പടിഞ്ഞാറത്തറയില്‍ വീടിന്റെ രഹസ്യ അറയില്‍ ചില്ലറ വില്‍പ്പനക്കായി സൂക്ഷിച്ച 108 ലിറ്റര്‍ മാഹി മദ്യം എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പും അബ്കാരി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണെന്ന് എക്‌സൈസ്.
കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ മദ്യശേഖരം പിടികൂടി. ചില്ലറ വില്‍പ്പനക്കും മറ്റുമായി വീടിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചു വെച്ചിരുന്ന 108 ലിറ്റര്‍ മാഹി മദ്യമാണ് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ പതിനാറാം മൈലില്‍ സരസ്വതി ഭവനത്തില്‍ ഉണ്ണി എന്ന കെ. രാധാകൃഷ്ണന്‍ (50) നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ മാഹിയില്‍ നിന്നും മദ്യം കടത്തി കൊണ്ടുവന്ന് ചില്ലറ വില്‍പ്പനക്കായി വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. കേരളത്തില്‍ വില്‍ക്കാന്‍ അനുമതിയില്ലാത്ത മദ്യമാണ് മാഹിയിലേത്. ചില്ലറയായും അല്ലാതെയും മദ്യം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയായ രാധാകൃഷ്ണനെ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിപോള്‍, പി.ഡി. അരുണ്‍, അനന്തുമാധവന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പത്ത് വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി കല്‍പ്പറ്റ എക്‌സൈസ് റെയ്ഞ്ചിന് കൈമാറി.
മദ്യവില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു. ഇയാള്‍ മുമ്പും അബ്കാരി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണെന്നും ഇയാളുടെ ഓട്ടോറിക്ഷ കല്‍പ്പറ്റ റെയ്ഞ്ചിലെ ക്രൈം. നമ്പര്‍ 31/24 കേസില്‍ പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുള്ളതായും എക്‌സൈസ് അറിയിച്ചു.


