നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു ഹുസ്നി

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിനരികെ 17കാരൻ ഒഴുക്കിൽ പെട്ടു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് സംഭവം. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി (17 )ആണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു ഹുസ്നി. ഫോട്ടോയെടുക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ടെന്നാണ് സ്ഥലത്ത് നിന്നുള്ള വിവരം. 

മണ്ണിടിഞ്ഞ് വീണ് വെള്ളത്തൂവലിൽ നിർമ്മാണ തൊഴിലാളി മരിച്ചു

ഇടുക്കി: അടിമാലി വെള്ളത്തൂവലിൽ കെട്ടിടം പണിക്കിടെ തൊഴിലാളി മണ്ണിടിഞ്ഞ് വീണ് മരിച്ചു. വെള്ളത്തൂവൽ മുതുവാൻ കുടിയിൽ കെട്ടിടം പണിതു കൊണ്ടിരുന്നപ്പോഴാണ് അപകടം. സമീപത്തുള്ള മൺഭിത്തി ഇടിഞ്ഞ് വീണാണ് മുതുവാൻകുടി കുഴിയിലിൽ പൗലോസ് (52) മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ പൗലോസ് മരിച്ചു. പിന്നീട് മൃതദേഹം അടിമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ഡിലേനി ഭവന്‍ ജംഗ്ഷന് സമീപം ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വള്ളിയൂര്‍ക്കാവ് കാവണ കോളനിയിലെ പരേതനായ സുബ്രഹ്‌മണ്യൻ, ലക്ഷ്മി ദമ്പതികളുടെ മകന്‍ അനില്‍ (20) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന കാവുംകുന്ന് സ്വദേശി വിഷ്ണു (22) പരിക്കുകളോടെ ചികിത്സയിലാണ്.

ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു അപകടം. ബൈക്കിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്നു അനില്‍. അപകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ അനിലിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സഹോദരങ്ങള്‍: മനോജ്, വിഷ്ണു, അഖില.