വിഴിഞ്ഞത്ത് കടലിൽ തിരയടിയിൽപ്പെട്ട് കാണാതായ ഹോമിയോ ഡോക്ടർ ശ്രീജിത്തിനായി അഞ്ച് ദിവസമായിട്ടും തെരച്ചിൽ തുടരുകയാണ്. സുഹൃത്തുക്കൾക്കൊപ്പം തീരത്തെത്തിയപ്പോൾ ശക്തമായ തിരയടിയിൽപ്പെട്ട് ഡോക്ടറെ കാണാതാവുകയായിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞത്ത് തിരയടിയിൽപ്പെട്ട് കടലിൽ കാണാതായ ഹോമിയോ ഡോക്ടറെ അഞ്ച് ദിവസത്തെ തെരച്ചിലിലും കണ്ടെത്താനായില്ല. വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്‌റ്റ് കേന്ദ്രത്തിനു സമീപം തീരദേശ പൊലീസ്,മറൈൻ എൻഫോഴ്സസ്മെന്‍റ് എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. 22ന് പുലർച്ചെ 4.30 ഓടെ വിഴിഞ്ഞം ബൊള്ളാർഡ് പൂൾ ടെസ്‌റ്റ് കേന്ദ്രത്തിനു സമീപമുണ്ടായ അപകടത്തിൽ വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് ആറാട്ടുതറയിൽ നന്ദനത്തിൽ ശ്രീജിത്തി(29)നെയാണ് കാണാതായത്. ഒപ്പം തിരയടിയേറ്റു വീണ നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളെജ് വിദ്യാർഥി ആലപ്പുഴ സ്വദേശി എച്ച്.എൻ.വിജയ് (24) രക്ഷപ്പെട്ടിരുന്നു.
പ്രാവച്ചമ്പലം അരിക്കടമുക്കിലുള്ള സുഹൃത്ത് ഗോകുലിന്‍റെ വിവാഹത്തിൽ സംബന്ധിക്കാനായി 21ന് എത്തിയതായിരുന്നു ശ്രീജിത്ത്. ശ്രീജിത്തും കോളെജ് ഹോസ്‌റ്റലിലെ ജൂനിയർ വിദ്യാർഥികളുൾപ്പെട്ട എട്ട് അംഗ സംഘവുമായി തിങ്കളാഴ്ച രാവിലെ കാറിൽ വിഴിഞ്ഞത്തെ ബൊള്ളാർഡ് പുൾ ടെസ്‌റ്റ് കേന്ദ്രത്തിനു സമീപമെത്തിയത്. സംഘത്തിലൊരാൾ കാറിലിരുന്നു. മറ്റുള്ളവർ കോൺക്രീറ്റ് കൈവരികളിലും ഇരുന്നു. ഇതിനിടെ ശ്രീജിത്തും വിജയ്‌യും താഴത്തെപാറക്കെട്ടിലേക്ക് ഇറങ്ങി. ഇതിനിടെ ശക്‌തമായ തിരയടിച്ചതോടെ രണ്ടു പേരും വീഴുകയായിരുന്നു. വിജയ് രക്ഷപെട്ടെങ്കിലും ശ്രീജിത്തിനെ കാണാതായി.
ഉടൻ തന്നെ തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സസ്മെന്‍റ് എന്നിവരും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തി. ഇന്നലെയും തിരച്ചിൽ തുടർന്നെങ്കിലും ശ്രീജിത്തിന്‍റെ വിവരമൊന്നുമുണ്ടായില്ല. അതേസമയം, യുവാവിനെ കാണാതായതിന് പിന്നാലെ തീരത്ത് അപകട സാധ്യത മുന്നറിയിപ്പ് ബോർഡും സ്‌ഥാപിച്ചു.വിഴിഞ്ഞം തീരദേശ പൊലീസിന്‍റെ ആവശ്യപ്രകാരം വിഴിഞ്ഞം ഹാർബർ എൻജിനിയറിങ് വകുപ്പാണ് ഇന്നലെ ബോർഡ് സ്‌ഥാപിച്ചത്.


