തൃശൂരിൽ മയക്കുമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ ഉത്തരേന്ത്യൻ യുവതിയെ എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 98 ഗ്രാം എംഡിഎംഎയുമായി മുമ്പ് പിടിയിലായ യുവാവിന്റെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
തൃശൂർ: മയക്കുമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ ഉത്തരേന്ത്യൻ യുവതിയെ എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബീഹാർ പട്ന സ്വദേശിനിയായ സീമ സിൻഹയുടെ അറസ്റ്റാണ് ഉത്തര മേഖല എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്‍റെ നേതൃത്വത്തിലുള്ള സംഘം തൃശൂർ വനിതാ ജയിലിൽ വച്ച് രേഖപ്പെടുത്തിയത്.
98 ഗ്രാം എംഡിഎംഎയുമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയായ ഫാസിർ പിടിയിലായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫാസീറിനോടൊപ്പം മയക്കുമരുന്ന് ഇടപാടുകളിൽ പങ്കാളികളായിരുന്ന അബ്‍ദുൾ ഗഫൂർ, പ്രജീഷ് എന്നിവരെ നേരത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഫാസിർ, അബ്‍ദുൾ ഗഫൂർ, പ്രജീഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ മൂന്ന് പേരും ചേർന്ന് പിടിച്ചെടുത്ത എംഡിഎംഎയുടെ വിലയായ 1,05,000 രൂപ ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിച്ച് വന്നിരുന്ന സീമ സിൻഹയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചിട്ടുള്ളതെന്ന് അന്വേഷണത്തിൽ ബോധ്യമായി. തുടർന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം സീമ സിൻഹയെ അന്വേഷിച്ച് ഇവർ താമസിച്ചിരുന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ ഫാസിൽപൂർ എന്ന സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും ഇവർ സ്വദേശമായ ബീഹാറിലെ പട്‌നയിലേക്ക് കടന്നിരുന്നു.
എന്നാൽ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഒരു മയക്കുമരുന്ന് കേസിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് രണ്ടാഴ്ച മുമ്പ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും തൃശൂർ പോലീസ് സിമ സിൻഹയെ അറസ്റ്റ് ചെയ്യുകയും നിലവിൽ വനിതാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയുമാണിവർ. ഇവിടെയെത്തിയാണ് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.


