പ്രണയദിനത്തില്‍, ലോക്രപശസ്ത കവി നിസാര്‍ ഖബ്ബാനി എഴുതിയ നാല് പ്രണയ കവിതകള്‍ വായിക്കാം.  

സിറിയന്‍ ദേശീയ കവിയും നയതന്ത്രജ്ഞനും പ്രസാധകനുമായ നിസാര്‍ ഗബ്ബാനി 1923-ല്‍ സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസില്‍ ജനിച്ചു. 1998-ല്‍ 15 വര്‍ഷം നീണ്ട പ്രവാസ ജീവിതത്തിനിടെ ലണ്ടനില്‍ വെച്ച് വിടവാങ്ങി. സ്ത്രീവാദ രാഷ്ട്രീയം, ലൈംഗികത, പ്രണയം, മതം എന്നീ വിഷയങ്ങളില്‍ യാഥാസ്ഥിതിക സിറിയന്‍ സമൂഹത്തെ വിറളി പിടിപ്പിച്ച നിലപാടുകളോടെയാണ് ഗബ്ബാനി ശ്രദ്ധേയമായത്. പിന്നീട്, സാമ്രാജ്യത്വത്തിനും അറേബ്യന്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കും എതിരായ മൂര്‍ച്ചയുള്ള നിലപാടുകള്‍ ഗബ്ബാനിയുടെ എഴുത്തുകളുടെ മുഖമുദ്രയായി മാറി.

16 -ാം വയസ്സു മുതല്‍ ഗബ്ബാനി കവിത എഴുതാന്‍ തുടങ്ങി. 1944-ല്‍ ഡമസ്‌കസ് സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. അര നൂറ്റാണ്ട് നീണ്ട സര്‍ഗജീവിതകാലത്തിനിടെ, ഏറെ വായിക്കപ്പെട്ട, വിവര്‍ത്തനം ചെയ്യപ്പെട്ട 34 കവിതാ സമാഹാരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. നിയമമാണ് അദ്ദേഹം അക്കാദമിക്കായി പഠിച്ചത്. പിന്നീട് സിറിയന്‍ വിദേശകാര്യ വകുപ്പില്‍ ജോലി നോക്കി. അതിനുശേഷം, വിവിധ രാജ്യങ്ങളില്‍ സിറിയന്‍ അംബാസഡറായി ജോലി ചെയ്തു. ഇക്കാലയളവില്‍ അദ്ദേഹം പ്രസാധകന്‍ എന്ന നിലയിലും ശ്രദ്ധേയനായി.

ഓരോ തവണ നിന്നെ ഉമ്മവെയ്ക്കുമ്പോഴും

നീണ്ട വേര്‍പാടിന് ശേഷം 
ഓരോ തവണ നിന്നെ ഉമ്മവെയ്ക്കുമ്പോഴും 
എനിക്ക് തോന്നുന്നു 
ഒരു ചുവന്ന തപാല്‍പ്പെട്ടിയില്‍ 
തിടുക്കപ്പെട്ട് ഒരു പ്രണയലേഖനം
നിക്ഷേപിക്കുകയാണെന്ന്.

......................

Also Read: ഗലീലിയില്‍ കുരുവികള്‍ മരിച്ചുവീഴുന്നു, ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശിന്റെ എട്ട് കവിതകള്‍

......................


സംഭാഷണം 

പറയരുതേ
എന്റെ പ്രണയം ഒരു മോതിരമോ 
കൈവളയോ ആയിരുന്നെന്ന്
എന്റെ പ്രണയം ഒരു പ്രതിരോധമാണ്
ധീരവും നിശ്ചയദാര്‍ഢ്യവുമാര്‍ന്നത്
മരണത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നത് 

പറയരുതേ
എന്റെ പ്രണയം ഒരു ചന്ദ്രനായിരുന്നെന്ന്
തീപ്പൊരികളുടെ ഒരു പൊട്ടിത്തെറിയാണ്
എന്റെ പ്രണയം.

...................

