുഷിരങ്ങള്‍ മാത്രം കുറച്ചു നേരം തങ്ങി നിന്നെന്നു വരും. പിന്നീടെപ്പോഴെങ്കിലും ഉറുമ്പുകള്‍ മേഞ്ഞുനടന്ന് അതിനെയും തേച്ചുമാച്ചില്ലാതാക്കുന്നതു വരെ. 

ചന്ദന്‍ അസ്വസ്ഥനായിരുന്നുവോ ആ രാത്രി? എന്തിനേക്കുറിച്ചെങ്കിലും സൂചിപ്പിക്കുകയുണ്ടായോ?

എനിക്കറിയില്ല. അവള്‍ പറഞ്ഞു. എന്റെ ജോലി പോയി ഞാന്‍ ഹോസ്റ്റല്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനു കുറച്ചു ദിവസം മുന്‍പ് മാത്രമാണ് വര്‍ഷങ്ങളായുണ്ടായിരുന്ന ഒരു പ്രണയം എനിക്ക് നഷ്ടപ്പെട്ടത്. മറ്റൊന്നും ഉള്‍ക്കൊള്ളാനാകാത്ത മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ആ സമയം വീട്ടിലേക്കുള്ള മടക്കം എനിക്ക് ഒരു തടവുശിക്ഷ പോലെയായിരുന്നു. ഞാന്‍ അതിനെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്.

ഇതിനിടയിലെപ്പോഴോ ഒരു നിശ്ശബ്ദത കടന്നു വന്നു. വാചകങ്ങള്‍ക്കിടയ്ക്ക് വന്നു വീഴുന്ന വിരാമ ചിഹ്നം പോലെ. ചിഹ്നങ്ങള്‍ പ്രായേണ നിശ്ശബ്‌രായിരിക്കും. എന്നെങ്കിലും ഒരിക്കല്‍ സത്യം പറയാന്‍ അവര്‍ തീരുമാനിക്കും വരെ. അന്നേരം അവര്‍ ഉറങ്ങുന്നവരെ ഉറക്കത്തില്‍ നിന്നു കുലുക്കി ഉണര്‍ത്തിപ്പറയും. ഇതുവരെ കേട്ട കളവിന്റെ രാത്രി കഴിയാറായി. അയാള്‍ അന്നു രാത്രി സംസാരിച്ചതു മുഴുവന്‍ വരാനിരിക്കുന്ന മരണത്തെക്കുറിച്ചായിരുന്നു. മരണത്തെക്കുറിച്ചുപാടുന്ന കവിതകളുടെ ഏകാന്തതയെക്കുറിച്ചായിരുന്നു.

എന്നിട്ട്?

അന്നേരം ഫ്‌ളാറ്റിന്റെ അടഞ്ഞ വാതിലിന്നു പുറത്ത് പോലീസ് ബൂട്ടുകള്‍ ദ്രുത ചലനങ്ങളോടെ തടിച്ചുകൂടുകയും ഡോര്‍ബെല്ല് ആവശ്യത്തില്‍ കൂടുതല്‍ ഒച്ചയില്‍ ചിലമ്പിയാര്‍ക്കുകയും ചെയ്തു. അതിനൊരുപക്ഷേ ഒരു ആംബുലന്‍സ് കടന്നുപോകുന്ന ഒച്ചയായിരുന്നു. അല്ലെങ്കില്‍ അക്ഷമയുടെ ഒരു ഇടിമുഴക്കം. രശ്മി വാതില്‍ തുറക്കുമ്പോള്‍ ഒന്നുരണ്ടു പോലീസുകാരും ഒപ്പം അയാളും കടന്നു വന്നു.അയാളുടെ മുഖം മുമ്പെവിടെയോ കണ്ടുമറന്ന ഒരു പരിചിതത്വം പെണ്‍കുട്ടിക്ക് തോന്നിച്ചു. ഇത് അയാള്‍ തന്നെയാണോ എന്നായിരുന്നു അവളുടെ ചിന്ത. കഴിഞ്ഞ ദിവസം രാത്രിയില്‍ മരണവും ചന്ദനും തമ്മിലുണ്ടായ അഭിമുഖസംഭാഷണത്തിന്റെ വര്‍ത്തമാനങ്ങളില്‍ നിന്ന് കുതറിമാറാനായി അന്നേരം വന്ന ഫോണിന്റെ പിന്നാലെ സഞ്ചരിച്ച് അടുത്ത കമ്പാര്‍ട്ട്‌മെന്റിലെവിടെയോ അവള്‍ വന്നിരുന്നപ്പോള്‍ വാതില്‍ക്കല്‍ പുറത്തെ ഇരുട്ടിലേക്ക് കണ്ണു പായിച്ചു നിന്നത് ഇയാളായിരുന്നു. ജട പിടിച്ച കണ്ണുകള്‍. നരവീണു തുടങ്ങിയ മീശ. ചുഴിക്കുത്തു വീണ താടി. വാതിലുകളേയും കാറ്റിനേയും പേടിക്കുന്നതുപോലെ അയാള്‍ അവയിലേക്കു ബലം ചരി നിന്നിരുന്നു. 

പിന്നെ ഞാന്‍ നിങ്ങളെ കാണുന്നതിപ്പോഴാണ്. പെണ്‍കുട്ടി അയാളോട് പറഞ്ഞു. എന്നോടു സത്യം പറയൂ. ആ രാത്രി അയാള്‍ക്കെന്താണ് സംഭവിച്ചത്? അയാള്‍ എങ്ങിനെയാണ് മരണത്തിലേക്ക് വീണൂ പോയത്്? നിങ്ങള്‍ അയാളുടെ ആരാണ്?

പെണ്‍കുട്ടി അയാളോട് അങ്ങിനെ ചോദിക്കുമ്പോള്‍ അഡ്വക്കേറ്റ് വിപിന്‍ മറുപടി ഒന്നും പറയാതെ അവളെ തുറിച്ചുനോക്കിയതേ ഉള്ളൂ. താന്‍ വര്‍ഷങ്ങളായി ചന്ദന്റെയും രശ്മിയുടേയും കുടുംബസുഹൃത്താണെന്ന് അവളെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് അയാള്‍ക്കു തോന്നി. അക്കാരണം കൊണ്ടാണ് സുഹൃത്തായ സി ഐ ദിലീപ്കുമാര്‍ രശ്മിയുടെ മൊഴി എടുക്കാന്‍ നേരം അയാളെ ഒപ്പം ക്ഷണിച്ചതും അയാള്‍ വന്നതും. പോലീസുകാര്‍ അവരുടെ ജോലി നിറവേറ്റവേ ഒരു സിഗരറ്റ് വലിക്കാനായി പുറത്തിറങ്ങിയ അയാള്‍ തനിക്കു പിന്നില്‍ വാതില്‍ ഞരങ്ങുന്ന ഒച്ചയില്‍ തുറക്കുന്നതു കേട്ട് ഇത്ര വേഗം മൊഴിയെടുക്കല്‍ പൂര്‍ത്തിയായോ എന്ന അതിശയത്തില്‍ തിരിഞ്ഞു നോക്കവേ , വാതില്‍ക്കല്‍ അയാളെത്തന്നെ തുറിച്ചു നോക്കി നില്ക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടു. അവളുടെ കണ്ണുകളുല്‍ ഇരുണ്ട മേഘങ്ങളുടെ ഘര്‍ഷണമുണ്ടായിരുന്നു.

നിങ്ങള്‍ ഒന്നും പറഞ്ഞില്ല. അവള്‍ വീണ്ടും ചൊടിച്ചു.

ഫ്‌ളാറ്റിന്റെ എതിര്‍വശത്തെ ടവറില്‍ നിന്നും ഒന്നുരണ്ടുവട്ടം ലിഫ്റ്റിന്റെ വെളിച്ചങ്ങള്‍ ഉയരുകയും താഴുകയും ചെയ്തു. എവിടെയോ ഒരു കുട്ടി നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. താഴെ, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് ഏരിയായില്‍ നിന്ന് ഒരു കാര്‍ കയറ്റം കയറി വന്നപ്പോള്‍ വഴി കുറുകേ കൊരുത്തിട്ടിരുന്ന ഇരുമ്പ് പൈപ്പുകള്‍ പ്രതിഷേധിച്ച് ചിലമ്പിച്ചു. കാര്‍ ഗെയ്റ്റ് കടന്നു മറഞ്ഞിട്ടും അതുപേക്ഷിച്ചുപോയ ചുവന്ന വെളിച്ചത്തിന്റെ അലകള്‍ കുറെ നേരം കൂടി നിരത്തില്‍ തങ്ങി നിന്നു. കോട്ടുവായിട്ടു കൊണ്ട് ഗേറ്റ് അടച്ചിട്ടുവന്ന സെക്യൂരിറ്റി കസേരയില്‍ ചാരിയിരുന്ന് ഉറക്കം തൂങ്ങാന്‍ തുടങ്ങി.

നിങ്ങള്‍ അയാളെ മരണത്തിലേക്ക് തള്ളിയിട്ടു അല്ലേ? അയാള്‍ ഒന്നും പറയുന്നില്ലെന്നു കണ്ട് അവള്‍ വീണ്ടും ചോദിച്ചു. അയാള്‍ ഉരിയാടുന്നതുവരെ താന്‍ അടങ്ങുകയില്ലെന്ന മട്ടില്‍.

കുട്ടീ, എനിക്കു നിങ്ങളെയും നിങ്ങള്‍ പറയുന്നതിനേയും മനസ്സിലാവുന്നില്ല. നിങ്ങള്‍ ആരാണ്? ആര് ആരെ മരണത്തിലേക്കു തള്ളിയിട്ടെന്നാണ് നിങ്ങള്‍ പറയുന്നത്?
അതിന് അവള്‍ മറുപടി പറയുന്നതിനു മുന്‍പു തന്നെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി സി ഐ.യും പോലീസുകാരും വാതില്‍ കടന്നു പുറത്തേയ്ക്ക് വന്നു. ശരി, വിപിന്‍. സി. ഐ. പറഞ്ഞു. ഞങ്ങളിറങ്ങട്ടെ. നിങ്ങള്‍ ഇപ്പോള്‍ വരുന്നുണ്ടോ?

ഇല്ല ദിലീപ്, ഞാന്‍ കുറച്ചു താമസിക്കുമെന്നു പറഞ്ഞ് അയാള്‍ അവരെ ലിഫ്റ്റ് വരെ അനുഗമിക്കുന്നതും എന്തൊക്കെയോ സംസാരിക്കുകയും ചെയ്യുന്നത് രശ്മിയും അവളും നോക്കി നിന്നു. രശ്മിയുടെ കണ്ണുകളില്‍ ശൈത്യം മരവിച്ചു കിടന്നു. അത് മരണത്തിന്റെ മുറിപ്പാടുകളായിരുന്നു. ചുറ്റിത്തിരിഞ്ഞ ഇടങ്ങളിലെല്ലാം ചിന്തകളും ഓര്‍മ്മകളും അന്യോന്യം കൂട്ടിമുട്ടി മുറിവുകള്‍ പൊട്ടിയൊലിച്ചു.

അതാരാണ്? വിപിനെച്ചൂണ്ടി പെണ്‍കുട്ടി രശ്മിയോടൂ ചോദിച്ചു.

അഡ്വക്കേറ്റ് വിപിന്‍. രശ്മി പറഞ്ഞു. ഞങ്ങളുടെ ഫാമിലിഫ്രണ്ടാണ്. ചന്ദന്റേയും എന്റെയും കല്യാണത്തിന് സാക്ഷി നിന്നതും ഡൈവോഴ്‌സായപ്പോള്‍ കേസ് ചെയ്തതും എല്ലാം പുള്ളിയാണ്.

എന്തോ പറയാനാഞ്ഞ പെണ്‍കുട്ടി പിന്നെ അതടക്കി.

സി ഐ ബുദ്ധിമുട്ടിച്ചില്ലല്ലോ അല്ലേ? തിരികെ വന്ന് കസേരയിലിരിക്കുമ്പോള്‍ വിപിന്‍ അന്വേഷിച്ചു.

രശ്മി ഇല്ലെന്നു തലയാട്ടി. പെട്ടെന്നെന്തോ ഓര്‍ത്തതുപോലെ പറഞ്ഞു: വിപിന്‍,ഈ കുട്ടി കഴിഞ്ഞ ദിവസം ചന്ദന്റെയൊപ്പം ട്രെയിനിലുണ്ടായിരുന്നത്രേ. പത്രത്തില്‍ വാര്‍ത്ത കണ്ട് എന്നെ അന്വേഷിച്ച് വന്നതാണ്. രാത്രി തിരികെയെത്താന്‍ വൈകുമെന്നതു കൊണ്ട് ഇന്ന് എന്റെയൊപ്പം കൂടാന്‍ പറഞ്ഞു ഞാന്‍.

നന്നായി. വിപിന്‍ പറഞ്ഞു. ഞങ്ങള്‍ പരിചയപ്പെട്ടു. കുറച്ചുനേരം ഒന്നും മിണ്ടാതിരുന്നിട്ട് പോകാനായി എഴുന്നേല്‍ക്കവേ അയാള്‍ പെണ്‍കുട്ടിയോടു ചോദിച്ചു: ഫോണ്‍ നമ്പറൊന്നു തരാമോ? ഇടയ്‌ക്കെപ്പോഴെങ്കിലും എനിക്ക് ചന്ദന്റെ അന്നത്തെ യാത്രയെക്കുറിച്ച്‌സംസാരിക്കണമെന്നുണ്ട്.

 

.................................................................

ഇതുവരെ കേട്ട കളവിന്റെ രാത്രി കഴിയാറായി. അയാള്‍ അന്നു രാത്രി സംസാരിച്ചതു മുഴുവന്‍ വരാനിരിക്കുന്ന മരണത്തെക്കുറിച്ചായിരുന്നു.

.................................................................

 

പകയോടെ തുറിച്ചു നോക്കിയെങ്കിലും പെണ്കുട്ടി അയാള്‍ പറഞ്ഞുകൊടുത്ത നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ വിളിക്കവേ വിഷദത്തിന്റെ കരിങ്കടല്‍ തീര്‍ക്കുന്ന ഗായകന്റെ ശബ്ദത്തില്‍ 'മരണമെത്തുന്ന നേരത്ത്' എന്ന ഗാനത്തിന്റെ ട്യൂണ്‍ ഒരുവട്ടം റിംഗ് ചെയ്തു. അതു പൂര്‍ത്തിയാവുന്നതിനു മുന്‍പു തന്നെ അയാള്‍ മൊബൈലിന്റെ ഓഫ് ബട്ടണ്‍ അമര്‍ത്തിയിരുന്നു. മൊബൈലില്‍ നിന്നു കണ്ണെടുത്ത് അയാള്‍ പെണ്‍കുട്ടിയെ നോക്കി.

ക്രോധമാണോ, നിരാശയാണോ, നിസ്സഹായതയാണോ, തോല്‍വിയാണോ... 

കണ്ണുകള്‍ എന്നെ വെറുതേവിടൂ എന്ന് യാചിക്കുന്നതു പോലെ തോന്നി.

ഈ റിംഗ് ടോണ്‍ മാറ്റിയില്ലേ ഇതുവരെ? രശ്മി ചോദിക്കുന്നു.

എനിക്കിത് നെഗറ്റീവ് ഫീല്‍ അല്ല രശ്മീ. അരോ കാത്തിരിക്കുന്നെന്ന തോന്നലാണ്. ഞാനീ പാട്ടിനെ സ്‌നേഹിക്കുന്നു.

പിന്നെ കൂടുതലൊന്നും പറയാതെ അയാള്‍ യാത്ര പറഞ്ഞിറങ്ങിപ്പോവുകയും ചെയ്തു.

