Asianet News MalayalamAsianet News Malayalam

Valentine's Day Writings : പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. റഫീസ് മാറഞ്ചേരി എഴുതുന്നു

Valentines day 2022 notes on love by  Rafees Maranchery
Author
Thiruvananthapuram, First Published Feb 14, 2022, 3:43 PM IST

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. പ്രണയചിന്തകളുടെ ആഴവും പരപ്പും. പ്രവാസികള്‍ കൊണ്ടുനടക്കുന്ന പ്രണയതീവ്രമായ കടല്‍. വേര്‍പിരിയലിന്റെ കാലങ്ങള്‍ക്കുശേഷമുള്ള സമാഗമങ്ങള്‍. പിടിച്ചുവെക്കലല്ല, വിട്ടുകൊടുക്കലാണ് പ്രണയമെന്ന പുതുകാലത്തിന്റെ അതിജീവനമന്ത്രം. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. പ്രണയദിനാശംസകള്‍...

 

Valentines day 2022 notes on love by  Rafees Maranchery
 

'ആദ്യമായിട്ട് മോഹം തോന്നുന്ന ആളിനെ തന്നെ ജീവിതം മുഴുവന്‍ കിട്ടുകാന്ന് പറയുന്നത് ഭാഗ്യമുള്ളവര്‍ക്കേ കിട്ടൂ..' പത്മരാജന്റെ തൂവാനത്തുമ്പി എന്ന സിനിമയില്‍ ക്ലാര എന്ന കഥാപാത്രം തന്റെ കാമുകനോട്  പറയുന്നതാണിത്. എന്നാല്‍ 'സ്വന്തമാക്കിയ ആളോടൊപ്പം ജീവിതം മുഴുവന്‍ കഴിയുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം' എന്നു പറയും പ്രവാസികളും അവരുടെ ഇണകളും. 

ഓര്‍മ്മയെന്ന  സമുദ്രത്തിന്റെ അഗാധമായ ആഴങ്ങളിലെ ശാന്തതയെ ആസ്വദിച്ചു കൊണ്ട് ജീവിതം നീന്തിത്തുടിക്കുന്ന പ്രണയ മീനുകളാണവര്‍. അവര്‍ക്കെന്നും പ്രണയദിനമാണ്. വിളിക്ക് മറുവിളി ഇല്ലാതായാല്‍ സന്ദേശങ്ങള്‍ക്ക് മറുപടി വൈകിയാല്‍ അവര്‍ കരയ്ക്ക് പിടിച്ചിട്ട മത്സ്യങ്ങളാവും. കടലിനു ഇരുകരകളില്‍ അശുഭകരമായ വാര്‍ത്തകള്‍ കേട്ടാല്‍ അവര്‍ വലയില്‍ കുടുങ്ങിയ അവസ്ഥയിലാവും.

അച്ചാറും പലഹാരങ്ങളും പെട്ടിയില്‍ നിറച്ച് മാത്രമല്ല ഓരോ പ്രവാസിയും കടല്‍ കടക്കുന്നത് പ്രിയപ്പെട്ടവള്‍ക്കൊപ്പമുള്ള മധുര നിമിഷങ്ങളുടെ ഓര്‍മ്മകളും പേറിയാണ്. ചുറ്റിലും ആളുകളുണ്ടായിട്ടും അവന്‍ തപിച്ചുരുകുന്നത് ആ കൊതിപ്പിക്കുന്ന ആ  ഓര്‍മ്മകളുടെ പൊള്ളലേറ്റുകൂടിയാണ്. പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങളുടെയും പ്രിയപ്പെട്ടവര്‍ക്കൊരുക്കേണ്ട സൗകര്യങ്ങളുടെയും ചിന്തകളാണ് ആ ചൂടിലും നാടണയാതിരിക്കാനുള്ള മുഖ്യ ഹേതു.  പിന്നെ പോരാട്ടമാണ്,  ഓര്‍മ്മക്കടലിന്റെ നീലിമയില്‍ വഴിതെറ്റലിന്റെ ചുഴിയിലകപ്പെടാതെ പ്രലോഭനത്തിന്റെ അടിയൊഴുക്കിനെ അതിജീവിച്ച് പ്രപഞ്ചത്തിലെ കോടാനുകോടി ജീവനുകളില്‍ ഒരാള്‍ക്ക് മറ്റൊരാള്‍ മറ്റെന്തിനെക്കാളും ഏറെ പ്രിയപ്പെട്ടതായി മാറുന്ന അവസ്ഥയിലേക്ക് രണ്ടു പേരും ഊളിയിടുന്നു.