Also Read: മരണത്തെ കുറിച്ച്, അതിശയോക്തികളില്ലാതെ, നൊബേല്‍ ജേതാവ് വിസ്ലാവ സിംബോഴ്‌സ്‌കയുടെ കവിത

.......................

ഞാന്‍ നിന്നെ പ്രണയിക്കുമ്പോള്‍ 

ഞാന്‍ നിന്നെ പ്രണയിക്കുമ്പോള്‍ 
പുതിയൊരു ഭാഷ കിളിര്‍ക്കുന്നു
പുതിയ നഗരങ്ങള്‍ നാടുകള്‍ 
കണ്ടുപിടിക്കപ്പെടുന്നു
കടല്‍നായക്കുഞ്ഞുങ്ങളെപ്പോലെ 
യാമങ്ങള്‍ ഉച്ഛ്വസിക്കുന്നു 
പുസ്തകത്താളുകള്‍ക്കിടയില്‍ 
ഗോതമ്പ് നാമ്പെടുക്കുന്നു
നിന്റെ നയനങ്ങളില്‍ നിന്ന് 
തേനൂറും വിശേഷങ്ങളുമായി
പക്ഷികള്‍ പറക്കുന്നു 
നിന്റെ മാറിടത്തില്‍ നിന്ന് 
ഇന്ത്യന്‍ നാട്ടുമരുന്നുകള്‍ വഹിച്ച്
സാര്‍ത്ഥവാഹകസംഘം
യാത്രയാകുന്നു 
ചുറ്റും മാമ്പഴങ്ങള്‍ ചിതറിപ്പരക്കുന്നു 
വനങ്ങള്‍ക്ക് തീപ്പിടിക്കുന്നു 
ചെണ്ടമേളം മുഴങ്ങുന്നു 

ഞാന്‍ നിന്നെ പ്രണയിക്കുമ്പോള്‍ 
നിന്റെ മാറിടം
അവയുടെ ലജ്ജയുപേക്ഷിക്കുന്നു 
ഖഡ്ഗമായും മണല്‍ക്കാറ്റായും
ഇടിമിന്നലായും രൂപംമാറുന്നു

ഞാന്‍ നിന്നെ പ്രണയിക്കുമ്പോള്‍
യുഗങ്ങളായുള്ള 
അടിച്ചമര്‍ത്തലുകള്‍ക്കും
ഗോത്ര നിയമങ്ങള്‍ക്കുമെതിരെ 
അറേബ്യന്‍ നഗരം 
പ്രതികാരം ചുരമാന്തുകയും
പ്രകടിപ്പിക്കുകയും ചെയ്യുന്നു 

ഞാന്‍ നിന്നെ പ്രണയിക്കുമ്പോള്‍
അതൊരു മുന്നേറ്റമാവുന്നു
വിരൂപതക്കെതിരെ 
ഉപ്പുരാജാക്കള്‍ക്കെതിരെ
മരുഭൂമിയുടെ 
സ്ഥാപനവല്‍ക്കരണത്തിനെതിരെ

ഒടുവിലത്തെ പ്രളയമണയുംവരേയും
ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും
പ്രണയിച്ചു കൊണ്ടേയിരിക്കും.

...............

Also Read: ശ്രീലങ്കന്‍ കവി ബെയ്‌സില്‍ ഫെർണാൻറോയെ വായിക്കുമ്പോള്‍

...............


വെളിച്ചം വിളക്കിനേക്കാള്‍ ശ്രേഷ്ഠം

വെളിച്ചം വിളക്കിനേക്കാള്‍ ശ്രേഷ്ഠം
കവിത അത് കുത്തിക്കുറിയ്ക്കും 
നോട്ടുബുക്കിനേക്കാളും
ചുംബനം ചുണ്ടുകളേക്കാളും
എന്റെ പ്രണയാക്ഷരങ്ങള്‍
മഹത്തരവും ശ്രേഷ്ഠവും 
നാമിരുവരേക്കാളും അവ മാത്രമാണൊരു പ്രമാണം
വരുംകാല ജനതക്ക് കണ്ടുപിടിക്കാന്‍
നിന്റെ സൗന്ദര്യവും 
എന്റെ ഉന്മാദവും.