ബസിന്‍റെ ഡോര്‍ തുറന്നിട്ട് അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: എറണാകുളം ചെല്ലാനം മാലാഖപ്പടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു. ബസ്സിന്‍റെ ഡോർ അടയ്ക്കാതെ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് പൊലീസ് മോർണിംഗ് സ്റ്റാർ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ഇതിനിടെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ചെല്ലാനം മലാഖപടിയിൽ നിന്നാണ് മോണിങ് സ്റ്റാര്‍ എന്ന സ്വകാര്യ ബസിൽ 16കാരനായ പവൻ സുമോദ് കയറുന്നത്. ബസിൽ കാര്യമായി യാത്രക്കാരുണ്ടായിരുന്നില്ല. ബസിലേക്ക് 16കാരൻ കയറുന്നതും ഡോറിന് സമീപത്തേ സീറ്റിലേക്ക് ഇരിക്കാൻ നോക്കുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.

പിന്നീട് സീറ്റിൽ നിന്ന് എഴുന്നേറ്റ് വാതിൽപടിയിൽ നിന്നുകൊണ്ട് പുറത്തേക്ക് നോക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ഇതിനുശേഷമാണ് അപകടമുണ്ടായത്. ഏതെങ്കിലും തരത്തിൽ വിദ്യാര്‍ത്ഥി മനപ്പൂര്‍വം എടുത്ത് ചാടിയതാണോ അതോ പിടിവിട്ടതാണോയെന്നകാര്യമടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. അപകടത്തിന് ശേഷം പവനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

നിയമപരമായി ഓട്ടോമാറ്റിക് ഡോര്‍ അടച്ചുകൊണ്ടാണ് സര്‍വീസ് നടത്തേണ്ടത്. എന്നാൽ ഡോര്‍ അടയ്ക്കാതെയാണ് ബസ് മുന്നോട്ട് നീങ്ങിയതെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. വൈകിട്ടോടെയാണ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. ഇതിനാൽ വീട്ടുകാരുടെ മൊഴിയടക്കം പൊലീസിന് എടുക്കാനായിട്ടില്ല.

YouTube video player