അവര്‍ 13000 പേര്‍ ഇന്ന് ഒരുമിച്ച് തെരുവിലേക്കിറങ്ങി; കോഴിക്കോടിനെ തെരുവ് ജീവിതങ്ങളില്ലാത്ത ജില്ലയാക്കാന്‍

കോഴിക്കോട്: ജില്ലയില്‍ തെരുവില്‍ കഴിയുന്നവരും ഉപേക്ഷിക്കപ്പെട്ടവരുമായ ജനങ്ങളുടെ പുനരധിവാസത്തിനായി രൂപീകരച്ച ഉദയം പദ്ധതിയുടെ ഭാഗമായി ഇന്ന് 13000 വിദ്യാര്‍ത്ഥികള്‍ തെരിവിലേക്കിറങ്ങി. പദ്ധതിയെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും ഉദയത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായുള്ള ധനസമാഹരണത്തിനും വേണ്ടിയാണ് ജില്ലയിലെ 150ഓളം കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുങ്ങി ഇറങ്ങിയത്.

ജനുവരി 31ന് 'തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ഒരു ദിവസം' ക്യാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. കോളേജുകളിലെ എന്‍ എസ് എസ്സിന്റെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസത്തിന് 2020 ല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ഉദയം. 

2000 ത്തോളം പേരെ ഇതുവരെ പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിച്ചു. വെള്ളിമാടുകുന്ന്, ചേവായൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലായാണ് ഉദയം ഹോം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ മൂന്ന് ഹോമുകളിലെയും അന്തേവാസികളുടെ ഭക്ഷണം, ശാരീരിക, മാനസിക ആരോഗ്യ പരിരക്ഷ, കൗണ്‍സലിംഗ്, കിടപ്പാടം എന്നിവയ്ക്കായി വര്‍ഷം 1.8 കോടി രൂപയാണ് ചെലവ് വരുന്നത്. ഇതിനോടകം 250 -ഓളം അന്തേവാസികളെ വീടുകളില്‍ തിരികെയെത്തിക്കാന്‍ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ചേരുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം, താമസം, ഭക്ഷണം, ചികിത്സ, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നുണ്ട്.

ജില്ലയിലെ കോര്‍പറേഷന്‍, മുന്‍സിപ്പിലാറ്റി, പഞ്ചായത്ത് പരിധികളിലെ മുഴുവന്‍ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ നോട്ടീസുകളുമായി കയറും. ഗൂഗിള്‍ പേ വഴിയും റസീപ്റ്റില്‍ എഴുതിയും ജനങ്ങള്‍ക്ക് ഫണ്ട് സമാഹരണത്തില്‍ പങ്കാളികളാകാം. പദ്ധതി ലക്ഷ്യ പ്രാപ്തിയിലെത്തിക്കാന്‍ ആവശ്യമായ ഉയര്‍ന്ന സാമ്പത്തിക ഭദ്രത ഈ പ്രവര്‍ത്തനത്തിലൂടെ സൃഷ്ടിക്കാന്‍ കഴിയും എന്നാണ് അധികൃതര്‍ കരുതുന്നത്. ഡോ. ജി രാഗേഷാണ് ഉദയം പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത്.

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ സ്ഥിരമായി ശീതളപാനീയങ്ങൾ കുടിക്കുന്നുണ്ടോ ? ഈ ക്യാൻസറിന് കാരണമാകുമെന്ന് പഠനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം