ഹൊസൂരില്‍ മലയാളികള്‍ നേരിടുന്ന ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു
കണ്ണൂർ: 25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. കണ്ണൂരിലേക്കുള്ള കെ എസ് ആർ ടി സി സൂപ്പർ ഫാസറ്റ് ബസിൻ്റെ ഫ്ലാഗ് ഓഫ് ഹൊസുരിലെ മലയാളികളുടെ സംഘടനയായ കൈരളി സമാജം പ്രവർത്തകർ ചേർന്ന് നിർവഹിച്ചു. എ.എ. റഹീം എംപിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഹൊസൂരില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമായത്. ഹൊസൂരില്‍ മലയാളികള്‍ നേരിടുന്ന ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. നൂറുകണക്കിന് മലയാളികളാണ് ഫ്ലാഗ്ഓഫിൽ പങ്കെടുക്കാനായി എത്തിയത് ഡിവൈഎഫ്‌ഐ തമിഴ്‌നാട് ഘടകത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എ.എ. റഹീം എംപിയോട് മലയാളി സംഘടനാ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചിരുന്നു.
നിലവിൽ ആരംഭിച്ചത് വാരാന്ത്യ സർവ്വീസ്
തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ഡോ. പ്രമോജ് ശങ്കറുമായി എ.എ. റഹീം നടത്തിയ ചര്‍ച്ചയിലാണ് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഹൊസൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി വാരാന്ത്യ സര്‍വ്വീസാണ് ഇപ്പോൾ ആരഭിച്ചത്. സര്‍വ്വീസ് വിജയകരമായാല്‍ തൃശൂരും തിരുവനന്തപുരവും അടക്കം കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധ്യത തേടുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ബെംഗളൂരുവില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് ഹൊസുര്‍ നഗരത്തിന് പുറത്ത് ഫ്‌ളൈ ഓവറിന് സമീപം സ്റ്റോപ്പും ഫെയര്‍ സ്റ്റേജും പുതിയതായി അനുവദിച്ചിട്ടുണ്ട് . ഹൊസൂരിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പുതിയ സംവിധാനം വലിയ സഹായമാകുമെന്നാണ് വിലയിരുത്തുന്നത്. ദീർഘകാലമായി ഉന്നയിച്ച ആവശ്യം നടപ്പായത്തിൽ സന്തോഷമുണ്ടെന്ന് ഹൊസുരിലെ കൈരളി സമാജം ഭാരവാഹികൾ പ്രതികരിക്കുന്നത്.


