മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റി വെച്ചിരുന്ന വള്ളങ്ങൾ ചുഴലിയിൽപ്പെട്ട് കൂട്ടിയിടിക്കുകയായിരുന്നു. വള്ളങ്ങളുടെ സമീപത്ത് വലപ്പണിയിൽ ഏർപ്പെട്ടിരുന്ന മത്സ്യ തൊഴിലാളികളുടെ ദേഹത്ത് വള്ളങ്ങൾ തട്ടിയാണ് 15 ഓളം പേർക്ക് പരിക്കേറ്റത്
അമ്പലപ്പുഴ: കരൂർ തീരത്തുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ നാല് വള്ളങ്ങൾ തകർന്നു. 15 ഓളം മത്സ്യതൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൂർ അയ്യൻ കോയിക്കൽ ചന്തക്കടവിന് വടക്കുവശം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റി വെച്ചിരുന്ന വള്ളങ്ങൾ ചുഴലിയിൽപ്പെട്ട് കൂട്ടിയിടിക്കുകയായിരുന്നു. വള്ളങ്ങളുടെ സമീപത്ത് വലപ്പണിയിൽ ഏർപ്പെട്ടിരുന്ന മത്സ്യ തൊഴിലാളികളുടെ ദേഹത്ത് വള്ളങ്ങൾ തട്ടിയാണ് 15 ഓളം പേർക്ക് പരിക്കേറ്റത്. ഇവരെ നാട്ടുകാരും, മറ്റു മത്സ്യതൊഴിലാളികളും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഴ മുന്നറിയിപ്പിൽ മാറ്റം, തലസ്ഥാനത്തും കൊല്ലത്തും യെല്ലോ പിൻവലിച്ചു; മലയോരമേഖലയിൽ കനത്ത മഴ സാധ്യത
പുന്നപ്ര സ്വദേശി അഖിലാനന്തന്‍റെ ഉടമസ്ഥതയിലുള്ള ആണ്ടിയാർ ദീപം വള്ളം , കാഞ്ഞിരം ചിറ സ്വദേശി ബോണിയുടെ ഉടമസ്ഥതയിലുള്ള തെക്കേത്തൈ വള്ളം , നീതിമാൻ വള്ളം , സിയോൺ എന്നീ നാലു വള്ളങ്ങളാണ് ശക്തമായി വീശിയടിച്ച ചുഴലിയിൽ പെട്ടത്. പരസ്പരം കൂട്ടിയിടിച്ച് നാലു വള്ളങ്ങളും പൊട്ടുകയും എന്‍ജിന്‍ ഉൾപ്പടെ തകരുകയും ചെയ്തു. ആലപ്പുഴ ഗുരുമന്ദിരം വാർഡ് ആഞ്ഞിലിപ്പറമ്പിൽ ബോണി ( 32 ) ക്ക് കാലുകൾക്ക് ഒടിവുണ്ടായി. പുന്നപ്ര പുതുവൽ ഗിരീഷി ( 53 ) നും ഗുരുതര പരിക്കേറ്റു. കാഞ്ഞിരംചിറ ചാരുങ്കൽ വീട്ടിൽ തോമസ് ( 47 ) , ആലപ്പുഴ സിവ്യൂ വാർഡില്‍ ഫ്രാൻസിസ് ( 63 ) , കാഞ്ഞിരം ചിറ വെളിയിൽ വീട്ടിൽ വിൻസന്റ് ( 65 ) , കാഞ്ഞിരം ചിറപുന്നക്കൽ വീട്ടിൽ ആന്റപ്പൻ ( 62 ) തുടങ്ങി പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത്. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി വള്ളം ഉടമകൾ പറഞ്ഞു. അമ്പലപ്പുഴ സി ഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.
സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