ഒരു പ്രണയിക്ക് മാത്രമേ മറ്റൊരു പ്രണയിയുടെ ഭാഷയും മൗനവും മനസ്സും മനസ്സിലാകൂ.. അതിനാല്‍ തന്നെയാവണം 'പിന്നെന്താ, വേറെന്താ, എന്നിട്ട്..' എന്നൊക്കെ പരസ്പരം പറഞ്ഞു കൊണ്ട് ഓരോ സംഭാഷണവും മണിക്കൂറുകള്‍ നീളുന്നത്. അന്ധകാരമല്ലാതെ മറ്റൊന്നും കാണാനാവാത്ത വിധം ചില രാത്രികള്‍  വിരഹഭാരം കൊണ്ട് അവരുടെ  കാഴ്ച്ചയെ  മൂടും. പക്ഷെ, നിറവേറപ്പെടാത്ത ആവശ്യങ്ങളുടെ കൊളുത്തിവലിക്കലില്‍ സ്വപ്നം വഴി മാറും. അവിടെ അവരുടെ യാത്രയ്ക്ക്  അവസാനം കൈമാറിയ ഹൃദയത്തിലെ ആ സ്‌നേഹം മാത്രം മതിവും,  അവസാനമില്ലാത്ത സൂര്യനെ പോലെ സ്‌നേഹജ്വാലകള്‍ മനസ്സിലിട്ട് പടവെട്ടാന്‍.

ഫെസ്റ്റിവല്‍ സീസണിലൊഴികെയുള്ള കുറഞ്ഞ യാത്രാ നിരക്കും മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  ഗള്‍ഫിലെയും നാട്ടിലെയും  യാത്രയുടെ ലഘൂകരിച്ച എമിഗ്രെഷന്‍ നടപടികളും പ്രവാസികളുടെ യാത്രകള്‍ക്ക് ഒരു അയല്പക്ക സന്ദര്‍ശനത്തിന്റെ നടപടികളിലേക്ക് മാറ്റപ്പെട്ടെങ്കിലും അവരുടെ ദൂരത്തിന് ഏഴു കടലുകളുടെ നീളമുണ്ട്. ആ നീളത്തിലുമധികം വരും ഹൃദയത്തിലെ വിരഹ മുറിവിനാഴം.

മടക്കയാത്രയുടെ പ്രാരംഭ നടപടികള്‍ തുടങ്ങുന്ന കൗണ്ടറില്‍ നിന്ന് തുടങ്ങും ഹൃദയം ഇടറുന്നത്. യാത്രയെല്ലാം കഴിഞ്ഞ് മുറിയിലെത്തും നേരം തുടങ്ങും ഓര്‍മ്മകള്‍ പെയ്തിറങ്ങാന്‍, ചോരയൊലിക്കുന്ന ഹൃദയവുമായി അപ്പുറത്ത് അവളും.. പിന്നെ പരസ്പരം പറഞ്ഞും ആശ്വസിപ്പിച്ചും മാസങ്ങള്‍ നീളുന്ന കാത്തിരിപ്പ്. കണ്ണടച്ച് എടുത്തു ചാടാന്‍ വേദനകള്‍ പ്രേരിപ്പിക്കുമെങ്കിലും ആവശ്യങ്ങള്‍ പിന്നോട്ട് വലിക്കും. സര്‍വ്വം സമര്‍പ്പിതരായി അവരങ്ങിനെ പ്രണയിച്ചു കൊണ്ടിരിക്കും. സ്വപ്നങ്ങള്‍ക്കൊപ്പം ജീവിത യാഥാര്‍ഥ്യങ്ങള്‍ കൂടി ഇടകലരുമ്പോള്‍ അവര്‍ പ്രണയ  പൂങ്കാവനത്തിലെ പുഷ്പങ്ങള്‍ മാത്രമല്ല വിധിയുടെ കാറ്റില്‍ അടിപടറാതെ  പിടിച്ചു നില്‍ക്കാന്‍  ശക്തിപകരുന്ന വേരുകള്‍കൂടിയാവും.

