പ്രായമായ അമ്മ മാത്രം ഉണ്ടായിരുന്ന സമയത്ത്, ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് യുവാവ് മോഷണം നടത്തിയത്. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം: കൊല്ലം കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിലായിരുന്നു മോഷണം. ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണ് മോഷണം നടന്നത്. വിജിത്തിന്റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ കോളിങ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഇയാൾ വീട്ടിനുള്ളിൽ കടന്ന് സ്വർണം കവർന്നത്. വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.

നീല ജീൻസും ഷ‌‌ർട്ടും ഷൂവുമടക്കം വെൽ ഡ്രെസ്ഡ് ആയി എത്തിയ യുവാവാണ് സംശയത്തിന് ഇട കൊടുക്കാതെ വീട്ടിലെത്തി മോഷണം നടത്തിയത്. കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കയറി കേരളപുരം ജംഗ്ഷനിൽ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും വീട്ടിൽ കയറുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണത്തിന് ശേഷം തിരിച്ച് ബസ് സ്റ്റോപ്പിൽ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ കയറിപ്പോകുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.