Asianet News MalayalamAsianet News Malayalam

കൊവിഡിനെതിരെ കർമ്മനിരതരായി 108 ആംബുലൻസിലെ 282 നഴ്സുമാരുടെ പോരാട്ടം

നാടിന്റെ നന്മക്കായി ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് പൊരുതുന്ന ഇവർക്ക് നല്ലനുഭവങ്ങളും ചില മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ട്രിപ്പ് കഴിഞ്ഞുവരുന്ന വഴിയിൽ ഭക്ഷണം പാഴ്‌സൽ വാങ്ങാൻ ഹോട്ടലിൽ ഇറങ്ങിയ ഇവർക്ക് ഭയന്ന് ഭക്ഷണം നിരസിച്ച സംഭവങ്ങളും ഒറ്റപ്പെടുത്തി നിറുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

282 nurses are involved in the covid 19 activities
Author
Thiruvananthapuram, First Published May 12, 2020, 6:03 PM IST

തിരുവനന്തപുരം: കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ്മനിരതരായി സംസ്ഥാനത്തെ 108 ആംബുലൻസ്‌ സർവീസിലെ മാലാഖമാർ. വീട്ടുകാരെ വിട്ട് വിവിധ ജില്ലകളിൽ കൊവിഡ്‌ പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത് 282 നഴ്സുമാരാണ്. ഇതിൽ 81പേർ വനിതകളാണ്. 

എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിൽ ജോലി ചെയ്യുന്ന ഇവരിൽ പലരും ഒരു മാസത്തിലേറെയായി വീടുകളിൽ നിന്ന് മാറി നിന്ന് ജോലി ചെയ്യുന്നവരാണ്. സാധാരണ അത്യാഹിത കേസുകളിൽ നിന്ന് വ്യത്യസ്തമായൊരു അനുഭവം ആണ് ഇവർക്ക് ഓരോരുത്തർക്കും കൊവിഡ്‌ 19 പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്നത്.  രോഗ ബാധിതരെയും രോഗബാധ സംശയിക്കുന്നവരെയും ആശുപത്രിയിലേക്കും, ടെസ്റ്റുകൾക്കും, ക്വാറന്റൈൻ സെന്ററുകളിലേക്കും കൊണ്ടു പോകാനായാണ് 108 ആംബുലൻസുകൾ വിന്യസിച്ചിരിക്കുന്നത്. 

ഇത്തരക്കാരുമായി അടുത്ത് ഇടപഴകുന്നതിനാൽ സമൂഹത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. അതിനാൽ ഡ്യൂട്ടിയിൽ കയറിയാൽ പിന്നെ ഇവർക്ക് ഡ്യൂട്ടി കഴിഞ്ഞിറങ്ങി ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മാത്രമേ സ്വന്തം കുടുംബത്തോട് അടുത്തിടപഴകാൻ കഴിയൂ. എന്നാൽ, ക്വാറന്റൈൻ പൂർത്തിയാകുമ്പോഴേക്കും അടുത്ത് വീണ്ടും ഡ്യൂട്ടിയിൽ കയറേണ്ട സമയമാകും. ഡ്യൂട്ടിക്കിടയിൽ കിട്ടുന്ന ഒഴിവുവേളകളിൽ വീഡിയോ കോളിലൂടെ മാത്രമാണ് ഇവർക്ക് സ്വന്തം മക്കളെ കാണാൻ കഴിയുന്നത്. 

നാടിന്റെ നന്മക്കായി ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് പൊരുതുന്ന ഇവർക്ക് നല്ലനുഭവങ്ങളും ചില മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ട്രിപ്പ് കഴിഞ്ഞുവരുന്ന വഴിയിൽ ഭക്ഷണം പാഴ്‌സൽ വാങ്ങാൻ ഹോട്ടലിൽ ഇറങ്ങിയ ഇവർക്ക് ഭയന്ന് ഭക്ഷണം നിരസിച്ച സംഭവങ്ങളും ഒറ്റപ്പെടുത്തി നിറുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, വെള്ളം കുടിക്കാൻ കടയിൽ ഇറങ്ങിയ ഇവർക്ക് സൗജന്യമായി ഭക്ഷണം നൽകിയവരും ഉണ്ട്. 

തിരുവനന്തപുരം ഉൾപ്പടെ പല ജില്ലകളിലും കൊവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 108 ആംബുലൻസ് ജീവനകാർക്ക് ധരിക്കാൻ പി.പി.ഇ കിറ്റുകൾ നൽകുന്നുണ്ടെങ്കിലും മലപ്പുറം, എറണാകുളം പോലുള്ള മറ്റ് ചില ജില്ലകളിൽ ഐസൊലേഷനിൽ കഴിയുന്നവരെ പോലും മാറ്റാൻ സാധാരണ മാസ്കും കൈയുറകളും മാത്രമാണ് ഇവർക്ക്  സുരക്ഷയുടെ ഭാഗമായി നൽകുന്നത്. അതാത് ജില്ലകളിലെ ആരോഗ്യവകുപ്പിന്റെ കൊവിഡ്‌ 19 സെല്ലുകളാണ് ആംബുലൻസ്‌ ജീവനകാർക്ക് പി.പി.ഇ കിറ്റുകൾ ലഭ്യമാക്കേണ്ടത്. ‌

പോസിറ്റീവ് കേസ് അല്ലാത്തതിനാലാണ് പി.പി.ഇ കിറ്റുകൾ നൽകാത്തതെന്നാണ് അധികൃതർ പറയുന്ന മറുപടി. ഇത്തരത്തിൽ സുരക്ഷാ കിറ്റുകൾ ഇല്ലാതെ അതീവ അപകടകരമായ നിലയിൽ ജോലിയെടുക്കുമ്പോഴും നാടിന്റെ നന്മക്കായി പൊരുതുകയാണ് ഇവർ. ഇതിനിടയിൽ തങ്ങളുടെ മറ്റ് വിഷമങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കി നിറുത്തുന്നുവെന്നും ഇവർ ഒറ്റക്കെട്ടായി പറയുന്നു. 

ജനുവരി 28 മുതലാണ് കൊവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് 108 ആംബുലൻസുകൾ വിന്യസിച്ചു തുടങ്ങിയത്. നിലവിൽ 175 ആംബുലൻസുകൾ കൊവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ഇതുവരെ 19,000 ആളുകളെ കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 108 ആംബുലൻസുകളുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം മാറ്റിയിട്ടുണ്ട്. തൃശൂരിൽ ആംബുലൻസ്‌ അപകടത്തിൽപ്പെട്ട് മരിച്ച തങ്ങളുടെ സഹപ്രവർത്തകയും നഴ്സുമായ ഡോണ വർഗീസിന് വേണ്ടിയാണ് ഈ നഴ്‌സ് ദിനം ഇവർ സമർപ്പിക്കുന്നത്.  

Follow Us:
Download App:
  • android
  • ios