സോഷ്യല്‍ മീഡിയയില്‍ നിരവധി വാഹനങ്ങളാണ് പ്രതി  കൃത്യമായ രേഖകള്‍ ഇല്ലാതെ കുറഞ്ഞ വിലയില്‍  വില്‍പ്പനക്കായി പരസ്യം ചെ‌യ്തത്.

തൃശൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് സാമൂഹിക മാധ്യമം വഴി വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശി ചിറളയത്ത് ഞാലില്‍വീട്ടില്‍ അഭയ് കൃഷ്ണ (19) നെയാണ് കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കാണിപ്പയ്യൂര്‍ കോട്ടകുളം സ്വദേശി കോത്തൂര്‍ വീട്ടില്‍ റോഷന്റെ ഉടമസ്ഥതയിലുള്ള ആര്‍ വണ്‍ ഫൈവ് ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.

പന്തലൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് അര്‍ധ രാത്രിയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഉടമ കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ഈ ബൈക്ക് രൂപമാറ്റം വരുത്തിയ ശേഷം വിൽപ്പനക്ക് സോഷ്യൽമീഡിയയിൽ പരസ്യം ചെയ്യുക‌യായിരുന്നു. പരസ്യം ശ്രദ്ധയില്‍പ്പെട്ട വാഹന ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ എറണാകുളത്തുനിന്ന് പിടികൂടിയത്. 

സോഷ്യല്‍ മീഡിയയില്‍ നിരവധി വാഹനങ്ങളാണ് പ്രതി കൃത്യമായ രേഖകള്‍ ഇല്ലാതെ കുറഞ്ഞ വിലയില്‍ വില്‍പ്പനക്കായി പരസ്യം ചെ‌യ്തത്. ബൈക്ക് ആവശ്യപ്പെട്ട് വിളിക്കുന്നവരില്‍ നിന്നെല്ലാം അഡ്വാന്‍സ് തുക കൈപ്പറ്റും. എരുമപ്പെട്ടി ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം അസി. പൊലീസ് കമ്മീഷണര്‍ സന്തോഷ്, സ്റ്റേഷന്‍ ഹൗസ് ഓഫീസർ യു കെ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, സിവില്‍ പൊലീസ് ഓഫീസര്‍ റിജിന്‍ദാസ്, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ശരത്ത്, ആശിഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.