പൊലീസ് മർദ്ദനത്തില്‍ 17കാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
വിദ്യാര്‍ത്ഥിയുടെ ആരോപണം ആദ്യം പാലാ പൊലീസ് നിഷേധിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തക്ക് പിന്നാലെ സംഭവത്തില്‍ കോട്ടയം എസ്‍പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു

കോട്ടയം: വാഹന പരിശോധനയുടെ പേരില്‍ പാലാ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. എഎസ്ഐ ബിജു കെ തോമസ്, ഗ്രേഡ് എസ്ഐ പ്രേംസണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം ഈ മാസം ആദ്യം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവരുന്നത്. ഇതിനുപിന്നാലെ ഇരുവര്‍ക്കുമെതിരെ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ല പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട് ഡിഐജിക്ക് റിപ്പോര്‍ട്ടും കൈമാറിയിരുന്നു. റിപ്പോര്‍ട്ടിനെതുടര്‍ന്ന് ഡിഐജിയാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.
പെരുമ്പാവൂർ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയിലാണ് ഐപിസി 323, 325 വകുപ്പ് ചുമത്തി രണ്ടു പൊലുകാര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്. പൊലീസ് മര്‍ദ്ദനത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയായ 17 കാരന് നട്ടെല്ലിനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയുടെ ആരോപണം പാലാ പൊലീസ് നിഷേധിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തക്ക് പിന്നാലെ സംഭവത്തില്‍ കോട്ടയം എസ്‍പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28നാണ് സംഭവം. കൂട്ടുകാരനെ വിളിക്കാന്‍ കാറുമായി പോയ പാര്‍ത്ഥിപനെ വഴിയില്‍ പൊലീസ് കൈ കാണിച്ചു. വണ്ടി നിര്‍ത്താത്തിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് പാലാ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൈയ്യില്‍ ലഹരി മരുന്ന് ഉണ്ടെന്ന് ആരോപിച്ച് പൊലീസ് മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥി ആരോപിക്കുന്നത്. സ്റ്റേഷനില്‍ ക്യാമറയില്ലാത്ത ഭാഗത്തേക്ക് മാറ്റി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും വിദ്യാര്‍ത്ഥി പറയുന്നു.
പൊലീസ് മർദ്ദനത്തില്‍ 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ട് പൊലീസുകാർക്കെതിരെ നടപടി