Asianet News MalayalamAsianet News Malayalam

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു; അമ്മയെ കാണാന്‍ പത്തുവയസ്സുകാരന്‍ പൊരിവെയിലത്ത് നടന്നത് 10 കിലോമീറ്റര്‍

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ അമ്മയെ കാണാനായി പത്തുവയസ്സുകാരന്‍ നടന്നത് പത്ത് കിലോമീറ്റര്‍ ദൂരം. 

10 year old boy walked 10 kilomtres to see divorced mother
Author
Chathannoor, First Published Mar 4, 2020, 9:02 PM IST

ചാത്തന്നൂര്‍: മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ അച്ഛനോടൊപ്പം താമസിക്കുന്ന പത്തുവയസ്സുകാരന്‍ അമ്മയെ കാണാന്‍ വേണ്ടി നടന്നത് 10 കിലോമീറ്റര്‍. പൂയപ്പള്ളിയിലെ ഒരു സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഇന്നലെ വൈകിട്ടോടെ ചാത്തന്നൂര്‍ ചേന്നമത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. സ്കൂളില്‍ നിന്ന് ആരുമറിയാതെ ഇറങ്ങി നടന്ന കുട്ടിക്ക് വഴിതെറ്റിയതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ചേന്നമത്ത് ക്ഷേത്രത്തിന് സമീപം എത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതോടെ പൊലീസെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. 

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ മകന്‍ അച്ഛനൊപ്പം പൂയപ്പള്ളിയിലും മകള്‍ അമ്മയ്‍‍ക്കൊപ്പം ചാത്തന്നൂരിലെ കുമ്മല്ലൂരിലുമായിരുന്നു താമസിച്ചിരുന്നത്. സ്കൂളിലെത്തിയ കുട്ടി അമ്മയെയും സഹോദരിയെയും കാണാനായി സ്കൂളില്‍ ആരും അറിയാതെ ഇറങ്ങി നടക്കുകയായിരുന്നു. ഉച്ചഭക്ഷണം പോലും കഴിക്കാതെ വെയിലത്ത് ഭക്ഷണം പോലും കഴിക്കാതെയാണ് കുട്ടി ഇറങ്ങി നടന്നത്. ദാഹിച്ച് വലഞ്ഞപ്പോള്‍ വഴിയരികിലെ വീട്ടില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചു. പിന്നീട് വീണ്ടും നടത്തം തുടര്‍ന്നു. വൈകിട്ടോടെ ക്ഷേത്രപരിസരത്ത് എത്തി. അവിടെ നിന്ന കുട്ടി നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

കുട്ടിയുടെ ബാഗ് പരിശോധിച്ച പൊലീസിന് സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ഇതേസമയം ബന്ധുക്കള്‍ കുട്ടിയെ കാണാനില്ലെന്ന് പൂയപ്പള്ളി സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് വിശന്നുവലഞ്ഞ കുട്ടിക്ക് ആഹാരം വാങ്ങി നല്‍കിയ ശേഷം പൊലീസ് കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.  

Follow Us:
Download App:
  • android
  • ios