ബലി പെരുന്നാൾ തലേന്ന് രാത്രി കൊടുവള്ളിയിൽ ദേശീയപാതയിൽ പടക്കം പൊട്ടിച്ച് ഗതാഗത തടസ്സമുണ്ടാക്കിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം പെരുമാറിയ പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ ഒരു പ്രതി ഒളിവിലാണ്.
കോഴിക്കോട്: കൊടുവള്ളിയിൽ നട്ടപ്പാതിരായ്ക്ക് ദേശീയപാതയിൽ പടക്കം പൊട്ടിച്ച് ബലി പെരുന്നാൾ ആഘോഷിച്ച മൂന്ന് യുവാക്കൾ പിടിയിൽ. ഗതാഗത തടസമുണ്ടാക്കിയതിനാണ് നടപടി. പെരുന്നാൾ തലേന്ന് അർദ്ധരാത്രി കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപം എംപിസി ആശുപത്രിക്ക് മുന്നിൽ ദേശീയപാതയിലായിരുന്നു യുവാക്കളുടെ അതിരുവിട്ട പെരുന്നാൾ ആഘോഷം. ഗതാഗത തടസ്സമുണ്ടാക്കിയായിരുന്നു പടക്കം പൊട്ടിക്കൽ.
നാട്ടുകാരും യാത്രക്കാരും യുവാക്കളെ ചോദ്യം ചെയ്തെങ്കിലും വാക്കേറ്റവും വെല്ലുവിളിയുമായിരുന്നു പ്രതികരണം. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാനിദ്, കുന്ദമംഗലം സ്വദേശി വി. അർഷാദ് എന്നിവർ പിടിയിലായി. ഒരു പ്രതി ഒളിവിൽ. യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം മാർഗതടസമുണ്ടാക്കി, സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തു എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. മൂവരേയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.


