കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കസബ കടപ്പുറം സ്വദേശി ആദിത്യന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഹാർബർ ഗേറ്റിന് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാസര്‍കോട്: കാസർകോട് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കസബ കടപ്പുറം സ്വദേശി ആദിത്യന്‍റെ മൃതദേഹം പുഴയില്‍ നിന്നാണ് കിട്ടിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോ അപായപ്പെടുത്തിയതാകാമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കസബ കടപ്പുറം സ്വദേശിയായ ആദിത്യനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപം ഈ 22 വയസുകാരന്‍റെ സ്കൂട്ടറും ചെരിപ്പുമെല്ലാം കണ്ടെത്തി. ഇന്ന് രാവിലെ ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ നിന്ന് മൃതദേഹം കിട്ടി. മീന്‍പിടുത്തക്കാരുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. മുഖത്തിന്‍റെ വലത് വശത്ത് പരിക്കേറ്റ പാടുകളുണ്ട്. ആദിത്യന്‍റെ ശരീരത്തിലെ ആഭരണങ്ങള്‍ കാണുന്നില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ആദിത്യന് പ്രശ്നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. മൊബൈലില്‍ അവസാനമായി ഒരാളുടെ ചിത്രം പകര്‍ത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് കാസര്‍കോട് പൊലീസ്.
