പടവിലേക്കിറങ്ങിയ വിഷ്ണുവിനെ കാണാനില്ലെന്ന് അറിഞ്ഞ ഉടനെ വിളപ്പിൽശാല പൊലീസ് സ്ഥലത്തെത്തി.
തിരുവനന്തപുരം: പേയാട് അരുവിപ്പുറത്തിന് സമീപം കരമന ആറ്റിൽ യുവാവ് മുങ്ങിമരിച്ചു. കുടപ്പനക്കുന്ന് കിണവൂർ സ്വദേശി വിഷ്ണു(22)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിലിറങ്ങിയെന്നും വിജനമായ സ്ഥലത്ത് കാൽ വഴുതി വീണ് ഒഴുക്കിൽപെട്ടതാവാമെന്നുമാണ് പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്ത് അന്വേഷണം തുടങ്ങി.
കാവടിക്കടവിന് സമീപം വലിയവട്ടമെന്നാണ് അപകടമുണ്ടായ സ്ഥലം അറിയപ്പെടുന്നത്. പടവിലേക്കിറങ്ങിയ വിഷ്ണുവിനെ കാണാനില്ലെന്ന് അറിഞ്ഞ ഉടനെ വിളപ്പിൽശാല പൊലീസ് സ്ഥലത്തെത്തി. പിന്നാലെ ഫയർഫോഴ്സ് സംഘവും എത്തി മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വൈകുന്നേരത്തോടെ വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്താനായത്.
ലഹരി ഉപയോഗിച്ച ശേഷമാണ് മൂന്ന് പേരും വെള്ളത്തിലിറങ്ങിയതെന്നാണ് സമീപ വാസികൾ പറയുന്നത്. പ്രദേശത്തേക്ക് നാട്ടുകാരൊന്നും പോകാത്ത സ്ഥലമാണെന്നും പതിവായി ലഹരി സംഘമാണ് ഇവിടെയത്തുന്നതെന്നും സമീപവാസികൾ പറയുന്നു. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.


