നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 167 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു... 

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച 242 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 32 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. 

നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 167 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 31 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 51 പേരാണ് ഇന്ന് രോഗമുക്തരായത്. 

ജില്ലയില്‍ ഇതുവരെ 2,158 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഞായാറാഴച ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികള്‍ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം കൂടുതല്‍ രോഗികള്‍ ക്ലിനിക്കില്‍ എത്തുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തണം. ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്ത് നിശ്ചിത സമയത്ത് മാത്രം രോഗികള്‍ എത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. 

നിയമലംഘനം നടത്തുന്ന ക്ലിനിക്കുകള്‍ അടച്ച് പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കച്ചവട സ്ഥാപനങ്ങളിലും സാമൂഹിക അകലം കാണിക്കുന്ന അടയാളങ്ങള്‍ രേഖപ്പെടുത്തണം. ഇവിടങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.

10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരും ഗർഭിണികളും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. അയല്‍ വീടുകളിലും രോഗികളെയും പ്രായമായവരെയും സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് ഒഴികെയുള്ള പ്രദേശങ്ങളിലെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. രാത്രി ഒന്‍പത് വരെ പാഴ്‌സല്‍ നല്‍കാം.