പത്തനംതിട്ട: ഏഴാം മാസം വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസും മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സും. മൈലപ്ര ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ജോളി(39)യാണ് വീട്ടിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ജോളിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെ ആശ പ്രവർത്തക വിവരം മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ഷിജുലയെ വിളിച്ചറിയിച്ചു. ഉടൻ തന്നെ ഷിജുല 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ കണ്ട്രോൾ റൂമിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ എമർജൻസി റെസ്പോൺസ് ഓഫീസർ ജിപിഎസ് വഴി സമീപത്തുള്ള ആംബുലൻസ് തിരയുകയും ഈ സമയം മൈലപ്ര വഴി കടന്നുപോകുകയായിരുന്ന വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിന് അത്യാഹിത സന്ദേശം കൈമാറുകയും ചെയ്തു.

കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നന്ദു വേണുഗോപാല പിള്ളയും പൈലറ്റ് അഫ്‌സൽ യൂവും ലക്ഷംവീട് കോളനിയിൽ എത്തി. ഇതിനിടയിൽ വിവരം അറിഞ്ഞ് നേഴ്‌സ് ഷിജുലയും സ്ഥലത്തെത്തി. ഒരു വലിയ പാറയുടെ മുകളിലാണ് ജോളിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഒരാൾക്ക് മാത്രം കഷ്ടപ്പെട്ട് നടന്നു കയറാൻ പറ്റുന്ന വഴി മാത്രമാണ് ഇവിടേക്കായി ഉള്ളത്. ജോളിയുടെ അടുത്തേക്ക് സംഘം എത്തുമ്പോഴേക്കും പ്രസവം നടന്നിരുന്നു. ഉടൻതന്നെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നന്ദു വേണുഗോപാല പിള്ളയും നേഴ്‌സ് ഷിജുലയും ചേർന്ന്  അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുസ്രൂഷ നൽകി.

വളരെ ബുദ്ധിമുട്ടിയാണ് അമ്മയെയും കുഞ്ഞിനെയും പാറയുടെ മുകളിൽ നിന്ന് സ്ട്രക്ച്ചറിൽ ചുമന്ന്  താഴെയിറക്കി ആംബുലൻസിലേക്ക് മാറ്റിയത്. ഉടൻ തന്നെ ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഏഴാം മാസത്തെ പ്രസവമായതിനാൽ കുഞ്ഞിന് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഇതിന് വേണ്ട ചികിത്സകൾ നൽകി വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.