കുട്ടനാട്ടിൽ 20 ലിറ്റർ ചാരായവുമായി ബേക്കറി ഉടമയും സുഹൃത്തും എക്സൈസ് പിടിയിലായി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന ചാരായം പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലപ്പുഴ: കുട്ടനാട്ടിൽ 20 ലിറ്റർ ചാരായവുമായി ബേക്കറി ഉടമയും സുഹൃത്തും പിടിയിൽ. മങ്കൊമ്പ് ജംങ്ഷനിലെ പൊന്നൂസ്സ് ബേക്കറി ഉടമ ചമ്പക്കുളം തെക്കേക്കര മുറിയിൽ മംഗലത്ത് വീട്ടിൽ അനിൽകുമാർ(51 ), സുഹൃത്ത് നെടുമുടി മണപ്ര മുറിയിൽ മാങ്ങയിൽ വീട്ടിൽ സുമൻ കുമാര്‍ (55) എന്നവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എക്സൈസ് വകുപ്പ് നിരോധിത ലഹരി വ്യാപനം തടയാനായി സ്ട്രൈക്കിംഗ് ഫോഴ്സ് പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് തെക്കേക്കര പാലത്തിന് സമീപം എക്സൈസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഈസമയത്താണ് അനിൽകുമാറം സുമൻ കുമാറും സ്‌കൂട്ടറിൽ ഇവിടേക്ക് എത്തിയത്.
സ്‌കൂട്ടറിൽ കാനിൽ സൂക്ഷിച്ച നിലയിലാണ് ചാരായമുണ്ടായിരുന്നത്. കാൻ തുറന്ന് പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ഇത് ചാരായമാണെന്ന് മനസിലായതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം നടത്തി വരികയാണ്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം.ആർ.സുരേഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.പി.ജോസ്, സിവിൽ എക്സൈസ് ഓഫീസർ മോബി വർഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനഘ അശോക് കുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ വിപിനചന്ദ്രൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.


