Asianet News MalayalamAsianet News Malayalam

Valentine's Day Writings : പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. വൈഷ്ണവ് സതീഷ് എഴുതുന്നു
 

Valentines day 2022 notes on love by Vaishnav Satiheesh
Author
Thiruvananthapuram, First Published Feb 14, 2022, 3:29 PM IST

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. പ്രണയചിന്തകളുടെ ആഴവും പരപ്പും. പ്രവാസികള്‍ കൊണ്ടുനടക്കുന്ന പ്രണയതീവ്രമായ കടല്‍. വേര്‍പിരിയലിന്റെ കാലങ്ങള്‍ക്കുശേഷമുള്ള സമാഗമങ്ങള്‍. പിടിച്ചുവെക്കലല്ല, വിട്ടുകൊടുക്കലാണ് പ്രണയമെന്ന പുതുകാലത്തിന്റെ അതിജീവനമന്ത്രം. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. പ്രണയദിനാശംസകള്‍...

 

Valentines day 2022 notes on love by Vaishnav Satiheesh
 

പ്രണയം പ്രതികാരങ്ങളായി മാറുന്ന വാര്‍ത്തകള്‍ ദിവസേന കണ്ണുകളെയും ചെവികളെയും മനസ്സിനെയും കുത്തിപ്പരിക്കേല്പിച്ചുകൊണ്ടിരിക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യം ചോദ്യം 'സത്യത്തില്‍ എന്താണ് പ്രണയം' എന്നതുതന്നെയാണ്. ഈ ചോദ്യത്തെപ്പോലെ ലോകത്തെ കുലുക്കിയ, ചിന്തിപ്പിച്ച, കവികള്‍ പാടിയ, തത്വചിന്തകര്‍ കീറിമുറിച്ച മറ്റധികം  ചോദ്യങ്ങളോ ആശയങ്ങളോ ഉണ്ടാകില്ല. 

എന്റെ കുഞ്ഞുചിന്തയില്‍ തോന്നുന്ന പ്രണയത്തിന്റെ നിര്‍വചനം ഇതാണ്. 'വിട്ടുകൊടുക്കലാണ് പ്രണയം.'

സത്യസന്ധമായി പ്രണയിക്കാന്‍ തുടങ്ങുന്ന നിമിഷം നമ്മുടെ ഹൃദയം ആകാശം പോലെ വിശാലമാകുമെന്നാണ് എനിക്ക് തോന്നുന്നത്. പ്രണയം മനസ്സിന്റെ ഏറ്റവും സുന്ദരമായ തലമാണ്. പ്രണയപ്പെടുന്ന മനുഷ്യര്‍ അവരുടെ ആത്മാക്കളെ തൊടുന്നു! പ്രണയമെന്നാല്‍ പ്രതീക്ഷയെന്നുകൂടിയാകുന്നു. 'പ്രണയം' എന്ന മൂന്നക്ഷരമുള്ളതുകൊണ്ടാണ് ഒരുപക്ഷേ എന്നേ തുലഞ്ഞുപോകാമായിരുന്ന നമ്മുടെ കൊച്ചു ഭൂമി ഒരു കുഞ്ഞിനെക്കണക്ക് നമ്മളെയും ഒക്കത്തിരുത്തി വലിയ തട്ടലും മുട്ടലുകളുമില്ലാതെ സ്മൂത്തായി ഇങ്ങനെ കറങ്ങുന്നതെന്ന് തോന്നാറുണ്ട്. ഈ പ്രപഞ്ചത്തില്‍ നമ്മുടെ നിലനില്‍പ്പ് തന്നെ ഭൂമി സൂര്യനോടും, മറ്റ് നക്ഷത്രങ്ങളോടും, സര്‍വോപരി മുഴുവന്‍ പ്രപഞ്ചത്തോടുംതന്നെ പുലര്‍ത്തുന്ന പ്രണയത്താലുള്ള ആകര്‍ഷണമാണെന്നിരിക്കെ പ്രണയം നിരസിച്ചെന്ന ചിന്തയില്‍ കാമുകിയുടെയോ കാമുകന്റെയോ മുഖത്ത് ആസിഡൊഴിക്കാനും അവരെ ഏതെങ്കിലുമൊരു അണു കൊണ്ട് പോലും ശാരീരികമായോ മാനസികമായോ  വേദനിപ്പിക്കാനും കഴിയുന്നത് എങ്ങനെയാണ്? 

