Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ആദ്യം, കാഞ്ഞിരപ്പള്ളിയിലെ 25 കാരനെ മയക്കുമരുന്ന് കേസിൽ 1 വർഷം കരുതൽ തടങ്കലാക്കാൻ ഉത്തരവ്

കുറ്റാരോപിതനായ അഷ്‌കർ അഷ്‌റഫ് വിദ്യാസമ്പന്നനാണെങ്കിലും എൽഎസ്‍ഡി, മെത്താംഫിറ്റമിൻ, കഞ്ചാവ്  തുടങ്ങിയ മയക്കുമരുന്നുകൾക്ക് അടിമയാണെന്ന് എക്സൈസ് പറഞ്ഞു.

25-year-old youth from Kanjirappally is currently under preventive detention under the NDPS Act
Author
First Published Aug 7, 2024, 8:02 PM IST | Last Updated Aug 7, 2024, 8:04 PM IST

കോട്ടയം: എക്സൈസിനും പൊലീസിനും തീരാതലവേദനയും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയുമായ കാഞ്ഞിരപ്പള്ളി സ്വദേശിയെ ഒരു വർഷം കരുതൽ തടങ്കലാക്കാൻ ഉത്തരവായി. കാഞ്ഞിരപ്പള്ളി സ്വദേശിയായ 25 വയസ്സുകാരൻ അഷ്‌കർ അഷറഫിനെയാണ് ഒരു വർഷം കരുതൽ തടങ്കലിലാക്കാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്.  സംസ്ഥാനത്ത് ആദ്യമായാണ്‌ എക്സൈസ് വകുപ്പ് മയക്കുമരുന്ന്  കടത്തുകാരനെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കുറ്റം ചുമത്തി കരുതൽ തടങ്കലിൽ അടയ്ക്കുന്നത്. അഷറഫ് സ്ഥിരം മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. 

മയക്കുമരുന്നിന്റെ വിപണനം, ഉപയോഗം, ഉൽപ്പാദനം, കടത്തൽ, നിർമ്മാണം, വാങ്ങൽ, സൂക്ഷിക്കൽ, ഒളിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കേസിൽ ഉൾപ്പെടുന്ന പ്രതികളെ, വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കുവാൻ, കരുതൽ തടങ്കലിൽ വയ്ക്കുന്നതിന്  മയക്കുമരുന്ന് നിരോധന നിയമപ്രകാരം വ്യവസ്ഥയുണ്ട്. 2020 സെപ്തംബർ മൂന്നിന് എറണാകുളം വൈറ്റില ചക്കരപ്പറമ്പിന് സമീപത്തുള്ള പുല്ലുപറമ്പ് ബൈ-ലെയ്ൻ റോഡിൽ വച്ച്  ബൈക്കിൽ 1.117 കിലോ കഞ്ചാവ്  കടത്തികൊണ്ടുവരവേ അഷ്‌കർ അഷ്‌റഫിനെയും കൂട്ടാളിയെയും എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വിചാരണ നേരിടുന്ന സമയത്ത്  2023 മെയ് ഒന്നിന് പാലായിൽ വച്ച്  76.93 ഗ്രാം മെത്താംഫിറ്റമിൻ, 0.1558 മില്ലി ഗ്രാം (9 എണ്ണം) എൽഎസ്ഡി സ്റ്റാമ്പ് എന്നിവ കടത്തിയ കുറ്റത്തിന് അഷറഫ്  കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്‍റെ പിടിയിലായി.

എറണാകുളം സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥകൾ ലഘിച്ചാണ് പ്രതി വീണ്ടും സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്.
കുറ്റാരോപിതനായ അഷ്‌കർ അഷ്‌റഫ് വിദ്യാസമ്പന്നനാണെങ്കിലും എൽഎസ്‍ഡി, മെത്താംഫിറ്റമിൻ, കഞ്ചാവ്  തുടങ്ങിയ മയക്കുമരുന്നുകൾക്ക് അടിമയാണെന്ന് എക്സൈസ് പറഞ്ഞു. കോട്ടയം, എറണാകുളം ജില്ലകളിലും പരിസരങ്ങളിലുമായി  മയക്കുമരുന്ന് കച്ചവടക്കാരുടെയും, ഇടപാടുകാരുടെയും വലിയ ശൃംഖലയാണ് ഇയാൾക്കുള്ളത്. ബാംഗ്ലൂരിൽ നിന്ന് ഇയാൾ അതീവ രഹസ്യമായി രാസലഹരികൾ കേരളത്തിലേക്ക് കടത്താറുണ്ടായിരുന്നു. ബാംഗ്ലൂരിൽ ഇയാൾക്ക് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതെന്ന് സംശയിക്കുന്ന നൈജീരിയന്‍ യുവതി ഇതിനിടെ രാജ്യം വിട്ടതായി അറിയുന്നു. ഇക്കാര്യത്തില്‍ തുടരന്വേഷണം നടക്കുന്നുണ്ട്.

അഷ്‌കർ അഷ്‌റഫ് നിലവിൽ  വിചാരണ നടപടികള്‍ക്ക് വിധേയനായി ജുഡീഷ്യൽ കസ്റ്റഡിയില്‍ കഴിഞ്ഞ് വരികയാണ്. കരുതല്‍ തടങ്കല്‍ നടപടിയിലൂടെ ഇയാൾ ഒരു വർഷത്തേയ്ക്ക് ജയില്‍ മോചിതനാവാനുള്ള സാധ്യത പൂര്‍ണ്ണമായും ഒഴിവായി. വിചാരണയിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ അത് പ്രകാരമുള്ള ശിക്ഷയും  ലഭിക്കും.  കേസന്വേഷണം നടത്തിയ കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്‍. രാജേഷ്, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍ വികാസ്. എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഞ്ചു പി. എസ്, സുജാത സി. ബി  എന്നിവരടങ്ങിയ സ്‌പെഷ്യൽ ടീം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അഷറഫിനെ കരുതൽ തടങ്കലാക്കാൻ ഉത്തരവിട്ടത്.

Read More : വിദേശത്ത് നിന്നെത്തിയിട്ട് ചിലവ് ചെയ്തില്ല, ആലപ്പുഴയിൽ യുവാവിനെ തല്ലിച്ചതച്ചു, സ്വർണമാല കവർന്നു; പ്രതി പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios