എവിടെ നിന്നാണ് ദിഷാന്തിന് മയക്കുമരുന്ന് ലഭിച്ചത് എന്നതടക്കം പരിശോധിച്ച് വരികയാണെന്ന് എക്സൈസ് പറഞ്ഞു.
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ വൻ രാസ ലഹരി വേട്ട. എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 100.65 ഗ്രാം എംഡിഎംഎ പിടികൂടി. തൃശ്ശൂർ പുഴയ്ക്കൽ സ്വദേശി ദിഷാന്ത് (22) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ചെക്ക്പോസ്റ്റിലെ പതിവ് പരിശോധനയിലാണ് യുവാവ് പിടിയിലായത്.
സ്വകാര്യ ബസിലെത്തിയാൽ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് ദിഷാന്ത് മയക്കുമരുന്നുമായി എത്തിയത്. എന്നാൽ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. എവിടെ നിന്നാണ് ദിഷാന്തിന് മയക്കുമരുന്ന് ലഭിച്ചത് എന്നതടക്കം പരിശോധിച്ച് വരികയാണെന്ന് എക്സൈസ് പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.രമേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ മനോജ് കുമാർ.സി.എൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) മുഹമ്മദ് ഷെരീഫ്.പി.എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രഭ.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ കെ.പി.രാജേഷ്, മനോജ്.പി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസം എറണാകുളത്ത് സ്വകാര്യ ലോഡ്ജിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ എംഡിഎംഎയും മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവും യുവതിയും പിടിയിലായിരുന്നു. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസൻ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. ഓൺലൈൻ മുഖേന മയക്കുമരുന്നുകൾ വാങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.