ഏറ്റവും പ്രിയപ്പെട്ട സുഹൃത്തേ. എല്ലാ പ്രണയങ്ങളും ഒന്നിക്കാനുള്ളതല്ലെന്ന് സ്‌നേഹത്തോടെ ഓര്‍മ്മപ്പെടുത്തട്ടെ. നമ്മളിന്ന് ഓര്‍ക്കുന്ന, ആരാധനയോടെ കാണുന്ന ഏറ്റവും മനോഹരമായ പ്രണയ കഥകളെല്ലാം മനോഹരമായിരിക്കുന്നത് വേര്‍പിരിയലുകള്‍ കൊണ്ട് കൂടിയാണ്. റോമിയോയും ജൂലിയറ്റും പോലെ, ആന്റണിയും ക്ലിയോപാട്രയും പോലെ, ലൈലയും മജ്‌നുവും പോലെ, നമ്മുടെ കൈയ്യകലത്തിലുള്ള മൊയ്തീനും കാഞ്ചനമാലയും പോലെ, വിശ്വവിഖ്യാതമായ എല്ലാ പ്രണയങ്ങളിലും വേര്‍പിരിയലിന്റെ, ദുഃഖത്തിന്റെ മേമ്പൊടിയുണ്ട്.

ശ്രീനിവാസന്റെ കഥാപാത്രം ഒരു സിനിമയില്‍ പറയുന്ന ഡയലോഗ് ഓര്‍ക്കുന്നു,  'ലോകത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. വെറുപ്പാണ് ഏറ്റവും അധമമായ വികാരം. അത്‌കൊണ്ട് തന്നെ ലോകത്തിലെ ഏതൊരാള്‍ക്കും മറ്റൊരാളെ പ്രണയിക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല.' പക്ഷേ നമ്മുടെ ഇഷ്ടങ്ങള്‍ മറ്റൊരാളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് ഒരിക്കലും പ്രണയത്തിന്റെ ലക്ഷണമല്ല. പ്രണയം നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങുന്നതല്ല. ഏതു പാത്രത്തിലേക്കൊഴിച്ചാലും അതിനനുസരിച്ച് രൂപം മാറുന്ന ജലംപോലെ അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു.

അതേസമയം  ഏതെങ്കിലും വിരലിലെണ്ണാവുന്ന സംഭവങ്ങളെ ചൊല്ലി പ്രണയം അപ്പാടെ തെറ്റാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചുരുക്കം ചില രക്ഷിതാക്കളും, മത, രാഷ്ട്രീയ നേതാക്കളും, അദ്ധ്യാപകരും ഉള്‍പ്പെടെയുള്ള മനുഷ്യരോടെനിക്ക് പറയാനുള്ളത് ഒരിക്കല്‍ ഒ. എന്‍. വി. എഴുതിയ വരികളാണ്, 'വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്‌നേഹബന്ധങ്ങളൂഴിയില്‍!'

ഈ ലോകത്ത് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് പ്രണയമില്ലെങ്കില്‍ ലോകത്തിന് നിലനില്‍പ്പേയില്ലെന്നറിയേണ്ടതുണ്ട്. ഈ ലോകം ഇന്നു കാണുന്ന രീതിയില്‍ അല്പമെങ്കിലും സമാധാനത്തിലും ഭേദപ്പെട്ടും നിലനില്‍ക്കുന്നെങ്കില്‍ അതിന്റെ വലിയ കാരണങ്ങളിലൊന്ന് ഇവിടെ പ്രണയം അവശേഷിക്കുന്നുണ്ടെന്നതാണ്. പ്രതികാര രൂപം പുല്‍കുന്ന അവസ്ഥ പ്രണയമല്ല. അത് വെറുപ്പാണ്!

ഏറ്റവും പ്രിയപ്പെട്ട മനുഷ്യരേ, വെറുപ്പ് വെടിയുകയെന്നാണ് ഈ പ്രണയദിനത്തില്‍ ലോകത്തോട് വിളിച്ചുപറയാനുള്ളത്. മനുഷ്യരും, ചെടികളും, പൂക്കളും സകല ജീവജാലങ്ങളും ഉള്‍പ്പെടുന്ന മനോഹരമായ ഈ ലോകത്തെത്തന്നെ  അങ്ങേയറ്റം പ്രണയിക്കുക! പ്രണയിക്കുകയെന്നാല്‍ വിട്ടുകൊടുക്കുകയെന്നുകൂടിയാണെന്ന് മനസിലാക്കുക. ഈ ലോകത്തില്‍ നമ്മുടെ ഇടം കണ്ടെത്തുന്നതിനൊപ്പം തൊട്ടപ്പുറമുള്ളവന്റെ ഇടത്തെയും ഇഷ്ടങ്ങളെയും മാനിക്കുക കൂടിയാണ് യഥാര്‍ത്ഥ പ്രണയം!

സ്‌നേഹങ്ങളേ, നിങ്ങള്‍ക്കൊരിക്കല്‍ക്കൂടി ഹൃദയത്തില്‍ നിന്ന് ഒരായിരം പ്രണയദിനാശംസകള്‍ നേരുന്നു. പ്രണയിച്ചുകൊണ്ടേയിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു!

 

പ്രണയമെഴുത്തുകള്‍ വായിക്കാം:

 പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

 പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

Follow Us:
Download App:
  • android
  • ios