ഹീ ഈസ് എ ഗുഡ് ഫ്രണ്ട്. രശ്മി തന്നോടുതന്നെ സംസാരിക്കുന്നവണ്ണം അടക്കിയ സ്വരത്തില്‍ പറഞ്ഞു. ചന്ദന്‍ ഒരിക്കലും റിയല്‍ ഫ്രണ്ട്‌സിനെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല. ഡിവോഴ്‌സ് ചെയ്ത ശേഷം വിപിനുമായും പിണങ്ങി. ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം അയാളെ ടാര്‍ജറ്റ് ചെയ്ത് ആ ബന്ധവും നശിപ്പിച്ചു. കൊച്ചുകുട്ടികള്‍ കളിപ്പാട്ടങ്ങള്‍ തകര്‍ക്കുന്നതുപോലെയായിരുന്നു ചന്ദന് ബന്ധങ്ങള്‍ നശിപ്പിക്കുന്നതും.

നിങ്ങള്‍ എന്താണ് ഡിവോഴ്‌സ് ആയത്?

എനിക്ക് പറയാനറിഞ്ഞു കൂടാ. രശ്മി പറഞ്ഞു. ചിലപ്പോള്‍ ആ കാലങ്ങളെക്കുറിച്ചൊന്നും ഓര്‍ക്കാനാവാതെ പോകുന്നതുപോലും എന്നെ അമ്പരപ്പിക്കും. ചന്ദനും ഞാനും ഞങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞ നാളുകള്‍. ദിശതെറ്റി വന്ന ഒരു കാറ്റുകാലം പോലെ പെട്ടെന്നു ജനിച്ചില്ലാതായിപ്പോയ ദിവസങ്ങള്‍. ഒരിക്കല്‍പ്പോലും പ്രണയിച്ചിട്ടില്ലെന്നു പിന്നീടു പലപ്പോഴും തോന്നിപ്പിച്ച നാളുകള്‍. പ്രണയം മരണത്തിലേക്കുള്ള യാത്രയാണെങ്കില്‍ ഡിവോഴ്‌സ് ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന് ചന്ദന്‍ പറയുമായിരുന്നു.

ഘര്‍ വാപസി. പെണ്‍കുട്ടി ആ രാത്രിയില്‍ അയാള്‍ തന്നോടുപറഞ്ഞ വാക്കുകള്‍ സ്വയമൊന്ന് ഉരുവിട്ടു നോക്കി. ഒഴുക്കില്‍പ്പെട്ട ഒരില എവിടെയോ തട്ടിനിന്ന് സംശയിച്ചശേഷം വീണ്ടും ഒഴുക്കിലേക്കു വീണു പോകുന്നതുപോലെയായിരുന്നു അത്.

രാത്രിയായിരുന്നു. അവശേഷിച്ച ഒറ്റമുറി ബള്‍ബിന്റെ നരച്ച വെളിച്ചത്തിനകത്ത് ഉറക്കത്തിന്റെ പുതപ്പുകള്‍ തിരയുന്നതിനിടയിലായിരുന്നു പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി രശ്മി കഴിഞ്ഞു പോയകാലങ്ങളിലെ ജീവിതത്തിലേക്ക് വീണ്ടും ഒഴുകിപ്പോയത്.

ചന്ദന് ജീവിതം ഒരു എക്‌സ്‌പെരിമെന്റായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്ത്രീകളോടുള്ള ബന്ധം, കരിയറിനോടുള്ള ബന്ധം, ചങ്ങാതിമാരോടും കാലത്തിനോടും പോലുമുള്ള ബന്ധം. എല്ലാം പരീക്ഷണമായിരുന്നു. ജീവിതത്തില്‍ വിജയങ്ങളും പരാജയങ്ങളുമില്ല, അനുഭവങ്ങളേയുള്ളൂവെന്ന് പലപ്പോഴും പറയുമായിരുന്നു. എല്ലാം കൗതുകങ്ങളായിരുന്നു. യാത്ര, ആള്‍ക്കൂട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍, കരിയറിലെ കുതിച്ചു ചാട്ടങ്ങള്‍, പരിചയങ്ങള്‍, കണക്ഷനുകള്‍,...എനിക്ക് വേഗം മടുത്തു. ഡിവോഴ്‌സിനുള്ള നിര്‍ദ്ദേശം വെച്ചത് ഞാന്‍ തന്നെയാണ്. എന്റെ ലോകം വളരെ ചുരുങ്ങിയ ഒന്നായിരുന്നു. ഇരുണ്ടതും ഒതുക്കം നിറഞ്ഞതും. ഒരുപാട് വെളിച്ചങ്ങള്‍ എനിക്ക് താങ്ങാന്‍ വയ്യായിരുന്നു.

പിന്നെ ലിവിംഗ് ടുഗെദര്‍ എന്നു പറഞ്ഞ് നിങ്ങള്‍ വീണ്ടും ഒരുമിച്ച് താമസിച്ചതോ?

ഒരുതരം കുറുമ്പ്. അഥവാ മറ്റൊരു പരീക്ഷണം. ചന്ദന്റെ നീക്കുപോക്കില്ലാത്ത ജീവിതത്തെക്കുറിച്ച് വിപിനും പലപ്പോഴും പരാതി പറയാറുണ്ടായിരുന്നു. രണ്ടുരണ്ടുപേരോടും. പരസ്പരം പൊരുത്തപ്പെടാതെ വന്നപ്പോള്‍ ഡിവോഴ്‌സ് എന്ന പോംവഴി ഞാന്‍ തന്നെയാണ് മുന്നോട്ടു വെച്ചത്. ചന്ദന് അതോടെ ഭ്രാന്തായി. അന്നേരം തന്നെ എന്നേയും കൊണ്ട് വിപിന്റെയടുത്തേക്ക് പാഞ്ഞു. ആദ്യം അമ്പരക്കുകയും പിന്തിരിപ്പിക്കാന്‍ നോക്കുകയും ചെയ്‌തെങ്കിലും ഞാന്‍ സീരിയസാണെന്നറിഞ്ഞപ്പോള്‍ വിപിന്‍ കേസ് ചെയ്യാന്‍ തീരുമാനിക്കുകയാണുണ്ടായത്.

എന്നിട്ട്?

അതു കഴിഞ്ഞൊരിക്കല്‍ ചന്ദന്‍ എന്നെക്കാണാന്‍ ബാങ്കില്‍ വന്നു. മദ്യപിച്ചിട്ടുണ്ടായിരുന്നു. രശ്മി എന്നോടൊപ്പം വരണം, ഒരുകാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് എന്നെ ബീച്ചിലേക്കു കൂട്ടിക്കൊണ്ടുപോയി.

നേരം കീഴടങ്ങുകയായിരുന്നു. ബീച്ച് ജീവിതം ആഘോഷത്തിമിര്‍പ്പാക്കിയവരെക്കൊണ്ട് നിറഞ്ഞിരുന്നു. ദ്രവിച്ച കാറ്റിന്റെ അടരുകളില്‍ കുട്ടികള്‍ പറത്തിവിട്ട പട്ടങ്ങള്‍ ആകാശം ഭേദിക്കാനുള്ള വെപ്രാളം കാട്ടി. തിരയുടെ കാഠിന്യമളക്കാനിറങ്ങിപ്പുറപ്പെട്ടവര്‍ക്കു പിന്നാലെ ലൈഫ് ഗാര്‍ഡുമാരുടെ വിസിലടിയും ശകാരവും പാഞ്ഞു ചെന്നു.

