അമ്മായി അമ്മ കുളിക്കുകയായിരുന്നു. രേഷ്മയുടെ ഭര്‍ത്താവ് വീട്ടിലെ മുകളിലത്തെ നിലയിൽ ഉറങ്ങുകയുമായിരുന്നു

മലപ്പുറം: എടപ്പാൾ വട്ടംകുളത്ത് അശോകന്റെ വീട്ടിൽ കയറി യുവതിയെ കെട്ടിയിട്ട് കവർച്ച നടത്തിയെന്ന് പരാതി. അശോകന്റെ മരുമകൾ രേഷ്മയെ കസേരയിൽ കെട്ടിയിട്ട് 15 പവൻ സ്വർണം കവർന്നെന്നാണ് പരാതി. ഇന്ന് രാവിലെ 8.30 യ്ക്കാണ് കവർച്ച നടന്നതായി പറയുന്നത്. മാസ്കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് പരാതിക്കാരി ആരോപിച്ചു. ഇയാൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി.

ഈ സമയത്ത് മുൻവശത്ത് കസേരയിൽ ഇരിക്കുകയായിരുന്നു രേഷ്മ. ഇതേ കസേരയിൽ രേഷ്മയെ കെട്ടിയിട്ടയാൾ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങൾ മുഴുവൻ കവര്‍ന്നു. പിന്നീട് വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കവ‍ര്‍ന്നു. സംഭവം നടക്കുമ്പോൾ രേഷ്മയുടെ അമ്മായിഅമ്മയും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നു. എന്നാൽ ഇവരാരും സംഭവം അറിഞ്ഞില്ല. അമ്മായി അമ്മ കുളിക്കുകയായിരുന്നു. രേഷ്മയുടെ ഭര്‍ത്താവ് വീട്ടിലെ മുകളിലത്തെ നിലയിൽ ഉറങ്ങുകയുമായിരുന്നു എന്നാണ് മൊഴി. കുളികഴിഞ്ഞ് പുറത്തുവന്ന അമ്മായിഅമ്മയാണ് രേഷ്മയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. പിന്നീടാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലുണ്ടായിരുന്നവരുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്