Asianet News MalayalamAsianet News Malayalam

Valentine's Day Writings : ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിത
 

Valentines day 2022 poem on love by Suresh narayanan
Author
Thiruvananthapuram, First Published Feb 14, 2022, 3:38 PM IST

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. പ്രണയചിന്തകളുടെ ആഴവും പരപ്പും. പ്രവാസികള്‍ കൊണ്ടുനടക്കുന്ന പ്രണയതീവ്രമായ കടല്‍. വേര്‍പിരിയലിന്റെ കാലങ്ങള്‍ക്കുശേഷമുള്ള സമാഗമങ്ങള്‍. പിടിച്ചുവെക്കലല്ല, വിട്ടുകൊടുക്കലാണ് പ്രണയമെന്ന പുതുകാലത്തിന്റെ അതിജീവനമന്ത്രം. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. പ്രണയദിനാശംസകള്‍...

 

Valentines day 2022 poem on love by Suresh narayanan
 


പ്രണയ ത്രിത്വം പ്രണയദിന കാവ്യശില്പം


എന്നോട് സ്‌ത്രൈണതയെ പറ്റി പറയൂ.

പെട്ടെന്നവള്‍ പൂത്തു;
അവള്‍ക്കു ശാഖകള്‍ മുളച്ചു.
അയാളുടെ നെറ്റിയിലേക്കൊരു തുള്ളി രക്തമിറ്റു വീണു. 
തലച്ചോറു പൊട്ടിത്തെറിച്ചു.

മനസ്സിന്‍ സ്വയംഭോഗമാം സ്വപ്‌നം! 
ആത്മാവിന്‍ സ്വയംഭോഗമാം ധ്യാനം!

ആ സംഗമാവസ്ഥയില്‍ അവര്‍ സംസാരിച്ചു തുടങ്ങി.

അവള്‍:

പീറ്റര്‍,
നിന്നെ ഓര്‍ക്കുന്നു; 
തീയെ ഓര്‍ക്കുന്നു.
നിന്റെ അസ്ഥികള്‍ ഉടയുന്ന ശബ്ദം
നിന്നെയാരും ഇത്ര ഗാഢം 
പുണര്‍ന്നിട്ടുണ്ടാവില്ല.

അവന്‍: 

നിന്റെ ശരീരം എന്ന ബസ്സിലെ  
ഒറ്റയാത്രക്കാരനാണു ഞാന്‍.
സ്റ്റോപ്പില്ലായാത്രകള്‍!
'ജനലുകള്‍ അടയ്ക്കൂ; ഉള്ളിലേക്കു നോക്കൂ' എന്നു നീ പറഞ്ഞ നിമിഷം 
ഞാന്‍ ബുദ്ധനായി.


അവള്‍: 

'സ്ത്രീയേ നിന്റെ പേരെന്ത്?' എന്നു നീ ചോദിച്ച നിമിഷം 
'പാതി' എന്നു ഞാന്‍ അറിയാതെ പറഞ്ഞുപോയി!

അവന്‍:

എന്റെയുമ്മകള്‍ തുടര്‍ച്ചയായ് വഴുതിപ്പോയ നിന്റെ കവിളുകള്‍;
നീര്‍ച്ചാലായ് ഒഴുകിപ്പോയ നിന്റെ ഉപ്പുരസമുള്ള കവിതകള്‍ !
കല്ലിച്ച ഉടമ്പുള്ള 
എന്റെ മെല്ലിച്ച സ്ത്രീയേ!

ദൈവം:

കിണറ്റിന്‍ കരയില്‍ വെച്ച് നിന്റെ സ്ത്രീയോടു സംസാരിക്കാതിരിക്കുക.
ആഴങ്ങള്‍ക്കു കുറുകെ നീന്തുന്ന 
ആ പാവം മീന്‍ അവളുടെ പ്രതിബിംബത്തെ വികൃതമാക്കി 
എന്ന് നിങ്ങള്‍ താഴോട്ട് കുതിച്ചേക്കാം!

അവന്‍:

ഞാന്‍ നിന്റെ ഉദരം മുത്തുന്നു.
ഇക്കിളിയൊന്നു കുത്തിവയ്ക്കപ്പെട്ട  നിന്റെ ഗര്‍ഭപാത്രം തുള്ളിപ്പോകുന്നു.
ജൈവച്ചുവരില്‍ തലയിടിച്ചു പോയ 
നമ്മുടെ കുഞ്ഞ് പിറുപിറുത്തുകൊണ്ടെന്നെ ശപിക്കുന്നു.