വിപിന്‍ തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന് ഞാനറിഞ്ഞു. രശ്മി അതു സ്വീകരിക്കരുത്. ചന്ദന്‍ പറഞ്ഞു. ഞാന്‍ നിന്നെ സ്‌നേഹിച്ചതുപോലെ അയാള്‍ക്കു നിന്നെ സ്‌നേഹിക്കാനാവില്ല. അയാള്‍ക്കെന്നല്ല,ആര്‍ക്കും. ഞാന്‍ ഒന്നിനേയും പ്രണയിച്ചതുപോലെ ഈ ലോകത്ത് ആര്‍ക്കും ഒന്നിനേയും പ്രണയിക്കാനാവില്ല. കാരണം പ്രണയമെന്തെന്ന് എന്നേപ്പോലെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ. പ്രണയമെന്നത് നീക്കുപോക്കില്ലാത്ത, അലിവില്ലാത്ത ഭ്രാന്താണ്. ജീവിതം ഒത്തുതീര്‍പ്പുകളാക്കുന്നവരാണ് അതിനു വഴങ്ങിക്കൊടുക്കുന്നത്. അവരാണ് എവിടെയും എപ്പോഴും കെട്ടുപിണഞ്ഞു കിടക്കുന്നത്. ജോലിയായാലും ജീവിതമായാലും, ചങ്ങാതിമാരോ, ദാമ്പത്യമോ എന്തായാലും. ശരിയായ പ്രണയം സ്വീകരിക്കുന്നതുപോലെ ഉപേക്ഷിക്കുന്നതും കൂടിയാണ്. വിപിനെന്നല്ല മറ്റാരുമായും രശ്മി ഇനി എന്‍ഗേജ്ഡ് ആയാല്‍ ഞാന്‍ നിന്നെ ഉപേക്ഷിച്ച പ്രണയം പോലും അര്‍ത്ഥമില്ലാത്തതാകും, അതുകൊണ്ടാണ്.

പോകാം, ചന്ദന്‍. ഞാന്‍ പറഞ്ഞു. എനിക്ക് മുഷിയുന്നു. ഒരുപാട് ജോലികളുമുണ്ട്.

നീണ്ട ചാറ്റല്‍ മഴയിലൂടെ നനഞ്ഞ് കാറില്‍ക്കയറി തിരികെ ഫ്‌ളാറ്റിലെത്തിയ ആ രാത്രിയാണ് ചന്ദന് ആക്‌സിഡന്റുണ്ടായത്. നിരത്തിലൂടെ നടന്നുപോകുമ്പോള്‍ ഏതോ വാഹനം ഇടിച്ചിട്ടു നിര്‍ത്താതെ പോകുകയായിരുന്നു.

അത് അവന്‍ പാര്‍ട്ടിക്കാരേക്കൊണ്ട് ചെയ്യിച്ചതാണ്. ചന്ദന്‍ വിപിനെ ഉദ്ദേശിച്ച് പറഞ്ഞു. ഞാന്‍ പാര്‍ട്ടി മാറിയതിന്റെ വിരോധം തീര്‍ത്തതാണ്. അവന്‍ നിന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ അവനെ വെറുക്കാന്‍ തുടങ്ങി. അവന്‍ എന്നെയും.

ഞാന്‍ ഒന്നും മിണ്ടിയില്ല. ആശുപത്രിയുടെ സ്ഥായിയായ നിശ്ശബ്ദതയെ ഭേദിച്ച് ചന്ദന്റെ സുഹൃത്തുക്കള്‍ ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നു. ചന്ദന്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയും ആഘോഷിക്കുകയായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യും വരെ ഒപ്പം നിന്നിട്ട് ചന്ദനെ ഞാന്‍ ഫ്‌ളാറ്റിലേക്കു കൊണ്ടുവന്നു. വീണ്ടും ജീവിതം ആരംഭിക്കുന്ന മട്ടില്‍ ചന്ദന്‍ വാക്കര്‍ ഉപയോഗിച്ച് നടക്കാന്‍ തുടങ്ങി.

ഞാനിനി ആ വീട്ടിലേക്കു തിരിച്ചുപോകുന്നില്ല. ചന്ദന്‍ പറഞ്ഞു. തന്റെ കൂടെത്താമസിക്കും. പേയിംഗ് ഗസ്റ്റായിട്ട്. കല്യാണം കഴിച്ച് ഡിവോഴ്‌സായവരുടെ ലിവിംഗ് റ്റുഗെദര്‍. കിടക്കട്ടെ അങ്ങനൊരാശയവും. നമുക്ക് ഒരു എഗ്രിമെന്റുണ്ടാക്കണം. ആരൊക്കെ എന്തൊക്കെ ചെയ്യാം. ചെയ്യാതിരിക്കാം. എന്നെല്ലാം വ്യവസ്ഥവെച്ചുകൊണ്ടുള്ള ഒരു കരാര്‍. പണ്ടു കല്യാണം കഴിച്ചു ജീവിച്ച കാലഘട്ടത്തിലെ എല്ലാ അനുഭവങ്ങളും വെച്ചുകൊണ്ടുള്ള ഒരു ഉടമ്പടിപത്രം. 

സുഹൃത്തുക്കള്‍ക്ക് ഏതൊക്കെ സമയത്ത് പ്രവേശനം അനുവദിക്കാം, എത്രപേരെ പാര്‍പ്പിക്കാം, വീട്ടുചെലവുകളുടെ ഡിവിഷന്‍, അതിഥികള്‍ താമസിച്ചാല്‍ അവര്‍ക്കുള്ള ഭക്ഷണച്ചെലവിന്റെ കോണ്‍ട്രിബ്യുഷന്‍, വെള്ളം, വൈദ്യുതി, കരാര്‍ റദ്ദാക്കാനുള്ള കാലവധി എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഒരു കരാര്‍. റിയല്‍ ലീഗല്‍ ലൈഫ് വിത്തൗട്ട് സെക്‌സ്.

ആയിടെയൊരിക്കല്‍ ഫോണ്‍ ചെയ്ത് വിപിന്‍ ചോദിച്ചു. രശ്മിക്കും ഭ്രാന്തായോ? കരാര്‍ എഴുതണമെന്നു പറഞ്ഞ് ഇന്നിവിടെ വന്നിരുന്നു. പോയി പണി നോക്കാന്‍ ഞാന്‍ പറഞ്ഞപ്പോള്‍ ക്ഷോഭിച്ച് എന്തെക്കെയോ പറഞ്ഞിട്ടാണിറങ്ങിപ്പോയത്.

ഒരു വ്യക്തിത്വവുമില്ലാത്തവണ്ണം നിങ്ങള്‍ അയാളുടെ ഭ്രാന്തുകള്‍ക്കെല്ലാം കൂട്ടുനിന്നു? പെണ്‍കുട്ടി ചോദിച്ചു

അവളെ ഒന്നു ബലഹീനമായി നോക്കിയതല്ലാതെ രശ്മി ഒന്നും പറഞ്ഞില്ല. അവര്‍ക്ക് പറയാന്‍ കഴിഞ്ഞില്ല; അയാള്‍ക്ക് ഞാന്‍ വെറുമൊരു എക്‌സ്‌പെരിമെന്റ്  മാത്രമായിരുന്നെങ്കിലും എനിക്കയാള്‍ എന്നും തന്നെ പ്രണയമായിരുന്നെന്ന്. പ്രണയം സ്വീകരിക്കപ്പെടുന്നതിനേക്കാള്‍ ഉന്‍മത്തമാകുന്നത് ഉപേക്ഷിക്കപ്പെടുമ്പോഴാണെന്ന്. പൂക്കുന്ന ചെടികളേക്കാള്‍ കാത്തിരിക്കപ്പെടുന്നത് പൂക്കാത്ത ചെടികളാണെന്ന്. ഒരു ഡ്രൈവിംഗ് ഫോഴ്‌സുപോലെ അതു ജീവിതത്തെ മുന്നോട്ടു വലിച്ചു കൊണ്ടുപോകുന്നുവെന്ന്. 

നിശ്ശബ്ദതയുടെ രാത്രിക്ക് നീളം വെയ്ക്കുകയായിരുന്നു. തവിട്ടുനിറമുള്ള പെയിന്റടിച്ച കിടപ്പുമുറിയിലെ രാത്രി പെണ്‍കുട്ടിയെ പിന്നെപ്പിന്നെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. ഓര്‍ക്കാന്‍ കൂടി വയ്യ; എന്തു പെയിന്റാണിത്? വീണ്ടും സംസാരം തുടങ്ങിക്കിട്ടാനെന്നവണ്ണം അവള്‍ രശ്മിയോട് പരാതിപ്പെട്ടൂ. ഒന്നു നെടുവീര്‍പ്പിട്ടതല്ലാതെ കുറെ നേരത്തേക്ക് രശ്മി ഒന്നും പറഞ്ഞില്ല. ചന്ദന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അങ്ങനെയൊക്കെയായിരുന്നു. എന്തോ ഓര്‍ത്തെടുക്കുന്നതുപോലെ അവര്‍ പിന്നെപ്പറഞ്ഞു. 

