കെഎസ്ആർടിസി ബസിൽ വന്നാൽ പരിശോധിക്കില്ലെന്ന് കരുതിയാണ് യുവാക്കൾ എത്തിയത്.
ആര്യങ്കാവ്; കൊല്ലം ആര്യങ്കാവിൽ കഞ്ചാവ് വേട്ട. എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള വാഹനപരിശോധനയിൽ 12 കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തെങ്കാശി - കായംകുളം കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരായ പാലക്കാട് പൊറ്റശ്ശേരി സ്വദേശികളായ മുബഷീർ (25), പ്രാജോദ് (20 ) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 12.53 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.ഉ ദയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കെഎസ്ആർടിസി ബസിൽ വന്നാൽ പരിശോധിക്കില്ലെന്ന് കരുതിയാണ് യുവാക്കൾ എത്തിയത്. എന്നാൽ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു.
കേരളത്തിലേക്ക് കഞ്ചാവെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നവരാണ് പ്രതികളെന്നാണ് വിവരം. വിശദമായ അന്വേഷണം നടത്തുമെന്നും എവിടെ നിന്നാണ് കഞ്ചാവ് കിട്ടിയതെന്നടക്കം അന്വേഷിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ദിലീപ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ആർ.മിനേഷ്യസ്, പ്രിവന്റീവ് ഓഫീസർ റ്റി.അജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി.ഗോപകുമാർ, ആർ. നിധിൻ എന്നിവരും പങ്കെടുത്തു.
Read More : രോഗിയായ യുവതിയോട് മോശം പെരുമാറ്റം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ, പരാതി നൽകും
