ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹേമാമി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

അന്ന കണ്ട ആകാശം
ഒറ്റയ്ക്കായപ്പോള്‍,
അതിരുകളില്ലാത്ത
ആകാശത്ത്
തുമ്പികളെപ്പോലെ പറന്നു നടക്കാന്‍
കൊതിച്ചു, അന്ന.
അന്ന ആകാശത്തേക്ക് നോക്കി.
വടിയൂന്നി വേഗത്തില്‍ നടന്നുപോകുന്ന
കണ്ണടയപ്പൂപ്പനെയും
ചെമ്മരിയാട്ടിന്‍കൂട്ടത്തെയും കണ്ടു.
അവിടെ
പഞ്ഞിക്കിടക്കയും
നീന്തല്‍ക്കുളവുമുണ്ടെന്നവള്‍ ഉറപ്പിച്ചു.
ഭൂമിയിലെപ്പോലെ പുഴയുണ്ടെന്നും
അതുകൊണ്ടാണ് ആകാശത്തെ
നീലപ്പാതയിലൂടെ
വെള്ളമുരുണ്ട് താഴെ വീഴുന്നതെന്നും
അന്ന കള്ളച്ചിരിയോടെ ഓര്‍ത്തു.
അപ്പൊ അതാണല്ലേ
ഞാന്‍ നനയുന്നത്,
പനി പിടിക്കുന്നത്.
നോക്കിയിരിക്കെ
ആകാശത്തിന്റെ നിറം മാറാന്‍ തുടങ്ങി.
ഇടയ്ക്ക് നീലനിറം,
ചിലപ്പോള്‍ കരിക്കലം പോലെ.
മാറി മാറി വരുന്ന ആകാശക്കാഴ്ചകള്‍
അവളെ അത്ഭുതപ്പെടുത്തി.
മേഘങ്ങള്‍
സ്‌കൂളിലെ മാഷെപ്പോലെ
എത്ര ചിത്രങ്ങളാണ് വരക്കുന്നത്!
അതാ, ഒരു കുഞ്ഞുപക്ഷി
വാലുനീട്ടിപ്പിടിച്ച് പറന്നു പോകുന്നു.
അവള്‍ സൂക്ഷിച്ചു നോക്കി.
'അയ്യേ, ഇത് മമ്മ വാങ്ങിത്തന്ന
ചിത്രപുസ്തകത്തിലെ വിമാനമല്ലേ.....?'
ഓടിപ്പോയി പുസ്തകം തുറന്നു മേലോട്ട് നോക്കി.
അയ്യോ!
കാണാനില്ലല്ലോ.കറുത്ത മേഘം പുതപ്പിട്ട് മൂടിയല്ലോ.
അവള്‍ക്ക് ആകാശത്തിനോട് ദേഷ്യം തോന്നി.
അന്ന
പുസ്തകം കീറി
വിമാനം ഉണ്ടാക്കാന്‍ തുടങ്ങി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