ബെഡ് റൂമില്‍ ഇളം നിറങ്ങള്‍ മതിയെന്ന് ഞാന്‍ പണ്ടേ പറഞ്ഞതാണ്. എല്ലാം സമ്മതിക്കുകയും ചെയ്യും, സമയമടൂക്കുമ്പോള്‍ എല്ലാം ചവിട്ടിമെതിച്ച് തീരുമാനങ്ങള്‍ മാറും. 

ഈ രാത്രി; പെണ്‍കുട്ടി ഓര്‍മ്മിച്ചു. ഇവര്‍ അറിയുന്നുണ്ടാവുമോ അയാള്‍ മരിക്കുന്നതുനുമുമ്പ് തന്നോട് പറഞ്ഞ വാക്കുകള്‍? തന്റെ മുഖം അയാളില്‍ മുങ്ങിക്കിടക്കുമെന്നും തന്റെ ശബ്ദങ്ങള്‍ അയാളില്‍ മുദ്രവെയ്ക്കപ്പെടുമെന്നും? ആ ട്രെയിന്‍ യാത്രയുടെ അവസാനം മരണം യഥാര്‍ത്ഥത്തില്‍ അയാളിലേക്ക് വര്‍ഷിക്കപ്പെടുമെന്ന് സത്യമായും ഉള്‍ക്കൊണ്ടുകൊണ്ടാണോ അയാള്‍ ആ വാക്കുകള്‍ തന്നോട് പറഞ്ഞത്? ഈ സ്ത്രീയോടുള്ള വെറുപ്പാണോ സ്‌നേഹമാണോ അയാള്‍ തന്നിലേക്കുപേക്ഷിച്ചത്?

എന്നോടു സത്യം പറയൂ.... അവരുടെ നേരേ തിരിഞ്ഞുകിടക്കുമ്പോള്‍ പെണ്‍കുട്ടി ചോദിക്കാനാഗ്രഹിച്ചു. അയാളോട് നിങ്ങള്‍ക്ക് സ്‌നേഹമായിരുന്നുവോ,  വെറുപ്പായിരുന്നുവോ,  വെറും കെട്ടുപാടുകളായിരുന്നുവോ? ഒരു മരണത്തില്‍ അയാള്‍ ഇല്ലാതായപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസമാണോ ദു:ഖമാണോ തോന്നിയത്?

പക്ഷെ ഒന്നും ചോദിച്ചില്ല. പകരം അവള്‍ ചോദിച്ചത് ഇങ്ങനെയായിരുന്നു.: ഡിവോഴ്‌സിനു ശേഷം നിങ്ങള്‍ അധികകാലം ഒരിമിച്ചുണ്ടായിരുന്നുവോ?

ഇല്ല. രശ്മി പറഞ്ഞു. അക്കാലം ചന്ദന്റെ യാത്ര അപകടങ്ങളിലേക്കും എതിര്‍പ്പുകളിലേക്കുമായിരുന്നു. വിപിനുമായും പിണങ്ങി. എന്തൊക്കെയോ പൊസിഷനുകള്‍ക്കു വേണ്ടി സംഘടനകളങ്ങോട്ടുമിങ്ങോട്ടും മാറി, ലേഖനങ്ങളില്‍ക്കൂടി പലരേയും വെറുപ്പിച്ചു, ഒരുദിവസം ഫ്‌ളാറ്റിന്റെ മുന്‍വശത്ത് സദാചാരവാദികള്‍ തടിച്ചുകൂടി 'കോളേജ് പ്രൊഫസറുടെ അനാശാസ്യ'മെന്ന് പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി. ഫ്‌ളാറ്റിലെ അസോസിയേഷന്‍കാര്‍ എന്നെ വിളിച്ചു താക്കീതു ചെയ്തു. നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയവര്‍ ഒന്നിച്ചു താമസിക്കുന്നതിന്റെ സാംഗത്യം ചൊദ്യം ചെയ്തു. ഞാനും ക്ഷോഭിച്ച് എന്തൊക്കൊയോ പറഞ്ഞു. 

കരാര്‍ വെച്ചിട്ട് രശ്മി ഏകപക്ഷീയമായി പിന്‍മാറുന്നത് ശരിയല്ല. ചന്ദന്‍ പറഞ്ഞു.

കരാര്‍! കരച്ചിലാണ് എനിക്കന്നേരം കലിയായി പൊട്ടിയത്. 'കടന്നുപോകൂ'- ഞാന്‍ നിരുത്തരവാദപരമായി അലറി. പൊട്ടിത്തെറിച്ചു. ഈ ജീവിതകാലം മുഴുവന്‍ നിങ്ങളെന്നെ പരീക്ഷണവസ്തുവാക്കുകയായിരുന്നു. എന്റെയും നിങ്ങളുടേയും ജീവിതം വെച്ച് നിങ്ങള്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തി. എനിക്കു മതിയായി. ഇനി കാരണങ്ങള്‍ പറഞ്ഞ് എന്റെ ജീവിതത്തിലേക്ക് കടന്നുവരരുത്.

രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുമുമ്പാണത്. അവര്‍ പറഞ്ഞു: 

ചന്ദന്‍ വാക്കു പാലിച്ചു. പിന്നെ എന്റെ മുന്നില്‍ വന്നില്ല. ഇനി വരികയുമില്ല.

ഇരുട്ടു മറച്ചുപിടിക്കുന്ന തേങ്ങലിന്റെ ഒച്ചയില്‍ അവര്‍ സംസാരം എവിടെയോ അടുപ്പിക്കുകയായിരുന്നു.

 

.................................................................

മണ്ണുകൊണ്ട് വീടുണ്ടാക്കുന്ന കുട്ടികളെപ്പൊലെയാണ് നിങ്ങള്‍. അയാള്‍ പറഞ്ഞു. നുണകൊണ്ട് വിശ്വസനീയമായ ഒരു കഥ സൃഷ്ടിച്ചെടുക്കാന്‍ പോലും നിങ്ങള്‍ക്കറിയില്ല.

.................................................................

 

രാത്രി വീണ്ടും ഓളം വെട്ടി. പെണ്‍കുട്ടി അതെല്ലാം തലങ്ങും വിലങ്ങും ഓര്‍ത്തുകിടന്നു. എപ്പോഴോ ഉറങ്ങി. ഉറക്കത്തില്‍ അവളുടെ ഫോണ്‍ ശബ്ദിക്കുന്നതു കേട്ടു. പാതിയുറക്കത്തില്‍ എടുത്തുനോക്കുമ്പോള്‍ മറുപുറത്ത് അവള്‍ തന്റെ നിരസിക്കപ്പെട്ട പ്രണയം പ്രസരിക്കുന്നതുകണ്ടു. അവളുടെ കമിതാവിന്റെ സ്വരത്തില്‍ ആകാംക്ഷയും ഉദ്വേഗവും ജിജ്ഞാസയും തളര്‍ച്ചയും വെമ്പലുമുണ്ടായിരുന്നു..

ഞാനൊരു പാട്ടുകേട്ടു. അവന്‍ അവളോടു പറഞ്ഞു. ഒരു കവിത. 'മരണമെത്തുന്ന നേരത്ത്...' എന്നു തുടങ്ങുന്ന ഒരു കവിത. എനിക്കന്നേരം നിന്നെയാണോര്‍മ്മ വന്നത്. നിന്നെ മാത്രം. ഞാന്‍ നിന്നോടു തെറ്റു ചെയ്തു. അതു വേണ്ട. നമുക്ക് ഒരുമിച്ച് ജീവിക്കാം. അല്ലെങ്കില്‍ മരിക്കാം. രണ്ടായാലും നീ ഒപ്പം വേണം. എനിക്ക് നീയില്ലാതെ വയ്യ.

