Asianet News MalayalamAsianet News Malayalam

ഇസബെൽ എലനർ മെയ്ക്ക് അനശ്വരപ്രണയത്തിന്റെ ഓർമ്മ പൂക്കളുമായി മൂന്നാർ, 126ാമത് ചരമ ദിനം ഇന്ന്

മൂന്നാറിലെ ബ്രിട്ടിഷ് അധിനിവേശത്തിൻ്റെ ആദ്യ നാളുകളിലാണ് ഭർത്താവ് എച്ച്.എം.നൈറ്റുമൊന്നിച്ച് നവവധു എലനർ മൂന്നാറിലെത്തിയത്. 

126th death anniversary of Isabel Eleanor May
Author
Idukki, First Published Dec 23, 2020, 11:50 AM IST

മൂന്നാർ: അനശ്വര പ്രണയത്തിൻ്റെയും ഒപ്പം കണ്ണുനീരിൻ്റെയും സ്മരണകളുമായി മൂന്നാർ സിഎസ്ഐ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇസബെൽ എലനർ മേയ്ക്ക് മൂന്നാർ ഇന്ന് ഓർമ്മ പൂക്കൾ സമർപ്പിക്കും.1894 ഡിസംബർ 23 നാണ് ഇസബെല്ലിനെ ഈ കുന്നിൽ സംസ്കരിച്ചത്. കണ്ണൻ ദേവൻ കുന്നുകളിൽ അന്ത്യ കുടീരം ഒരുക്കപ്പെട്ട ആദ്യ വിദേശിയാണ് ഇസബെൽ.

മൂന്നാറിലെ ബ്രിട്ടിഷ് അധിനിവേശത്തിൻ്റെ ആദ്യ നാളുകളിലാണ് ഭർത്താവ് എച്ച്.എം.നൈറ്റുമൊന്നിച്ച് നവവധു എലനർ മൂന്നാറിലെത്തിയത്. സിലോൺ വഴി തൂത്തുക്കുടിയിൽ കപ്പലിറങ്ങിയ അവർ അമ്മനായ്ക്കനൂരിൽ തീവണ്ടിയിറങ്ങി ബോഡിനായ്ക്കനൂരിലെ കമ്പനി റസ്റ്റ് ഹൗസിൽ വിശ്രമിച്ചു. അടുത്ത ദിവസം മൂന്നാറിലെത്തി. ഭർത്താവ് നൈറ്റുമൊന്നിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കുന്നതിനിടെ, ഇപ്പോഴത്തെ സെമിത്തേരിയിൽ എത്തിയപ്പോൾ അവർ പറഞ്ഞു - താൻ മരിച്ചാൽ ഇവിടെ സംസ്കരിക്കണമെന്ന്. 

വൈകാതെ  കോളറ ബാധിച്ച് ഇസബെൽ മരിച്ചു. നൈറ്റ് വാക്കുപാലിച്ചു - പ്രണയിച്ച് തുടങ്ങും മുമ്പേ 24-ാം വയസിൽ വിട പറഞ്ഞ എലനർക്ക് അവരുടെ ആഗ്രഹപ്രകാരം ആ സെമിത്തേരിയിൽ തന്നെ അന്ത്യവിശ്രമം ഒരുക്കി. തുടർന്ന് നൈറ്റ് സ്വദേശത്തേക്ക് മടങ്ങിയെങ്കിലും തിരിച്ച് വന്നു.

ഇസബെല്ലിനെ മാത്രമല്ല, നിരവധി വിദേശികളെ സംസ്കരിച്ചിട്ടുണ്ട് ഈ സെമിത്തേരിയിൽ. സെമിത്തേരി തുറന്നതിന് ശേഷം സ്ഥാപിക്കപ്പെട്ടതാണ് സി എസ് ഐ പള്ളി. മൂന്നാറിലെ പ്രകൃതി, പൈതൃക സ്നേഹികൾ ഇന്ന് രാവിലെ 11ന് ശവകുടീരത്തിലെത്തി റോസപ്പൂവ് സമർപ്പിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് പത്ത് പേരാകും സെമിത്തേരിയിൽ എത്തുക.

Follow Us:
Download App:
  • android
  • ios