മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ നിന്ന് ശേഖരിച്ച 2500 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് 27 അടി നീളമുള്ള ഒരു ചുണ്ടൻ വള്ളത്തിന്റെ മാതൃക നിർമ്മിച്ച് കുന്നംകുളം നഗരസഭ. ആര്‍ട്ടിസ്റ്റ് സണ്ണിയാണ് നഗരസഭയ്ക്ക് വേണ്ടി ഇത് തയ്യാറാക്കിയത്.
തൃശൂർ: കുന്നംകുളം നഗരസഭയുടെ മാലിന്യ സംസ്ക്കരണ കേന്ദ്രമായ കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്കിലെ മാലിന്യത്തില്‍ നിന്ന് വേര്‍തിരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് തയ്യാറാക്കിയ ചുണ്ടന്‍ വള്ളത്തിന്റെ മാതൃക ശ്രദ്ധേയമാകുന്നു. കാണിപ്പയ്യൂര്‍ ഓപ്പണ്‍ജിം പരിസരത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 27 അടി നീളത്തിലുള്ള ചുണ്ടന്‍ വള്ളമുണ്ടാക്കാന്‍ 2500 കുപ്പികളാണ് ഉപയോഗിച്ചത്. പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യത കണ്ടെത്തിയാണ് കുപ്പികള്‍ കൊണ്ട് ചുണ്ടന്‍ വള്ളം നിര്‍മ്മിച്ചത്. ആര്‍ട്ടിസ്റ്റ് സണ്ണിയാണ് നഗരസഭയ്ക്ക് വേണ്ടി ഇത് തയ്യാറാക്കിയത്. മൂന്ന് ദിവസത്തെ പ്രയത്നമാണ് ഇതിനു പിന്നിലുള്ളത്.
കുപ്പികള്‍ ചെറിയ കമ്പികള്‍ കൊണ്ട് കെട്ടി ആകൃതിയിലാക്കിയാണ് നിര്‍മ്മിതി ഉണ്ടാക്കിയിട്ടുള്ളത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ഡോള്‍ഫിനും ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ്. നഗരസഭ സ്വച്ഛ് സര്‍വേക്ഷണ്‍ 2025 പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇത് തയ്യാറാക്കിയിട്ടുള്ളത്. കാണിപ്പയ്യൂര്‍ ഇലക്ട്രിക് ചാര്‍ജിങ്ങ് സ്റ്റേഷനു സമീപം നഗരസഭയുടെ സ്ഥലത്തെ ബഥനി പാര്‍ക്കിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഓപ്പണ്‍ ജിം കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്.