എനിക്കുറക്കം വരുന്നു. അവള്‍ പറഞ്ഞു. നമുക്ക് നാളെ സംസാരിക്കാം.

എനിക്കുറങ്ങാന്‍ പറ്റുന്നില്ല. എന്നെ നീ പ്രണയിക്കുന്നെന്നു പറയൂ. ഞാന്‍ സമാധാനമായി ഉറങ്ങട്ടെ.

ഒരുനിമിഷം ഒന്നും പറയാതെ ആലോചിച്ചുകിടന്നിട്ട് അവള്‍ ഫോണ്‍ ഓഫാക്കി. കിടക്കയില്‍ തിരിഞ്ഞു കിടന്നു.

ഫോണിന്റെ ലൈറ്റ് ഒടുങ്ങിയപ്പോള്‍ വീണ്ടും മുറിക്കുള്ളില്‍ ഇരുട്ട് നിറഞ്ഞു. ഉറക്കം മുറിഞ്ഞതിലുള്ള അസ്വസ്ഥതയോടെ തിരിഞ്ഞുകിടക്കുമ്പോള്‍ പിറുപിറുക്കുന്നതുപോലെ രശ്മി ചോദിച്ചു: ആരാണ്?

എന്റെ നഷ്ടപ്പെട്ട പ്രണയം. പെണ്‍കുട്ടി പറഞ്ഞു.

എന്നോട് സത്യം പറയൂ....വിപിനെ വീണ്ടും കാണുമ്പോള്‍ കഴിഞ്ഞ തവണ അയാളോട് ചോദിച്ചുനിര്‍ത്തിയ ചോദ്യത്തില്‍ നിന്ന് വീണ്ടും തുടങ്ങണമെന്ന് പെണ്‍കുട്ടി വിചാരിച്ചു. അന്നുരാത്രി നിങ്ങള്‍ ആ ട്രെയിനില്‍ യാത്ര ചെയ്തതെന്തിനാണ്? നിങ്ങളാണോ അയാളുടെ മരണത്തിനു പിന്നില്‍? നിങ്ങളായിരുന്നുവോ അയാളുടെ മരണം? 

അവരൊരുമിച്ച് ഒരു കാറില്‍ സഞ്ചരിക്കുകയായിരുന്നു അന്നേരം. കാറ് അപരിചിതമായ വഴികള്‍ മാത്രം തേടിപ്പിടിച്ചു. കാറോടിക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതല്ലാതെ വിപിന്‍ ഒന്നും സംസാരിച്ചിരുന്നില്ല. അവളും. തനിക്ക് പോകേണ്ട വഴിയില്‍ക്കൂടിയല്ല കാര്‍ പോകുന്നതെന്നത് അവളെ പരിഭ്രമിപ്പിച്ചുമില്ല,

നന്നേ പുലര്‍ച്ചയ്ക്ക് എപ്പോഴാണ് പോകാനിറങ്ങുന്നത്, ഒന്നു കാണണം, ഞാന്‍ ബസ് സ്‌റ്റോപ്പില്‍ വരാം, രശ്മി തല്‍ക്കാലം അറിയേണ്ട എന്നുപറഞ്ഞ് വിപിന്‍ വിളിക്കുമ്പോള്‍ പെണ്‍കുട്ടി ഉറക്കത്തില്‍ നിന്നുമുണര്‍ന്നുവരുന്നതേയുണ്ടായിരുന്നുള്ളൂ. മരണത്തിന്റെ ഓര്‍മ്മകള്‍ മായ്ക്കപ്പെട്ടിരുന്നു. കുളിമുറിക്കുള്ളില്‍ രശ്മി പെരുമാറുന്ന ഒച്ച കേട്ടു. തലേന്നു രാത്രി ഉപേക്ഷിച്ച പ്രണയത്തിന്റെ വിളികളെ ഓര്‍ത്ത് ഫോണ്‍ ഓണാക്കിയിട്ട് അധികനേരമായിരുന്നില്ല. ഏകദേശസമയം പറയുമ്പോള്‍ പെണ്‍കുട്ടി പറഞ്ഞു: ഞാന്‍ കാത്തുനില്‍ക്കാം.

ബസ് സ്റ്റോപ്പില്‍ അധികം ആള്‍ത്തിരക്കുണ്ടായിരുന്നില്ല. ഓരോ കാറും കടന്നുവരുമ്പോള്‍ പെണ്‍കുട്ടി ഉറ്റുനോക്കിക്കൊണ്ടിരുന്നു. മരണത്തിന്റെ നിറമുള്ള, മരണത്തിന്റെ ശരീരവടിവുകളുള്ള, മരണത്തിന്റെ ഇന്ധനം നിറച്ച വാഹനം ഏതാണ്?

അവള്‍ക്കരികിലേക്ക് ബ്രേക്കിട്ടുനിര്‍ത്തിയ കാറിന് പക്ഷേ മന്ദഹാസത്തിന്റെ ഛായയായിരുന്നു.

എന്തിനാണ് എന്നെ കാണണമെന്നു പറഞ്ഞത്? ഏറെനേരം വണ്ടിയോടിച്ചിട്ടും അയാള്‍ ഒന്നും പറയുന്നില്ലെന്നുകണ്ട് അക്ഷമയോടെ പെണ്‍കുട്ടി ചോദിച്ചു.

ചന്ദന്‍ ആ രാത്രി മരണത്തിലേക്കു വീണുപോയതെങ്ങിനെയാണ്? സ്വയം എടുത്തു ചാടിയതോ ഓര്‍ക്കാപ്പുറത്തു വീണുപോയതോ? കാറ് ഒരു സൈഡിലേക്കൊതുക്കി നിര്‍ത്തി അവളുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി അയാള്‍ ചോദിച്ചു.

ഇതിനകം യാതനയുടെ ഒരുപാടു ദൂരം താണ്ടിയ വാഹനം മെല്ലെ വിശ്രമിക്കുകയായിരുന്നു. നിബന്ധനകളൊന്നുമില്ലാത്ത ഒരു കാറ്റ് അലക്ഷ്യമായി അവരെയൊന്നു നോക്കിയിട്ട് പറന്നുപോയി.

ഇതു ഞാന്‍ നിങ്ങളോട് ഇന്നലെ ചോദിച്ച ചോദ്യമാണ്. വാക്കുകള്‍ സൂക്ഷിച്ചുപെറുക്കിയെടുക്കുമ്പോള്‍ പെണ്‍കുട്ടി പറഞ്ഞു. ട്രെയിനില്‍ ഞാന്‍ അയാളെ ഉപേക്ഷിച്ചുപോരുമ്പോഴും നിങ്ങള്‍ അവിടെയുണ്ടായിരുന്നു. പിന്നെ എന്താണു സംഭവിച്ചത്?

നുണകൊണ്ട് നിങ്ങള്‍ ഇതിനകം വലിയൊരു കഥ തന്നെ പറഞ്ഞുണ്ടാക്കി. അയാള്‍ പറഞ്ഞു. ഞാന്‍ ഒരു ട്രെയിനിലും യാത്ര ചെയ്തിട്ടില്ല. നിങ്ങളെ ഇതിനുമുമ്പ് കണ്ടിട്ടുമില്ല. ചന്ദന്റെ ജീവിതത്തിനും മരണത്തിനും പിന്നാലെ നിങ്ങള്‍ യാത്ര ചെയ്യുന്നതെന്തിനാണ്? നിങ്ങളും അയാളും തമ്മില്‍ എന്തു ബന്ധം?

