നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണ കേന്ദ്രം വ്യക്തമാക്കി.

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. വലിച്ചെറിയല്‍ വിരുദ്ധ ക്യാംപെയ്‌നിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 2500 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടിയത്. അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറേറ്റും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിത്തെടുത്തത്.

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണ കേന്ദ്രം വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ഇതുവരെ 189 ഇടങ്ങളില്‍ സമാനമായ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍ അറിയിച്ചു. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ പൂജ ലാല്‍, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ലീഡര്‍ ഷീബ, കോര്‍പറേഷന്‍ ആരോഗ്യ സൂപ്പര്‍വൈസര്‍ ജീവരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുബൈര്‍, ബിജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Read More : സെൻട്രൽ സ്റ്റേഡിയത്തിന് മുന്നിലൊരു 'മോഹിനി', ആരും നോക്കും! ശ്രദ്ധേയമായി അജൈവ മാലിന്യം കൊണ്ടുള്ള കലാരൂപം