കിണർ കുഴിക്കാൻ എത്തിയ പ്രതി പതിമൂന്ന്കാരിയെ പീഡിപ്പിച്ചതിന് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും 

തിരുവനന്തപുരം: കിണർ കുഴിക്കാൻ എത്തിയ പ്രതി അയൽവാസിയായ പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസിൽ ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെതാണ് ശിക്ഷാ വിധി. പാങ്ങോട് ഭരതന്നൂർ ഷൈനി ഭവനിൽ ഷിബിൻ (32)നെയാണ് ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുക ലഭിച്ചാൽ കുട്ടിക്ക് നൽകണം.

2018 മാർച്ച് 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടിനടുത്ത് കിണർ കുഴിക്കാൻ പ്രതി എത്തിയതാണ്. കുട്ടിയെ പരിചയപ്പെട്ടതിന് ശേഷം കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിൽ പല തവണ പ്രതി പോകുമായിരുന്നു. സംഭവ ദിവസം വീട്ടിൽ ആരുമില്ലെന്നറിഞ്ഞ പ്രതി അടുക്കള വാതിൽ വഴി വീടിനകത്ത് കയറി കുട്ടിയെ പീഡിപ്പിച്ചു. 

സംഭവത്തിൽ ഭയന്നുപോയ കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ പോയി. രാത്രി കൂട്ടുകാരി വീട്ടിൽ പറഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ എത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നിട്ടും പീഡന സംഭവം കുട്ടി വീട്ടിൽ പറഞ്ഞില്ല. രണ്ട് വർഷം കഴിഞ്ഞ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡോക്ടറെ കണ്ടപ്പോഴാണ് ഈ സംഭവം പുറത്ത് പറഞ്ഞത്. തുടർന്ന് പാലോട് പൊലീസ് കേസെടുക്കുകയായിരുന്നു.

Read more: മെഡിക്കൽ സ്റ്റോ‌‍ർ ഉടമയെ തടഞ്ഞുനിർത്തി, ഇനി കട തുറക്കേണ്ടെന്ന് പറഞ്ഞ് ആസിഡ് ഒഴിച്ചു, പ്രതി പിടിയിൽ

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, എം മുബീന, ആർവൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ പതിനഞ്ച് സാക്ഷികളെ വിസ്തരിച്ചു. പതിനെട്ട് രേഖകൾ ഹാജരാക്കി. പാലോട് സി ഐ സികെ.മനോജാണ് കേസ് അന്വേഷിച്ചത്.

YouTube video player