ബൈക്ക് മോഷ്ടിച്ച കേസിൽ യുവാക്കളെ മുളവുകാട് പൊലീസ് പിടികൂടി

കൊച്ചി: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാക്കളെ മുളവുകാട് പൊലീസ് പിടികൂടി. ആലുവ മുപ്പത്തടം കോതമംഗലത്തറയിൽ വീട്ടിൽ സഞ്ജയ്‌ (22), നോർത്ത് പറവൂർ കൈതാരം മാളിയേക്കൽ വീട്ടിൽ ആഷിഖ് (23) എന്നിവരാണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. 

മുളവുകാട് ഡിപി വേൾഡിന് സമീപത്തു നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ ആണ് ഇരുവരും പിടിയിലായത്. വല്ലാർപാടത്തു കണ്ടെയ്നർ ഡ്രൈവറായ ആലുവ സ്വദേശിയുടെ ബൈക്ക് ആണ് ഇരുവരും മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന പ്രതികളെ തന്ത്രപരമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്. സഞ്ജയിനെ കൊല്ലത്തു നിന്നും ആഷിഖിനെ ചേരാനല്ലൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

പ്രതികൾ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മുളവുകാട് ഇൻസ്പെക്ടർ മഞ്ജിത് ലാലിന്റെ നേതൃത്വത്തിൽ എസ്ഐ സുനേഖ്, എ എസ് ഐ ശ്യംകുമാർ, പൊലീസുകാരായ അലോഷ്യസ്, ജയരാജ്‌, രാജേഷ്, സിബിൽ ഫാസിൽ, അരുൺ ജോഷി, തോമസ് ജോർജ്, സേവ്യർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read more: അയൽവാസിയെ വീട്ടിൽ വിളിച്ചുവരുത്തി വെട്ടുകത്തികൊണ്ട് വെട്ടി; പ്രതിക്ക് കഠിനതടവും പിഴയും

അതേസമയം, കൊച്ചി യാര്‍ഡില്‍ നിന്ന് കാര്‍ മോഷ്ടിച്ച് കടന്ന കേസില്‍ യുവാവ് പിടിയില്‍. തൃശൂര്‍ ഇരിങ്ങലക്കുട മുരിയോട് സ്വദേശി ദിനേശ്വരന്‍ (29) ആണ് മരട് പൊലീസിന്റെ പിടിയിലായത്. മരട് കണ്ണാടികാടില്‍ പ്രവര്‍ത്തിക്കുന്ന വോക്‌സ് വാഗന്റെ യാര്‍ഡില്‍ നിന്നാണ് ദിനേശ്വരന്‍ കാര്‍ മോഷ്ടിച്ചത്. യാര്‍ഡില്‍ താക്കോലോടെ ഇട്ടിരുന്ന കാര്‍ മോഷ്ടിച്ച ദിനേശ്വരന്‍ കുണ്ടന്നൂരിലെ പമ്പില്‍ കയറി പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് മരട് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനം മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. കണ്ണാടികാടു ഭാഗത്തു വാടകക്ക് താമസിക്കുന്ന ഇയാള്‍ കൂലി പണി ചെയ്ത് വരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.