ശരൺ മോഹനെ എക്സൈസ് കണ്ടെത്തുമ്പോൾ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ശരൺ മോഹന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് 4.048 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

കൊല്ലം: കൊല്ലത്ത് ബൈക്കപകടത്തിൽപ്പെട്ട യുവാവിന്റെ ബാഗിൽ നിന്നും 4 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വടക്കേവിള പട്ടത്താനം സ്വദേശി ശരൺ മോഹൻ(26 ) എന്നയാളെ അറസ്റ്റ് ചെയ്തു. പുന്നമൂട് ജംഗ്ഷനിൽ ഉള്ള ബസ് സ്റ്റോപ്പിന്റെ സമീപത്തു നിന്നും ശരൺ മോഹനെ എക്സൈസ് കണ്ടെത്തുമ്പോൾ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ശരൺ മോഹന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് 4.048 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

ഉടൻ തന്നെ പരിക്കേറ്റ ശരൺ മോഹനനെ സമീപത്തുള്ള ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി എത്തിക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എക്സൈസ് സംഘം കൊണ്ടുപോവുകയും ചെയ്തു. കൊല്ലത്ത് ചില്ലറ വിൽപ്പനയ്ക്കായി ബുള്ളറ്റിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കുന്നത്തൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സൂര്യ.എസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സജീവ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സന്തോഷ്, അജയൻ, സിവിൽ എക്സൈസ് ഓഫീസർ സുധീഷ് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് കേസ് കണ്ടെടുത്തത്.

അതിനിടെ കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലും സ്കൂട്ടറിലുമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച 95 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം സ്വദേശി ശ്രീരാജ് (39 വയസ്) ആണ് പിടിയിലായത്. ഡ്രൈ ഡേകൾ ലക്ഷ്യം വച്ച് വൻതോതിൽ മദ്യം ശേഖരിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണ് പ്രതി. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) കെ.ജി.രഘുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അഭിലാഷ്.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, ഹരിപ്രസാദ്, ഗോപകുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.