പരിക്കേറ്റ രജ്ഞിത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ വാഹനപകടത്തില്‍ 20 കാരനായ യുവാവിന് ദാരുണന്ത്യം. മീനങ്ങാടിക്ക് അടുത്ത അപ്പാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്പലവയല്‍ കളത്തുവയല്‍ അമ്പലക്കുന്ന് കോളനിയിലെ രാജന്റെ മകന്‍ ആര്‍.രജ്ഞിത്ത് ( 20 ) ആണ് മരണപ്പെട്ടത്. മൂന്നാനക്കുഴിയിലുള്ള ബന്ധുവീട്ടില്‍ പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ രജ്ഞിത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന് കോഴിക്കോട് - കൊല്ലഗല്‍ ദേശീയ പാതയില്‍ മുട്ടില്‍ വാര്യാട് നടന്ന അപകടത്തിൽ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ സഹപാഠികളായ മൂന്ന് പേര്‍ മരിച്ചിരുന്നു. പുല്‍പ്പള്ളി കബനിഗിരി ഷെഡ് കാട്ടുവെട്ടിയില്‍ അനന്തു ( 20 ) , പാലക്കാട് സ്വദേശി യദു, കൊല്ലങ്കോട് സ്വദേശി മിഥുന്‍ എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളായിരുന്ന മൂവരും വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു.

പ്രതിപക്ഷ നേതാവിന്റെ നിലപാട് രാഷ്ട്രീയ മര്യാദയില്ലാത്തത്; പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി റിയാസ്

അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ദേശീയപാതക്കരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അഞ്ചംഗ സംഘമാണ് സുഹൃത്തായ അനന്തുവിന്‍റെ വീട്ടിലെത്തിയിരുന്നത്. ഇവര്‍ രാവിലെ പുല്‍പ്പള്ളിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ഒറ്റപ്പാലം പത്തന്‍കുളം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി കുറ്റിയാട്ട് പൊയില്‍താഴം സ്വദേശി യാദവ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ദുരിതാശ്വാസ പ്രവർത്തനം; അവധി 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, പക്ഷേ എല്ലാ സ്കൂളുകൾക്കും അവധിയില്ല

അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഒരാൾ മരിച്ചെന്നതാണ്. ഇടുക്കിയിൽ കട്ടപ്പനക്കു സമീപം ഉണ്ടായ അപകടത്തിൽ സെബാസ്റ്റ്യൻ എന്നയാളാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാറിടിച്ചാണ് സെബാസ്റ്റ്യൻ മരിച്ചത്. കാറോടിച്ചിരുന്ന പേഴുംകണ്ടം മാടപ്പള്ളിൽ അനുമോനും പരിക്കേറ്റ് ആശുപത്രിയിലാണ്. പള്ളിയിലേക്ക് പോകാൻ സെബാസ്റ്റ്യൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അനു ഓടിച്ചിരുന്ന കാർ സെബാസ്റ്റ്യനെ ഇടിച്ചത്. അപകടത്തിന് ശേഷം അനുവിന്റെ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. സെബാസ്റ്റ്യൻ റോഡരികിലും അനുമോൻ കാറിനടിയിലുമാണ് കിടന്നിരുന്നത്. ഓടിക്കൂടിയ നാട്ടുകാ‍‍ർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബാസ്റ്റ്യന്‍റെ ജീവൻ രക്ഷിക്കാനായില്ല.