ഇതല്ലല്ലോ എന്റെ ചോദ്യത്തിനുള്ള ഉത്തരം. പെണ്‍കുട്ടി പറഞ്ഞു. മരണത്തിനുമുമ്പ് അയാള്‍ ഒരു കവിത കൊണ്ട് എന്നെ ബന്ധിച്ചിട്ടാണു പോയത്. ഞാന്‍ അയാളെ അറിയുകയോ അയാള്‍ എന്നെ അറിയുകയോ ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്കിടയിലൂടെ മരണത്തിന്റെ ഒരു പുഴ ആ രാത്രി ഒഴുകുന്നുണ്ടായിരുന്നു. അതു നീന്തിക്കടന്ന് അയാള്‍ എന്റെ അരികിലേക്ക് വരികയായിരുന്നു. ഒഴുക്കില്‍ പക്ഷെ മുങ്ങിപ്പോയി. നേരം വെളുത്തപ്പോള്‍ ആ പുഴ വറ്റിപ്പോയിരുന്നു. ഒരിക്കലും അങ്ങനെയൊരു ഒഴുക്കേ ഉണ്ടായിട്ടില്ലെന്ന ഓര്‍മ്മയില്‍. പലപ്പോഴും ആഗ്രഹിച്ചിരുന്ന മരണം എനിക്കിപ്പോള്‍ പേടിയാണ്.ആ രാത്രി കണ്ണുകളില്‍ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കണ്ടത് മരണമാണ്. അയാള്‍ പറഞ്ഞിട്ടുപോയ വാക്കുകള്‍ കാടെരിയുന്നതുപോലെ ഇപ്പോഴും എന്നെ പൊള്ളിക്കുന്നു. വണ്ടിയുടെ ചക്രങ്ങള്‍ പാളങ്ങളില്‍ നിന്നു വേര്‍പെട്ടുപോകുന്ന പരിഭ്രാന്തിയില്‍ അന്നേരം വന്ന ഒരു ഫോണ്‍കാളിന്റെ തുമ്പു പിടിച്ച് ഞാന്‍ എഴുന്നേറ്റു. ട്രെയിനിന്റെ കുലുക്കത്തില്‍ ഉലഞ്ഞാടി, ഊര്‍ന്ന വസ്ത്രങ്ങള്‍ നേരെയാക്കി, മുടി കൈകൊണ്ടൊതുക്കി, വാഷ് ബേസിനിലേക്ക് ചെന്ന് ടാപ്പ് തുറന്ന് ഭയവും കുറ്റബോധവും അപ്പാടെ കഴുകിക്കളഞ്ഞ് തിരികെ വന്ന് ഞാന്‍ ബാഗെടുത്തു.

പോവുകയാണോ? എന്റെ ഓര്‍മ്മയില്‍ അതായിരുന്നു അയാളുടെ അവസാനത്തെ ചോദ്യം.

അടുത്ത സ്‌റ്റേഷന്‍. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവേ മൗത്ത്പീസ് കൈകൊണ്ടടച്ചുപിടിച്ച് ഞാന്‍ പറഞ്ഞു: ശരി, വരട്ടെ.

കമ്പാര്‍ട്ട്‌മെന്റുകള്‍ പിന്നിട്ട് ഞാന്‍ നടന്നുവരവേ ഏതോ ബോഗിയുടെ വാതില്‍ക്കല്‍ നിങ്ങള്‍ നില്‍പുണ്ടായിരുന്നു. ട്രെയിനിന്റെ വേഗം ചുഴറ്റിയെറിയുന്ന കാറ്റിനേയും ഇരുട്ടിനേയും നോക്കി. വാതിലുകള്‍ അടഞ്ഞുപോകാതിരിക്കാന്‍ അത്മാവിന്റെ ബലമത്രയും അതിലേക്ക് തള്ളിപ്പിടിച്ച്....നുണകള്‍ കൊണ്ട് കഥ പറഞ്ഞത് ഞാനല്ല; നിങ്ങളാണ്. എന്നോടു സത്യം പറയാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥനാണ്. തുറന്നു പറയൂ, അയാള്‍ ട്രെയിനില്‍ നിന്നു ചാടിയതോ തള്ളിവീഴ്ത്തപ്പെട്ടതോ?

മണ്ണുകൊണ്ട് വീടുണ്ടാക്കുന്ന കുട്ടികളെപ്പൊലെയാണ് നിങ്ങള്‍. അയാള്‍ പറഞ്ഞു. നുണകൊണ്ട് വിശ്വസനീയമായ ഒരു കഥ സൃഷ്ടിച്ചെടുക്കാന്‍ പോലും നിങ്ങള്‍ക്കറിയില്ല. ഒന്നാമത് ഞാന്‍ ആ ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ല. രണ്ടാമത് ചന്ദന്‍ വീണു മരിച്ച സ്ഥലം കഴിഞ്ഞ് വളരെ ദൂരം കഴിഞ്ഞാണ് നിങ്ങള്‍ക്കിറങ്ങേണ്ട സ്‌റ്റേഷന്‍. അപ്പോള്‍ അതിനുമുമ്പ് നിങ്ങള്‍ വണ്ടിയിറങ്ങിയതെന്തിനാണെന്നും വ്യക്തമല്ല. ഒക്കെയും ബന്ധിപ്പിച്ച് പോലീസുകാര്‍ ഓരോന്നു ചോദിക്കുമ്പോള്‍ നിങ്ങളുടെ കഥ മണ്ണരടുകള്‍ പോലെ പൊടിഞ്ഞുപോകും. എന്തിനാണ് നിങ്ങള്‍ കുറ്റബോധം കൊണ്ടെന്നപോലെ ഇങ്ങനെ ആവി കൊള്ളുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല.

ക്ഷണനേരം അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല.

അഥവാ പോലീസ് നിങ്ങളെ ത്തിരഞ്ഞു വന്നാലും എന്നെ നിങ്ങള്‍ ആ ട്രെയിനില്‍ക്കണ്ടു എന്ന കള്ളക്കഥ അവരോട് പറയരുത്. അതു പറയാനാണ് ഞാന്‍ നിങ്ങളെ കാണാനാഗ്രഹിച്ചത്. അതു കൂടുതല്‍ കോംപ്ലിക്കേഷന്‍സ് ഉണ്ടാക്കുകയേ ഉള്ളൂ.

എന്തു കോംപ്ലിക്കേഷന്‍സ്? അവള്‍ ചോദിച്ചു.

എനിക്കു നിങ്ങളെ വിശ്വസിക്കാമോ? അയാള്‍ പെണ്‍കുട്ടിയുടെ മുഖത്തേക്കുറ്റുനോക്കി ചോദിച്ചു.

മറുപടിയായി നിറഞ്ഞ അവളുടെ കണ്ണുകളില്‍ എല്ലാമുണ്ടായിരുന്നു.

ചന്ദന്‍ ട്രെയിനില്‍ നിന്നു വീണു മരിച്ച രാത്രി ഞാനും രശ്മിയും ഒന്നിച്ചാണു ചെലവഴിച്ചത്. അവരുടെ ഫ്‌ളാറ്റില്‍. അവരുടെ ബെഡ്‌റൂമില്‍. ഇതിനുമുമ്പും അങ്ങിനെയുണ്ടായിട്ടുണ്ട്. ഡിവോഴ്‌സിനു ശേഷം രശ്മിക്ക് ലൈംഗികത ചന്ദനോടുള്ള പ്രതികാരം മാത്രമായിരുന്നു. എനിക്ക് അര്‍ത്ഥവും കാമവും. ഏതോ ഒരു മായികതയില്‍ നിങ്ങളൊരു കള്ളക്കഥയുണ്ടാക്കി പൊലീസ് അതിനുപിന്നാലെ അന്വേഷണവുമായി വന്നാല്‍ സ്വാഭാവികമായും ഇതെല്ലാം പുറത്തുവരും. അത് രശ്മിയുടെ ഭാവിജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. 

ഒരു വലിയ സത്യം മറയ്ക്കാന്‍ ചെറിയൊരു നുണ. എന്തിനാണ് എല്ലാവരും എന്നോടു നുണ പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല... പെണ്‍കുട്ടി പറഞ്ഞു.

നിങ്ങളാണ്, കാറിന്റെ ഫ്രണ്ടിലെ ഡാഷ്‌ബോര്‍ഡിലേക്ക് തലതാഴ്ത്തിവെച്ച് കരച്ചിലും കണ്ടെത്തലും നിറഞ്ഞ സ്വരത്തില്‍ ഏങ്ങുന്നതിനിടയിലും അവള്‍ പുലമ്പിക്കൊണ്ടിരുന്നു. നിങ്ങളും അവരും ചേര്‍ന്ന് അയാളെ കൊന്നു. ഇപ്പോള്‍ ഒരുപാട് നുണകള്‍ പറയുന്നു. ലോകം മുഴുവന്‍ സ്‌നേഹത്തിനുവേണ്ടി ഒറ്റിക്കൊടുക്കുന്നവര്‍ പറയുന്ന നുണകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. 

