ഇടുക്കി: തൊഴിലാളികളെ ഇറക്കിവിട്ട് മടങ്ങുന്നതിനിടെ പതിനാറുവയസുകാരന്‍ അപകടത്തില്‍ മരിച്ചു. വട്ടവട കോവിലൂര്‍ സ്വദേശി ഗുരുനാഥന്‍-ജ്യോതി ദമ്പതികളുടെ മകന്‍ കാര്‍ത്തിക്കാണ് മരിച്ചത്. യൂക്കാലി തോട്ടത്തില്‍ ജോലിക്കെത്തുന്ന തൊഴിലാളികളെ ജീപ്പില്‍ സ്ഥിരമായി സമീപ പ്രദേശങ്ങളില്‍ എത്തിക്കുന്നത് കാര്‍ത്തിക്കായിരുന്നു. 

കഴിഞ്ഞ ദിവസം കോവിലൂരില്‍ തൊഴിലാളികളെ ഇറക്കിവിട്ടശേഷം വട്ടവടയിലേക്കുള്ള വഴിമദ്ധ്യേ ഈര്‍ക്കാടിവെച്ച് ലോറിക്ക് സൈഡ് കൊടുക്കവെ ജീപ്പ് അമ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ കാ‍‍ർത്തിക്കിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദ​​ഗ്ധ ചികില്‍സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിച്ചു. സംഭവത്തില്‍  ദേവികുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.