ഗുണ്ടല്‍പേട്ടിൽ ബൈക്ക് അപകടം: വയനാട് സ്വദേശിയായ 24കാരിക്ക് ദാരുണാന്ത്യം, അപകടം ദസറ ആഘോഷിച്ച് മടങ്ങുമ്പോള്‍
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം
സുല്‍ത്താന്‍ബത്തേരി: ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്‌ലി സാബു (24) ആണ് ഗുണ്ടല്‍പേട്ട് മദ്ദൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ദേശീയപാത 766 ലായിരുന്നു അപകടം.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന ബന്ധുവിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ആഷ്‌ലിയും കുടുംബാംഗങ്ങളും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം.
തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം: 7 മരണം, നിരവധിപ്പേർക്ക് പരിക്ക്
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷ്‍ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഷ്‌ലി സാബുവിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേസമയം കോഴിക്കോട് വടകരയിലെ മടപ്പള്ളിയിൽ ദേശീയ പാതയിൽ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. സാലിയ ( 60) ആണ് മരിച്ചത്. ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലയിൽ നിന്ന് കാസർകോഡേക്ക് മരണാന്തര ചടങ്ങിന് പോയവരാണ് അപകടത്തിൽ പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം