ബുധനാഴ്ച കുമളിയിലെ ഒരു ലോഡ്ജില്‍ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കുമളി: ഇടുക്കിയിലെ കുമളിയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ പൊലീസ് പിടിയില്‍. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലൻ ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച കുമളിയിലെ ഒരു ലോഡ്ജില്‍ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. അലന്‍ ബാബു തന്നെ പ്രണയം നടിച്ച് നിര്‍ബന്ധിച്ച് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു.

Read More : 19കാരിയെ പ്രലോഭിപ്പിച്ചും മയക്കുമരുന്ന് നല്‍കിയും പീഡനം; 3 പേര്‍ അറസ്റ്റില്‍

അതേസമയം പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് കായക്കൊടി സ്വദേശി റാഷിദ് അബ്ദുള്ളയാണ് പിടിയിലായത്. മാനന്തവാടി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് ക്ലബ് കുന്നിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക വീട്ടിൽ അതിക്രമിച്ച് കടന്ന് 12000 രൂപ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് റാഷിദ് പൊലീസിന്‍റെ പിടിയിലാകുന്നത്.

മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് റാഷിദ് അബ്ദുള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്നും ആറ് ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പതിമൂന്ന് കേസുകളുണ്ടെന്ന് ബത്തേരി പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.