അവള്‍: 

ഉടുപ്പൂരുകയും അടുപ്പൂതുകയും മാത്രം ചെയ്തിരുന്ന ഒരു പിരിയന്‍ ഗോവണിയില്‍ നിന്നൊരുനാള്‍ തെറിച്ചുവീണൂ ഞാന്‍.
'നീ അവനുടെ പാതി' എന്നൊരു തുള്ളി എന്റെ മുഖത്തേക്കു തെറിച്ചു.പ്രണയത്തിന്റെ ഗര്‍ഭപാത്രം പോലെ അതെന്നെ വിഴുങ്ങി.

ഞാന്‍ നനഞ്ഞു,
ഞാന്‍ കൈകാലിട്ടടിച്ചു,
ഞാനുറക്കെ കരഞ്ഞു ;
മനുഷ്യനായ് പുറത്തുവന്നു.

അവന്‍:

അനാഥത്വത്തെ  അഗാധമാക്കിയോളേ,
ഈ കഥ കേള്‍ക്കുമ്പോള്‍ 
എന്റെ ഹൃദയത്തില്‍ കടുകു പൊട്ടിത്തെറിക്കുന്നു


അവള്‍:

നഗ്‌നയായി ഞാന്‍ കുളിക്കവേ 
പെട്ടെന്ന് കടല്‍ ഉള്ളിലേക്ക് വലിഞ്ഞു;
തീരം പൊട്ടിത്തെറിച്ചു.
കൂസലില്ലായ്മയാല്‍ ചുറ്റപ്പെട്ട ഞാന്‍ വിളിച്ചു പറഞ്ഞു:
'തീരമേ, ലോകമേ! 
നിന്റെ അജ്ഞതയാണ് എന്റെ നഗ്‌നത!'

അവന്‍:

നിന്റെ വീഞ്ഞുകോപ്പയില്‍ നിന്ന് 
പാനം ചെയ്യുവാന്‍ എന്നെ അനുവദിക്കുക.
മറ്റൊന്നും വേണ്ടെനിക്ക്!

അവള്‍:

കാല്‍പാദങ്ങളേ,
എന്റെയധരങ്ങളെ  അവനിലേക്കു വലിച്ചടുപ്പിക്കുക.
തുറമുഖമാകട്ടെ പ്രിയനേ 
നിന്റെ ചുണ്ടുകള്‍!

ദൈവം:

വാക്കുകള്‍,
വിളക്കുകള്‍.
ഓരോ വിളക്ക് കൊളുത്തുന്തോറും നിങ്ങള്‍ ദേവാലയത്തിന്റെ 
ഓരോ പടികള്‍ കയറുകയാണ്.

അവന്‍:

ഊരാന്‍ പറ്റാതെ ഉറച്ചുപോയ
പ്രണയ വിരല്‍ മോതിരം.
അത് അണിഞ്ഞ ഞാനോ
വേദന -വിഹ്വലതകളുടെ ജലാശയങ്ങളിലേക്ക് 
തുടര്‍ച്ചയായി ആകര്‍ഷിക്കപ്പെടുന്നു; 
വലിച്ചു താഴ്ത്തപ്പെടുന്നു.

അവര്‍:

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു.
കുറെ നേരമായിട്ടും പോണില്ല.

'ന്തേ, തേന്‍ കുടിച്ചു മത്തായോ?' 
ഞാന്‍ ചോദിച്ചു.

'ഒന്നു പോയേ! ചിറകൊട്ടിപ്പിടിച്ചതാ!'

കഷ്ടപ്പെട്ട് അതു പറഞ്ഞൊപ്പിച്ചു.

ദൈവം: 

നിങ്ങള്‍ ചുംബിക്കുവിന്‍;
ഭ്രാന്ത് പിടിച്ചോടുന്ന നഗരത്തെ 
ആ ദിവ്യമൂളക്കങ്ങളാല്‍ നിശ്ചലമാക്കുവിന്‍!
 
(എനിക്കു പറ്റാത്തത് അങ്ങനെ  എന്നിലൂടെ നേടുക!)

ഇതും കൂടി കേട്ടപ്പോള്‍,
ഒട്ടിപ്പിടിച്ചു പോയ തങ്ങളുടെ ചുണ്ടുകളെ
കഷ്ടപ്പെട്ട് സ്വതന്ത്രമാക്കിക്കൊണ്ട് 
അവര്‍ ഇപ്രകാരം പറഞ്ഞു:

പ്രിയപ്പെട്ടവരേ,
പ്രണയമാം
സുവിശേഷ സ്തന്യം, 
സവിശേഷ സ്തന്യം നുകര്‍ന്നുകൊണ്ടേയിരിക്കുക!
മുകര്‍ന്നുകൊണ്ടേയിരിക്കുക

 

പ്രണയമെഴുത്തുകള്‍ വായിക്കാം:

പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

 പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

 പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

Follow Us:
Download App:
  • android
  • ios