കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 251 പേര്‍ ഉള്‍പ്പെടെ 7549 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍ ഉള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  കോഴിക്കോട് ജില്ലയില്‍ ഇതുവരെ 27,468 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 25 പേര്‍ ഉള്‍പ്പെടെ 62 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 53 പേര്‍ മെഡിക്കല്‍ കോളേജിലും 9 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്‌ സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 15 പേര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.  

ഇന്ന് 91 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3810 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3754 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3557 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 56 പേരുടെ  ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോള്‍ 25 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില്‍ 13 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 7 പേര്‍  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും  5 പേര്‍  കണ്ണൂരിലും ചികിത്സയിലാണ്.  കൂടാതെ  3 മലപ്പുറം സ്വദേശികളും  2 കാസര്‍കോഡ് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.  ചികില്‍സയിലായിരുന്ന ഒരു കണ്ണൂര്‍ സ്വദേശി ഇന്നലെ  മരിച്ചിരുന്നു. 

ജില്ലയില്‍ ഇന്ന് വന്ന 21 പേര്‍ ഉള്‍പ്പെടെ ആകെ 1083 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്.  ഇതില്‍ 418 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 649 പേര്‍ വീടുകളിലും ആണ്. 16 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 103 പേര്‍ ഗര്‍ഭിണികളാണ്.  ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി.  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.