സമയം തെറ്റിയതിനെ തുടര്‍ന്ന് ഇരു ബസുകളും മത്സരയോട്ടത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
കോഴിക്കോട്: ബസ്സുകളുടെ മരണപ്പാച്ചിലിനിടെയുണ്ടായ അപകടത്തില്‍ യാത്രക്കാരായ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. വടകര ഇരിങ്ങലിലാണ് അപകടമുണ്ടായത്. ഇരിങ്ങല്‍ കളരിപ്പടിയില്‍ സ്വകാര്യ ബസിന് പിന്നില്‍ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്നു ബസുകളാണ് ഇന്ന് രാവിലെ 9.30 ഓടെ അപകടത്തില്‍പ്പെട്ടത്.
സമയം തെറ്റിയതിനെ തുടര്‍ന്ന് ഇരു ബസുകളും മത്സരയോട്ടത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. കളരിപ്പടി ബസ് സ്റ്റോപ്പില്‍ ഒരു സ്ത്രീ മുന്നിലെ ബസിന് കൈ കാണിച്ചതോടെ ബസ് നിര്‍ത്തി. തൊട്ടുപിന്നാലെ അമിത വേഗതയില്‍ എത്തിയ രണ്ടാമത്തെ ബസ് ഈ ബസ്സിന് പിറകില്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നന്ദകിഷോര്‍ എന്ന വിദ്യാര്‍ത്ഥി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


