പശ്ചിമബംഗാൾ സ്വദേശിയും ഹരിപ്പാട് ആയാപറമ്പിലെ താമസക്കാരിയുമായ സുസ്മിതയാണ് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്.
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. പശ്ചിമബംഗാൾ സ്വദേശിയും ഹരിപ്പാട് ആയാപറമ്പിലെ താമസക്കാരിയുമായ സുസ്മിത(22)യാണ് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പ്രസവവേദനയെത്തുടർന്ന് സുസ്മിതയെ ബന്ധുക്കൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രാത്രിയോടെ യുവതിയുടെ ആരോഗ്യനില വഷളായി. വിദഗ്ധചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർചെയ്ത ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ആംബുലൻസ് ഡ്രൈവർ അനു ഉണ്ണിക്കൃഷ്ണൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എ. ആർ. ആര്യ എന്നിവർ ഉടൻ ആശുപത്രിയിലെത്തി യുവതിയുമായി വണ്ടാനം മെഡിക്കൽ കോളേജിലേക്കു തിരിച്ചു. ആംബുലൻസ് തോട്ടപ്പള്ളിയിൽ എത്തിയപ്പോഴേക്കും സുസ്മിതയുടെ ആരോഗ്യനില കൂടുതൽ വഷളായി.
ആര്യ നടത്തിയ പ്രാഥമികപരിശോധനയിൽ പ്രസവമെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നു മനസ്സിലായി. പെട്ടെന്ന് ആംബുലൻസിൽത്തന്നെ സജ്ജീകരണങ്ങൾ ഒരുക്കി. രാത്രി 10. 55-ന് ആര്യയുടെ പരിചരണത്തിൽ സുസ്മിത പ്രസവിച്ചു. ആര്യ പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
