യുഡിഎഫ് വിട്ട് ആർഎസ്പി എൽഡിഎഫിൽ തിരികെ വരണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. മുന്നണി മാറ്റത്തോടെ ആർഎസ്പിക്ക് ആശയവും അണികളുടെ വിശ്വാസവും നഷ്ടപ്പെട്ടെന്നും, അതൃപ്തരായവരെ ഒരുമിപ്പിച്ച് ഇടതുമുന്നണിയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലം: യുഡിഎഫ് വിട്ട് ആർഎസ്പി എൽഡിഎഫിൽ തിരികെ വരണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. നാല് പതിറ്റാണ്ടിലേറെ ആർഎസ്പി ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ഇടത്പക്ഷ ബദൽ എന്ന ആശയം കൊണ്ടുവന്നതും ആർഎസ്പിയാണ്. ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് ചേക്കേറിയതോടെ ആർഎസ്പിയുടെ ആശയവും പാർട്ടിയിലുള്ള അണികളുടെ വിശ്വാസവും നഷ്ടപ്പെട്ടു. ആ വിശ്വാസം വീണ്ടെടുക്കണം എന്നാണ് തന്നെപ്പോലെയുള്ള എളിയ പാർട്ടിപ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനായി യുഡിഎഫ് വിട്ട് ആർഎസ്പി എൽഡിഎഫിൽ തിരികെ വരണം. യുഡിഎഫിൽ ആർഎസ്പി പ്രവർത്തകരിൽ വലിയൊരു വിഭാഗത്തിനും വിശ്വാസം നഷ്ടപ്പെട്ടു. നല്ല കൂട്ടായ്മയും സ്നേഹവും ഐക്യബന്ധവും ഉണ്ടായിരുന്ന ആർഎസ്പിയുടെ എല്ലാ ഗുണങ്ങളും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. പാർട്ടിയുടെ ഇത്തരത്തിലുള്ള പോക്കിൽ മനം മടുത്താണ് കേന്ദ്ര കമ്മിറ്റി അംഗമായ ഇല്ലിക്കൽ അഗസ്റ്റി പോലും ഇപ്പോൾ പാർട്ടി വിട്ടത്. ആർഎസ്പി ലെഫ്റ്റ്, ആർഎസ്പി ലെനിസ്റ്റുമായി ലയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇങ്ങനെ അതൃപ്തരായവരെയും പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ മനം മടുത്ത ആളുകളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനാണ് തീരുമാനം. ആർഎസ്പിയെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ശക്തിപ്പെടുത്തുവാനാണ് ലക്ഷ്യം. യുഡിഎഫിന്റെ ചാക്കിട്ടുപിടുത്തത്തിൽ ആർഎസ്പി ലെനിനിസ്റ്റ് വീണുപോകില്ലെന്നും കോവൂർ കുഞ്ഞുമോൻ വ്യക്തമാക്കി.

വലതുപക്ഷത്ത് തുടരുന്ന ആർഎസ്പിയിൽ കൂട്ടായ്മയും സ്നേഹവും നഷ്ടപ്പെട്ടു. ആർഎസ്പിയിൽ ഭിന്നിച്ച് നിൽക്കുന്നവരെ കൂടെ കൂട്ടി ആർഎസ്പി ലെനിനിസ്റ്റ് ശക്തിപ്പെടുത്തും. ഇടത് മുന്നണി ഉണ്ടെങ്കിലെ വികസനം സാധ്യമാകു എന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.