പ്രണയത്തോളം ആത്മാവിലെ  ദൈവികപ്രകാശത്തെ ചൈതന്യവത്താക്കുന്ന മറ്റൊരു ശക്തി വേറെയില്ലെന്ന് കാത്തിരിപ്പിന്റെ  ആത്മദൃഷ്ടിയിലൂടെ  വീണ്ടും വീണ്ടും സമാഗമങ്ങള്‍ ആഘോഷിച്ചവര്‍ക്ക് പറയാനുണ്ടാവും. ആ ശക്തിയിലാണ് കേരം തിങ്ങും നാട്ടിലും മണല്‍ കാട്ടിലും  പ്രണയ വസന്തങ്ങള്‍ പൂത്തുവിടരുന്നത്. പ്രണയത്തിന്റെ കൊടുമുടികള്‍ സാഹസികര്‍ക്ക് മാത്രമുള്ളതെത്രെ.. അതായിരിക്കും അനുഭൂതിയുടെ കൊടുമുടി സമ്മാനിക്കുന്ന പുനഃസമാഗമങ്ങളും. എല്ലെണ്ണ കത്തിച്ച് അവന്‍ എഴുതി വെച്ച കഥകളും ഏകാന്തതയുടെ വളപ്പില്‍ ചൂലിനോടും തൊടിയിലെ ചെടികളോടും സല്ലപിച്ച് അവളെഴുതിയ കവിതകളും ആ കണ്ടുമുട്ടലിന് വേണ്ടിയുള്ളതാണ്.

പ്രണയമെന്നത് പലര്‍ക്കും വിവാഹത്തിന് മുമ്പുള്ള മധുര കാലഘട്ടമോ നഷ്ടപ്പെടലിന്റെ നോവോ ആണെങ്കില്‍  പ്രവാസിക്ക് അത് വിവാഹ ശേഷമുള്ള ഏകാന്ത വാസത്തിലെ വസന്ത കാലമാണ്. ആ കാലം നല്‍കുന്ന അഭൂതപൂര്‍വ്വമായ ഊര്‍ജ്ജവും പേറിയാണ് ഇരുകരയില്‍ ഇരു ജീവിതങ്ങള്‍ നാളുകള്‍ എണ്ണിത്തീര്‍ക്കുന്നത്.  കാത്തിരിപ്പിന്റെ നൂറുകണക്കിന് രാത്രികളുടെ ഇരുട്ടിനെ ഭേദിച്ച് അനന്തകോടി നക്ഷത്രത്തേക്കാള്‍ തിളക്കത്തോടെ പരസ്പരം മിഴികള്‍ കൊളുത്തി വലിക്കുന്ന നിമിഷത്തിന് വേണ്ടി ക്ഷമയെ വാരിപ്പുണരും. ഹൃദയത്തില്‍ ഒളിപ്പിച്ചു വെച്ച സ്‌നേഹത്തിന്റെ സുതാര്യമായ കണികകള്‍ അതിന്റെ അവകാശിയെ കണ്ടെത്തുമ്പോള്‍ ആരാവും ആദ്യം മിണ്ടുക? എന്താവും ആദ്യം പറയുക? എന്നാലും  എന്റെ ഇഷ്ടങ്ങളെക്കാള്‍ കൂടുതല്‍ നിന്റെ ഇഷ്ടങ്ങളെയാണ് ഞാന്‍ സ്‌നേഹിച്ചു പോയത് എന്ന് ഒരിക്കലും പറയില്ല. അവിടെ എന്റേതെന്നോ നിന്റേതെന്നോ ഉണ്ടായിരുന്നില്ല. ഒരൊറ്റ ഇഷ്ടമേ ഉണ്ടായിരുന്നുള്ളു, അതാണല്ലോ അകലെയാണെങ്കിലും ഹൃദയം ചേര്‍ത്തു വെച്ചു കാത്തിരുന്നത്.

