കഴിഞ്ഞ മാസം 12ന് ഒറ്റപ്പാലം സ്വദേശിയായ മധ്യവയസ്കനെയാണ് ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയത്
തൃത്താല: പാലക്കാട് കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ ഇരുചക്രവാഹനം പൊലീസ് തിരിച്ചറിഞ്ഞപ്പോഴേക്കും കളവ് പോയി. കഴിഞ്ഞ മാസം 12ന് ഒറ്റപ്പാലം സ്വദേശിയായ മധ്യവയസ്കനെയാണ് ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയത്. പൊലീസ് അന്വേഷണത്തിനിടെ ബൈക്കിന്റെ ഉടമ 23 കാരനായ വരോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.
എന്നാൽ അപകടത്തിനു ശേഷം ബൈക്ക് കേടുപാടുകൾ റിപ്പയർ ചെയ്തു വീട്ടിൽ എത്തിച്ചതിനു പിന്നാലെ ബൈക്ക് മോഷണം പോയെന്നായിരുന്നു മൊഴി. കാൽ നടയാത്രക്കാരനെ ഇടിച്ച കേസുള്ളതിനാലാണു പൊലീസിൽ പരാതിയും നൽകിയില്ല. അന്വേഷണത്തിൽ തൃത്താലയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി. അതേസമയം അപകടത്തിൽ പരിക്കേറ്റ 55 കാരൻ പരിക്ക് ഭേദമായി ആശുപത്രി വിട്ടു.
മറ്റൊരു സംഭവത്തിൽ കുതിരാനിൽ കാർ അപകടത്തിൽപ്പെട്ട് യുവാവിന് പരിക്കേറ്റു. ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം പട്ടിക്കാട് വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. ഇരിങ്ങാലക്കുട സ്വദേശി കിരൺ (24) ആണ് പരിക്കേറ്റത്. ഇയാളെ 108 ആംബുലൻസിൽ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറേകാലിന് ആണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു പാലക്കാട് ഭാഗത്തേക്കുള്ള പാതയിലേക്ക് മറിയുകയായിരുന്നു. മറ്റൊരാൾ കൂടി കാറിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
