കോഴിക്കോട് താമരശ്ശേരിയിൽ, താൻ ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് പതിനാറുകാരൻ പരിഭ്രാന്തി സൃഷ്ടിച്ചു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും, ശ്രദ്ധ കിട്ടാൻ കുട്ടി മുൻപും ഇത്തരം നാടകങ്ങൾ കളിച്ചിട്ടുണ്ടെന്ന് വീട്ടുകാർ വെളിപ്പെടുത്തി.
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ പതിനാറുകാരൻ നടത്തിയ ആത്മഹത്യാ നാടകം നാട്ടുകാരെയും ജനപ്രതിനിധികളെയും മണിക്കൂറുകളോളം മുനമ്പിൽ നിർത്തി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. താമരശ്ശേരിയിലെ ഒരു മലഞ്ചരക്ക് കടയുടെ മുന്നിൽ കുട്ടി അസ്വാഭാവികമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് കണ്ട് കടയുടമ ചോദ്യം ചെയ്യുകയായിരുന്നു. അമ്മ കഴിക്കുന്ന 12 ഉറക്കഗുളികകൾ താൻ ഒരുമിച്ച് കഴിച്ചുവെന്നും ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണെന്നുമായിരുന്നു കുട്ടി കടയുടമയോട് പറഞ്ഞത്. ഇതോടെ പരിഭ്രാന്തനായ കടയുടമ ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിച്ചു. ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് കുട്ടിയെ അടിയന്തരമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും വിദഗ്ധ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.
കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് നാട്ടുകാർ വിവരമറിയിക്കാനായി കുട്ടിയുടെ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടുന്നത്. എന്നാൽ ഫോൺ വിളിച്ചവരെല്ലാം ഞെട്ടുന്ന മറുപടിയാണ് ബന്ധുക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ശ്രദ്ധ കിട്ടാനുള്ള നാടകം: കുട്ടി മുൻപും പലതവണ ഇത്തരത്തിൽ ആത്മഹത്യാ നാടകങ്ങൾ കളിച്ചിട്ടുണ്ടെന്നും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ബന്ധുക്കൾ നാട്ടുകാരെ അറിയിച്ചു. എങ്കിലും കുട്ടിയുടെ സുരക്ഷ മുൻനിർത്തി മെഡിക്കൽ കോളേജിൽ എത്തിച്ച് വിശദമായ പരിശോധനകൾക്ക് വിധേയനാക്കി. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് എല്ലാവരും മടങ്ങുകയായിരുന്നു.