അകന്നിരിക്കുമ്പോള്‍ രണ്ടുപേരും  പോകാന്‍ ഒരുപാട് സ്ഥലങ്ങള്‍ കണ്ടു വെച്ചിട്ടും പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കി വെച്ചിട്ടും കണ്ടുമുട്ടി അവധിക്കാലത്തിന് ചൊല്ലുമ്പോള്‍  പലതും വീണ്ടും ബാക്കി വെച്ചിട്ടുണ്ടാവും.  ഒന്നു ചേര്‍ന്ന നാളില്‍ രണ്ടുപേര്‍ക്കും തങ്ങളോളം മറ്റൊന്നും പ്രിയപ്പെട്ടതില്ലാത്തതിനാല്‍ കണ്ടു വെച്ചതും പറയാന്‍ വെച്ചതിനും മൂല്യമില്ലല്ലോ..  അവധിക്കാലമെന്ന വസന്തം പിന്നിട്ട് ഹൃദയം ചോര പൊഴിക്കുന്ന വേര്‍പിരിയലിന്റെ ശിശിര കാലത്തിലേക്ക്  കടക്കുമ്പോള്‍ വീണ്ടും  പ്രണയം കണ്ണീര്‍ പൊഴിക്കുന്നു, ഋതുക്കളുടെ തനിയാവര്‍ത്തനം ഓര്‍മ്മിപ്പിച്ച്..

ഒന്നുമില്ലായ്മയില്‍ ഒരിത്തിരി ചമ്മന്തി മതി ഒരു പത്രം ചോറുണ്ണാന്‍ എന്നവള്‍ നിനക്കും പോലെ മടുപ്പിക്കുന്ന തുടര്‍ച്ചയില്‍ നനയ്ക്കാനിത്തിരി ചാറുമതി ഒരു ഖുബ്ബൂസ് അകത്താക്കാന്‍ എന്നവന്‍ കരുതും പോലെ ഒരുതരി പ്രണയം മതി മനസ്സില്‍; കണ്ടുമുട്ടും നാളിനെ കിനാവ് കണ്ട് കാലങ്ങളോളം അകന്നിരിക്കാന്‍!

പക്ഷെ, മുകളില്‍ പറഞ്ഞതെല്ലാം ബഹുഭൂരിപക്ഷത്തിന്റെയും മനസ്സില്‍ മാത്രമാണ്. എത്ര ദൈര്‍ഘ്യമേറിയ പ്രവാസമാണെങ്കിലും  അയല്‍വീട്ടിലെ പുതിയ ടിവിയെ കുറിച്ച് പറഞ്ഞവള്‍ , അര്‍ബാബിന്റെ കിര്‍കിറിനെ കുറിച്ച് പരാതി പറഞ്ഞവര്‍, ഗള്‍ഫിലെ മാറുന്ന നിയമത്തെ കുറിച്ച് ആവലാതി പങ്കുവെച്ചവര്‍, നാട്ടിലെ ചിലവുകളെ കുറിച്ച് പരിഭവം പറഞ്ഞവള്‍ , അങ്ങിനെ അകന്നിരിക്കെ ആകാശത്തിന് താഴെയുള്ള സകലതിനെ കുറിച്ചും വാതോരാതെ പറഞ്ഞവര്‍ പ്രണയത്തെ കുറിച്ച് മാത്രം പറയില്ല. അവരാ പ്രണയം ഹൃദയത്തെ അടിത്തട്ടില്‍ ഒളിപ്പിച്ചു വെക്കും. പ്രവാസികളുടെയും ഇണകളുടെയും  പ്രണയത്തിന്റെ ആഴം അതിന്റെ നിശ്ശബ്ദതയിലും നിഗൂഢതയിലുമെത്രെ!

 

പ്രണയമെഴുത്തുകള്‍ വായിക്കാം:

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

 പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

 പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

Follow Us:
Download App:
  • android
  • ios