തീര്‍ന്നുവോ? അവള്‍ ഒന്നു നിര്‍ത്തിയപ്പോള്‍ അനുകമ്പയോടെ നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു. തീര്‍ന്നെങ്കില്‍ തിരിച്ചുപോകാം.

പോകാം. അവള്‍ പറഞ്ഞു.

ഓര്‍ക്കാപ്പുറത്ത് ഒഴുക്കു തടസ്സപ്പെട്ട ജീവിതം വീണ്ടും മുന്നോട്ടൊഴുകുന്നതുപോലെ വാഹനം നീങ്ങി.

ഇത്രയും ടാര്‍ജറ്റ് ചെയ്യപ്പെട്ട ഒരാളാണെങ്കില്‍, നിങ്ങള്‍ പറയുന്നതുപോലെ മരണഭീതിയില്‍ ജീവിക്കപ്പെട്ട ഒരാളാണെങ്കില്‍, ആരാത്രി തനിയേയുള്ള യാത്ര തെരഞ്ഞെടുക്കുമായിരുന്നുവോ? അതെങ്കിലും നിങ്ങള്‍ ചിന്തിക്കാത്തതെന്ത്? അയാള്‍ ചോദിച്ചു.

അതിനവള്‍ മറുപടി പറഞ്ഞില്ല.

ആ ഏ സി ഒന്ന് ഓഫ് ചെയ്യുമോ? വിന്‍ഡോ ഗ്ലാസ്സുകള്‍ താഴ്ത്തുമ്പോള്‍ അവള്‍ ചോദിച്ചു. ഞാനിത്തിരി കാറ്റുകൊള്ളട്ടെ.

വണ്ടി ഒരു കയറ്റം കയറുകയായിരുന്നു. ജനല്‍ച്ചില്ലുകള്‍ താഴ്ത്തിയപ്പോള്‍ പ്രണയനഷ്ടത്താല്‍ ആത്മഹത്യ ചെയ്ത ഭ്രാന്തന്‍ കാറ്റുകള്‍ പാഞ്ഞു വന്നു. അങ്ങുമിങ്ങും മുഖമുരുമ്മിക്കൊണ്ട് ഇതല്ല, ഇതല്ല, എന്നു കിതച്ചും പിന്‍വാങ്ങിയും അതുപിന്നെ അകന്നകന്നു പോയി. വിജനമായ നിരത്ത് മനുഷ്യവാസമില്ലാത്ത ഗ്രഹങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഇടയ്‌ക്കെപ്പോഴോ പെണ്‍കുട്ടിയുടെ ഫോണ്‍ ശബ്ദിച്ചു. എടുത്തുനോക്കിയപ്പോള്‍ അവനായിരുന്നു.

ഇന്നലെ രാത്രി എന്റെ കോള്‍ നീ കട്ടു ചെയ്തു. തിരിച്ചു വിളിക്കാമെന്നു പറഞ്ഞിട്ട് വിളിച്ചുമില്ല.

അവള്‍ ഒന്നും പറഞ്ഞില്ല.

നമ്മള്‍ ഒന്നിച്ചു സ്‌നേഹിച്ച ജീവിതത്തേക്കാള്‍ ലഹരിപിടിപ്പിക്കുന്ന മറ്റൊന്നും ജീവിതത്തില്‍ എനിക്കോര്‍മ്മിക്കാന്‍ കഴിയുന്നില്ല.നിനക്കെന്നോടു ക്ഷമിക്കാന്‍ കഴിയുന്നില്ലേ?

അവള്‍ ഫോണ്‍ ചെവിയില്‍ നിന്നെടുത്തു കോള്‍ കട്ടാവുന്നതുവരെ കൈയ്യില്‍ പിടിച്ച് അതില്‍ത്തന്നെ നോക്കിയിരുന്നു. സംഭാഷണങ്ങള്‍ നിലച്ചപ്പോള്‍ ഫോണ്‍ ബാഗിലെടുത്തിട്ടു.

രശ്മിയായിരുന്നുവോ? മുന്നിലെ നിരത്തില്‍ നിന്നും അവളുടെ മുഖത്തേയ്ക്ക് നോട്ടം മാറ്റി അയാള്‍ ചോദിച്ചു.

അവള്‍ പുറത്തേയ്ക്ക് നോക്കിയിരുന്നതേയുള്ളൂ.

വീട്ടിലേയ്ക്ക് പോകുന്ന വാഹനത്തില്‍ അപ്പോഴും ഒരു സ്ത്രീയും പുരുഷനും മാത്രമേയുണ്ടായിരുന്നുള്ളൂ. അവര്‍ പരസ്പരം സംസാരിച്ചിരുന്നില്ല. പ്രക്ഷേപണം ചെയ്യപ്പെടാത്ത വാക്കുകള്‍ ഭാരം നഷളടപ്പെട്ട ചിന്തകളായി അവിടെയുമിവിടെയും തങ്ങിനിന്നു .നുണകള്‍ ഉരിഞ്ഞുകളഞ്ഞപ്പോള്‍ അവശേഷിച്ച ലജ്ജ കൊണ്ട് പരസ്പരം കാണപ്പെടാതെയിരിക്കാന്‍ അവര്‍ വസ്ത്രം ധരിച്ചിരുന്നു. എല്ലാ കാഴ്ചയും അര്‍ധസത്യങ്ങളായിത്തന്നെ നിലനിര്‍ത്താന്‍ ഇടയ്ക്കിടെ അവരുടെ കണ്ണുകള്‍ ഇമ വെട്ടുകയും അവരുടെ ശ്വാസമിടിപ്പുകള്‍ കയറ്റിറക്കങ്ങളിലൂടെ അപഥസഞ്ചാരങ്ങളായിപ്പോവുകയും ചെയ്തു. അതുവരെ വിജനമായിരുന്ന നിരത്ത് വീട്ടിലേക്കുള്ള പാത താണ്ടും തോറും പാര്‍പ്പിടങ്ങളും വര്‍ത്തമാനങ്ങളും തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും നിറഞ്ഞ് കാഴ്ച ചെറുതാക്കിക്കൊണ്ടിരുന്നു. ഇരമ്പിയാര്‍ക്കുന്ന പാതയോരത്ത് സ്‌കൂള്‍ വിട്ടോടിപ്പോകുന്ന ഒരു പെണ്‍കുട്ടി റോഡ് മുറിച്ചുകടക്കാന്‍ ബദ്ധപ്പെട്ടുനിന്നു. അവളുടെ ശരീരത്തുതട്ടിയിട്ടും അതറിയാതെ വീട്ടിലേക്കുള്ള വഴി മറന്നുപോയ ഒരു അല്‍ഷിമേഴ്‌സ് രോഗി ലക്ഷ്യമില്ലാതെ സംതൃപ്തനായി നടന്നുകൊണ്ടിരുന്നു.

അടുത്ത ജംഗ്ഷനിലാണ് എനിക്കിറങ്ങേണ്ടത്.

അവള്‍ അയാളോട് പറഞ്ഞു.

അയാള്‍ അവളെ നോക്കി. അനുസരണയില്ലാതെ പറന്ന ഒന്നു രണ്ടു മുടിയിഴകളെ ഒതുക്കി വെയ്ക്കുകയായിരുന്നു അവള്‍. അവള്‍ അയാളെ ശ്രദ്ധിച്ചില്ല.

കാര്‍ നിര്‍ത്തി അവള്‍ പുറത്തിറങ്ങി വാതിലടയ്ക്കാന്‍ നേരം അയാള്‍ ചോദിച്ചു:

പേരെന്താണെന്നു പറഞ്ഞില്ല.

അവള്‍ മന്ദഹസിച്ചു.അവള്‍ പറഞ്ഞു.

ഋതു.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

Follow Us:
Download App:
  • android
  • ios