കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. പുറമേ നിന്ന് നോക്കിയാൽ സ്റ്റീരിയോ ഘടിപ്പിച്ചതായാണ് തോന്നുക.

മലപ്പുറം: രണ്ട് മാസത്തിനിടെ വളാഞ്ചേരി പൊലീസ് പിടികൂടിയത് 10 കോടിയുടെ കുഴൽപ്പണം. കഴിഞ്ഞ ദിവസം1.65 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കാറിൽ പണവുമായെത്തിയ പാണ്ടിക്കാട് തുവ്വൂർ സ്വദേശി അൻസാർ (36), വല്ലപ്പുഴ സ്വദേശി ഫൈസൽ (33) എന്നിവരെയാണ് പിടികൂടിയത്. വാഹനങ്ങളിൽ കടത്തുന്ന പണമാണ് കൂടുതലും പിടിച്ചെടുത്തത്. കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. 

പുറമേ നിന്ന് നോക്കിയാൽ സ്റ്റീരിയോ ഘടിപ്പിച്ചതായാണ് തോന്നുക. സംശയം തോന്നി പൊലീസ് ഇളക്കി നോക്കുകയായിരുന്നു. അകത്തേക്ക് വലിയ അറയാണ് നിർമിച്ചിരുന്നത്. കുഴൽപ്പണ കടത്തുകാർക്കായി പ്രത്യേക രഹസ്യ അറ നിർമിച്ച് നൽകുന്ന സംഘങ്ങളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടർന്നുള്ള വാഹന പരിശോധനയിലാണ് സംഘത്തെ കൊളമംഗലത്ത് വെച്ച് പിടികൂടിയത്. ജില്ലയിൽ നാല് മാസത്തിനുള്ളിൽ 30കോടിയിലധികം തുക പല സ്റ്റേഷനുകളിൽ ആയി പിടികൂടിയിട്ടുണ്ട്. 

Read Also : മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട, 1.8 കോടി പിടിച്ചെടുത്തു, 3 പേര്‍ അറസ്റ്റിൽ 

അതേസമയം മലപ്പുറത്ത് കുഴൽപ്പണ ഇടപാട് സജീവമായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുഴൽപ്പണക്കടത്തിനായി വാഹനങ്ങളിൽ രഹസ്യ അറകൾ നി‍ര്‍മ്മിച്ച് നൽകുന്ന സംഘം ഉണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേ വഴിയിൽ നിന്ന് വീണുകിട്ടിയ തുകയുടെ ഉടമസ്ഥാവകാശത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ കുഴൽപ്പണക്കടത്തുകാരൻ പിടിയിലായിരുന്നു. അതിതലക്കൽ അഷ്റഫി(48)നെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് റോഡരികിൽ നിന്നാണ് ആംബുലൻസ് ഡ്രൈവർമാർക്ക് 43,000 രൂപ ലഭിച്ചത്. ഇവർ പണം പൊന്നാനി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് അഷ്റഫ് തന്റെ പണം പോക്കറ്റിൽ നിന്നും വീണുപോയതാണന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി.

Watch Video: മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട, രണ്ടുപേർ കസ്റ്റഡിയിൽ

ഇയാളുടെ പേര് പൊലീസ് സോഫ്റ്റ് വെയറിൽ പരിശോധിച്ചപ്പോൾ മുമ്പ് കുഴൽപ്പണ കേസിൽ ഇയാൾ പിടിക്കപ്പെട്ട വ്യക്തിയാണന്ന് മനസ്സിലായി. ഇതോടെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം വാഹനം പരിശോധിച്ചപ്പോഴാണ് 4.5 ലക്ഷം രൂപ കൂടി കണ്ടത്തിയത്. വേങ്ങര സ്വദേശിയായ ഒരു വ്യക്തിയുടെ നിർദേശാനുസരണം അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യാനാണ് പൊന്നാനിയിൽ എത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇയാൾ 7,000 രൂപ മാത്രമെ വിതരണം നടത്തിയിരുന്നുള്ളു. ബാക്കി വരുന്ന തുക പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.