ആറ് മാസം മുമ്പാണ് സ്വകാര്യ ബസിലെ കണ്ടക്ടറായ കാരാളിക്കോണം സ്വദേശി നിഹാസിനൊപ്പം അഞ്ജന താമസം തുടങ്ങിയത്.
കൊല്ലം: ആയൂരില്‍ ഇരുപത്തൊന്നുകാരിയെ ആണ്‍സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണത്ത് സംഭവം. ചെറിയ വെളിനല്ലൂര്‍ കോമണ്‍പ്ലോട്ട് ചരുവിളപുത്തന്‍ വീട്ടില്‍ അഞ്ജന സതീഷ് (21) ആണ് മരിച്ചത്. സുഹൃത്ത് നിഹാസിന്റെ വീട്ടില്‍ കഴിഞ്ഞ ആറ് മാസമായി താമസിച്ച് വരികയായിരുന്നു അജ്ഞനയെന്നാണ് വിവരം. നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് മാസം മുമ്പാണ് സ്വകാര്യ ബസിലെ കണ്ടക്ടറായ കാരാളിക്കോണം സ്വദേശി നിഹാസിനൊപ്പം അഞ്ജന താമസം തുടങ്ങിയത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇരുവരെയും വിളിപ്പിച്ചെങ്കിലും സുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
കുറച്ച് ദിവസങ്ങളായി അഞ്ജനയും നിഹാസും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും വഴക്ക് പതിവാണെന്നുമാണ് വിവരം. സംഭവത്തില്‍ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക വിവരമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. അതേസമയം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി പാരിപ്പിള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഞ്ജനയുടെ അച്ഛന്‍: സതീഷ്. അമ്മ: അംബിക. സഹോദരന്‍: അനന്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


